ഷൊര്‍ണൂര്‍ നഗരസഭയില്‍ എം ആര്‍ മുരളിക്ക് നല്‍കിയ പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുന്നു

Posted on: May 9, 2013 6:00 am | Last updated: May 9, 2013 at 12:39 am
SHARE

പാലക്കാട്: നഗരസഭ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന അന്ത്യശാസന കാലവധി കഴിഞ്ഞതോടെ ഷൊര്‍ണൂര്‍ നഗരസഭയില്‍ എം ആര്‍ മുരളിക്ക് നല്‍കിയ പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുന്നു. ഇത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. പിന്‍വലിക്കുന്നതിന് പുറമെ നഗരസഭയില്‍ കോണ്‍ഗ്രസിന് ലഭിച്ച നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജിവെക്കും.
ജനകീയ വികസന സമിതിയുമായി കോണ്‍ഗ്രസ് അധികാരം പങ്കിടുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് നല്‍കണമെന്ന ധാരയണയുണ്ടാക്കിയിരുന്നു. ആ കാലാവധി മെയ് പത്തിന് അവസാനിക്കും. ഇത്തരമൊരു സഹാചര്യത്തില്‍ കോണ്‍ഗ്രസ് എം ആര്‍ മുരളിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആവശ്യം എം ആര്‍ മുരളി നിഷേധിച്ചതോടെയാണ് പിന്തുണ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസുമായുള്ള രണ്ടരവര്‍ഷത്തെ ധാരണ പാലിക്കാന്‍ മുരളി തയ്യാറാവണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മെയ് പത്തിനകം നഗരസഭാ ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് കൈമാറണമെന്നാണ് കെ പി സി സി പ്രസിഡന്റ് പറഞ്ഞത്.—ഇതിന് പുറമെ ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ മുരളിയോട് എട്ടിനകം രാജിവെക്കണമെന്നാവശ്യവും ഉന്നയിച്ചിരുന്നു. എന്നാല്‍ നഗരസഭാ തിരഞ്ഞെടുപ്പിനുശേഷമുണ്ടായ ധാരണ ഒരുവര്‍ഷം മുമ്പുതന്നെ കോണ്‍ഗ്രസ് ലംഘിച്ചെന്ന മറുപടിയാണ് എം ആര്‍ മുരളി പറഞ്ഞത്. കോണ്‍ഗ്രസ്സസിന്റെ ആവശ്യപ്രകാരം ചെയര്‍മാന്‍ സ്ഥാനമൊഴിയാന്‍ തയ്യാറല്ലെന്ന് കഴിഞ്ഞദിവസവും എം ആര്‍ മുരളി ആവര്‍ത്തിച്ചു. പിന്‍തുണ പിന്‍വലിക്കുന്നതിന് പുറമെ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ടി സീന, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി മുഹമ്മദ്, ടി കെ ഹമീദ്, കെ കൃഷ്ണകുമാര്‍ എന്നിവര്‍ രാജിവെക്കുന്ന പ്രഖ്യാപനവും ഇന്ന് നടക്കും.
ഇതിനിടെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ച് അവിശ്വാസം കൊണ്ടുവന്നാലും വിജയിക്കില്ലെന്ന് ഉറപ്പായി. ഷൊര്‍ണൂര്‍ നഗരസഭാ ‘ഭരണവിഷയത്തില്‍ തത്കാലം ഇടപെടേണ്ടതില്ലെന്ന സി പി എം നിലപാടാണ് എം ആര്‍ മുരളിക്ക് തുണയാവുന്നത്. സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് മുരളിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കേണ്ടെന്നും സി പി എം തീരുമാനിച്ചിട്ടുണ്ട്.എം ആര്‍ മുരളിവിഭാഗവും സി പി എമ്മും തമ്മില്‍ ധാരണ ഉരുത്തിരിയുന്നതോടെ സി പി എമ്മിന് സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ പ്രധാന സ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. എം ആര്‍ മുരളി നേതൃത്വം നല്‍കുന്ന ജനകീയ വികസന സമിതിക്ക് എട്ട് അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്സിനും എട്ട് കൗണ്‍സിലര്‍മാരുടെ പിന്തുണയുണ്ട്.—സി പി എമ്മിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ എം ആര്‍ മുരളിക്ക് സി പി എം പിന്തുണ നല്‍കാനുള്ള തീരുമാനത്തെ രാഷ്ട്രീയമായി നേരിടാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മുരളിയെ സി പി എമ്മും സി പി എമ്മിനെ മുരളിയും ശക്തമായി എതിര്‍ത്തും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും ഇത് വരെ ചെളി വാരിയെറിഞ്ഞ ഇരുകൂട്ടരും ഇപ്പോള്‍ ഭരണത്തിന് വേണ്ടി ഒന്നിക്കുന്നത് ഇരു കൂട്ടരുടെയും പാപ്പാരത്തമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.മുരളിയെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ —സി പി എമ്മിലും എതിര്‍പ്പുകളുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സഹാചര്യത്തില്‍ പാര്‍ട്ടിക്ക് ഗുണകരമാകുന്ന തരത്തിലുള്ള കാര്യങ്ങളില്‍ പിന്തുണക്കാനും നഗരസഭയില്‍ ഭരണത്തില്‍ പങ്കാളികളാവാതെ കോണ്‍ഗ്രസിനെ അധികാരത്തില്‍ വരുന്നത് തടയാനുമുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മുരളിയെ പിന്തുണക്കുന്നതെന്നും പറയുന്നു.