പരിസ്ഥിതി സംവേദക മേഖല: എം എല്‍ എമാരുടെ റിപ്പോര്‍ട്ട് മന്ത്രിസഭ തള്ളി

Posted on: May 9, 2013 6:00 am | Last updated: May 9, 2013 at 12:46 am
SHARE

തിരുവനന്തപുരം: വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകള്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച എം എല്‍ എമാരുടെ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം തള്ളി. പരിസ്ഥിതി സംവേദക മേഖലയാക്കണമെന്ന് നിര്‍ദേശിച്ച സ്ഥലങ്ങളിലെല്ലാം നിലവിലുള്ള അതേ സാഹചര്യം തുടരണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാനാണ് തീരുമാനം. സംസ്ഥാനത്തെ 22 കേന്ദ്രങ്ങളെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സംവേദക മേഖലകളായി പ്രഖ്യാപിക്കണമെന്നായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം. ജനവാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവിടങ്ങളിലൊന്നും ഇത് സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാറിനെ അറിയിക്കും. സുപ്രീം കോടതി മാര്‍ഗ നിര്‍ദേശവും സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകളും അവഗണിച്ചാണ് ഈ തീരുമാനം.
സംസ്ഥാനത്തെ ജനവാസ മേഖലകളിലേക്ക് പരിസ്ഥിതി ലോല മേഖല വ്യാപിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ജനവാസ മേഖലകളില്‍ ഇന്നുള്ള അതിര്‍ത്തി വെച്ച് പരിസ്ഥിതി ലോല മേഖല നിര്‍ണയിക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.
വന്യമൃഗ സങ്കേതങ്ങള്‍ക്കു ചുറ്റും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങളെ തടയുകയാണ് പരിസ്ഥിതി സംവേദക മേഖലാ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. നിയമം പ്രാബല്യത്തില്‍ വന്ന് വര്‍ഷങ്ങളായിട്ടും ഇതിന് നടപടികളില്ലാത്തതിനെ തുടര്‍ന്ന് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം 15ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഇതിനായി കെ ബി ഗണേഷ് കുമാര്‍ വനം മന്ത്രിയായിരിക്കെയാണ് എം എല്‍ എമാരടങ്ങിയ സമിതിയെ നിയോഗിച്ചത്. വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, എന്‍ ഷംസുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സമിതി. ജനവാസ കേന്ദ്രങ്ങളെ ബാധിക്കാത്ത വിധം 100 മീറ്റര്‍ മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ ചുറ്റളവില്‍ പരിസ്തിഥി ലോല പ്രദേശമാക്കണമെന്നായിരുന്നു സമിതിയുടെ മുഖ്യ നിര്‍ദേശം. നെല്ലിയാമ്പതിയിലെ വിവാദ എസ്റ്റേറ്റുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
പാരിസ്ഥിതിക സംരക്ഷണ നിയമത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളാതെയാണ് മന്ത്രിസഭാ തീരുമാനമെന്ന വിമര്‍ശമുയര്‍ന്നിട്ടുണ്ട്. വന്യജീവി സങ്കേതങ്ങള്‍ക്ക് തൊട്ടു പുറത്തുള്ള മേഖലകളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക മാത്രമാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്നിരിക്കെ ജനജീവിതത്തെ ഇത് ഒട്ടും ബാധിക്കില്ല. വാണിജ്യാവശ്യത്തിനുള്ള ഖനനം, പരിസര മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, ശബ്ദമലിനീകരണ പ്രവര്‍ത്തനങ്ങള്‍, തടിമില്ലുകള്‍, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, ചെറു വിമാനങ്ങള്‍, ഹെലികോപ്റ്റര്‍, ബലൂണുകള്‍ എന്നിവ ഉപയോഗിച്ച് വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും മീതെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ എന്നിവക്കാണ് പ്രധാനമായും നിയന്ത്രണം വരിക.
എന്നാല്‍, ജനവാസ മേഖലയോട് ചേര്‍ന്നു കിടക്കുന്ന വനഭൂമിയില്‍ ഇനി കൈയേറ്റം ഉണ്ടാകില്ലെന്നും സംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സംരക്ഷണം സംസ്ഥാനം പൂര്‍ണമായി അംഗീകരിക്കുന്നു. എന്നാല്‍ ഓരോ പ്രദേശത്തിന്റെയും യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുവേണം ബഫര്‍ സോണ്‍ പ്രഖ്യാപിക്കാനെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.