കുടുംബശ്രീ വാര്‍ഷികാഘോഷത്തിന് നാളെ തുടക്കമാകും

Posted on: May 9, 2013 6:00 am | Last updated: May 9, 2013 at 1:08 am
SHARE

കോഴിക്കോട്: കുടുംബശ്രീ 15 -ാം വാര്‍ഷികവും ഭക്ഷ്യവിപണനമേളയും മെയ് പത്ത് മുതല്‍ 19 വരെ കോഴിക്കോട് സ്വപ്‌നനഗരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ ജില്ലകളിലെ രുചിഭേദങ്ങള്‍ പരിചയപ്പെടുത്തുന്ന കഫേ കുടുംബശ്രീ ഭക്ഷ്യമേളയായിരിക്കും പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ മികച്ച ബ്രാന്‍ഡിംഗ്, പാക്കിംഗ്, ലേബലിംഗ് എന്നിവയോടു കൂടി മേളയിലെത്തും. അതിക്രമങ്ങള്‍ക്കെതിരെ ബാലസഭാ കുട്ടികള്‍ ഒരുക്കുന്ന നിര്‍ഭയ ക്യാന്‍വാസ്, സംസ്ഥാന തല നാടകോത്സവം, പ്രമുഖ വനിതാ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരം എന്നിവ നടക്കും. എല്ലാ ദിവസവും വിവിധ ജില്ലകളില്‍ നിന്നുള്ള കലാരൂപങ്ങള്‍ അരങ്ങേറും. അടുത്ത ഒരു വര്‍ഷത്തെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കുള്ള ശില്‍പ്പശാല 17,18,19 തീയതികളിലായി മീഞ്ചന്ത ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വിപണന മേളയുടെ ഉദ്ഘാടനം 11 ന് രാവിലെ പത്തിന് മന്ത്രി ഡോ.എം കെ മുനീര്‍ നിര്‍വഹിക്കും. കുടുംബശ്രീ സംസ്ഥാന കലോത്സവം 12 ന് വൈകീട്ട് ആറിന് മന്ത്രി പി കെ ജയലക്ഷ്മിയും 14 ന് രാവിലെ ഒമ്പതിന് നടക്കുന്ന വടംവലി മത്സരം നടന്‍ സുരേഷ് ഗോപിയും ഉദ്ഘാടനം ചെയ്യും. 15 ന് രാവിലെ പത്ത് മുതല്‍ നടക്കുന്ന ജില്ലാ തല നാടകോത്സവം നടന്‍ മാമുക്കോയ ഉദ്ഘാടനം ചെയ്യും.16 ന് സമ്പൂര്‍ണ അയല്‍ക്കൂട്ട പ്രവേശനത്തിന്റെ ജില്ലാ തല പ്രഖ്യാപനം മന്ത്രി ഡോ. എം കെ മുനീര്‍ നിര്‍വഹിക്കും.17 ന് സംസ്ഥാന നാടകോത്സവം നടക്കും.19 ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.