സര്‍വകലാശാലകളിലെ അധ്യാപകേതര നിയമനങ്ങള്‍ പി എസ് സിക്ക്

Posted on: May 9, 2013 6:00 am | Last updated: May 9, 2013 at 12:43 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും അധ്യാപകേതര നിയമനങ്ങള്‍ പി എസ് സിക്ക് വിടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ നിയമ നിര്‍മാണം ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേരള, എം ജി, കൊച്ചിന്‍, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് പുറമെ വെറ്ററിനറി, ആരോഗ്യ, ഫിഷറീസ്, മലയാളം, സംസ്‌കൃതം, നിയമം സര്‍വകലാശാലകളിലെയും അധ്യാപകേതര നിയമനങ്ങള്‍ പി എസ് സി വഴിയാകും.

സര്‍വകലാശാലാ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, എല്‍ ഡി ടൈപ്പിസ്റ്റ്, ലാബ് അസിസ്റ്റന്റ് തുടങ്ങി നേരിട്ടു നിയമനം നടത്തുന്ന മിനിസ്റ്റീരിയല്‍ തസ്തികകളാണ് പി എസ് സിക്ക് വിടുന്നത്. ഇതുവരെ സര്‍വകലാശാലകള്‍ നേരിട്ടാണ് നിയമനം നടത്തിയിരുന്നത്.
സര്‍വകലാശാലകളിലെ അധ്യാപകേതര ജീവനക്കാരുടെ നിയമനം പി എസ് സിക്ക് വിടാന്‍ നേരത്തെ തന്നെ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും എല്ലാ സര്‍വകലാശാലകളുടെയും വൈസ് ചാന്‍സിലര്‍മാരുടെയും രജിസ്ട്രാര്‍മാരുടെയും യോഗം വിളിച്ചിരുന്നു. ഏതൊക്കെ തസ്തികളിലെ നിയമനം പി എസ് സിക്ക് വിടണമെന്നു ചൂണ്ടിക്കാട്ടി വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ ഇവരോട് ആവശ്യപ്പെട്ടു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ അംഗീകരിച്ചു കൊണ്ടാണ് മന്ത്രിസഭാ തീരുമാനം.
എന്നാല്‍, അധ്യാപക നിയമനങ്ങള്‍ സര്‍വകലാശാലകള്‍ ഇപ്പോള്‍ നടത്തുന്നതു പോലെ നേരിട്ടു നടത്തും. കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേട് വിവാദമാകുകയും ലിസ്റ്റ് റദ്ദാക്കാന്‍ ലോകായുക്ത ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിയമനങ്ങള്‍ പി എസ് സിക്ക് കൈമാറുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചത്. അതേസമയം, സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള എയ്ഡഡ് കോളജുകളിലെ അധ്യാപകേതര നിയമനങ്ങളുടെ ഇപ്പോഴുള്ള രീതിയില്‍ മാറ്റമുണ്ടാകില്ല.
എല്ലാ ജില്ലകളിലെയും ഓരോ മേജര്‍ സബ് ജയിലുകളെ സ്‌പെഷ്യല്‍ സബ്ജയിലുകളായി ഉയര്‍ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ചു 10 മേജര്‍ സബ് ജയിലുകള്‍ സ്‌പെഷ്യല്‍ സബ് ജയിലുകളായി മാറും. സംസ്ഥാനത്തെ അഞ്ച് സബ് ജയിലുകളെ ജില്ലാ ജയിലുകളായി ഉയര്‍ത്തും. ആലപ്പുഴ, കോട്ടയം, മാനന്തവാടി, പത്തനംതിട്ട, ഹോസ്ദുര്‍ഗ് സബ് ജയിലുകളെയാണ് ജില്ലാ ജയിലുകളായി ഉയര്‍ത്തുക.
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷനില്‍ നാലും കടുത്തുരുത്തി പോളിടെക്‌നിക്കില്‍ പത്തും തസ്തികകള്‍ പുതുതായി അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറാണ് വിമാനത്താവളത്തിന് അംഗീകാരം നല്‍കിയത്. അവിടെ വിമാനത്താവളം വേണമെന്ന് നിലപാടുള്ളതിനാല്‍ അതനുസരിച്ചു മുന്നോട്ടുപോകും. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള മിച്ചഭൂമി പ്രശ്‌നം സാങ്കേതികം മാത്രമാണ്. അത് പരിഹരിക്കും. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ചതിനെക്കുറിച്ച് അറിയില്ല. ഏകപക്ഷീയമായി ഫീസ് വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല.
സംസ്ഥാനത്തെ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥ രാഷ്ട്രീയക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും വിമര്‍ശിച്ചു കവിത എഴുതിയ സംഭവത്തില്‍ നടപടിക്രമങ്ങള്‍ അതിന്റെ വഴിക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here