ഗായത്രി പുഴ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടി

Posted on: May 9, 2013 12:38 am | Last updated: May 9, 2013 at 12:38 am
SHARE

ആലത്തൂര്‍: ഗായത്രി പുഴയോരം കൈയേറി കൈവശം വെച്ചിരിക്കുന്നവരെ ഒഴിപ്പിക്കുന്നതിന് നോട്ടീസ് അയക്കാന്‍ തീരുമാനം. ഭൂസംരക്ഷണ നിയമപ്രകാരം അന്‍പതോളം പേര്‍ക്ക് നോട്ടീസ് അയക്കാനാണ് തഹസില്‍ദാര്‍ തീരുമാനിച്ചിട്ടുള്ളത്.
പുഴയോരം വ്യാപകമായി കൈയേറിയെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ അംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. രണ്ടു വര്‍ഷം മുന്‍പ് പ്രത്യേക സര്‍വേ സംഘം നടത്തിയ പരിശോധനയില്‍ ചേരാമംഗലം മുതല്‍ തൃപ്പാളൂര്‍ വരെ കൈയേറ്റം കണ്ടെത്തിയിരുന്നു. ഇവര്‍ക്കാണ് ആദ്യം നോട്ടീസ് അയക്കുന്നത്.—കൂടല്ലൂര്‍ മുതല്‍ തരൂര്‍ പഞ്ചായത്ത് കൂട്ടിലമൊക്ക് വരെയുള്ള താലൂക്ക് പ്രദേശത്തെ പുഴ പുറമ്പോക്ക് കൈയേറിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
പുഴയോരം കൈയേറി കൃഷി ഇറക്കുന്നതും വ്യാപകമാണ്. പുഴ പുറമ്പോക്ക് കൈയേറ്റം സ്ഥിരീകരിക്കുന്നതിന് തൃപ്പാളൂര്‍ മുതല്‍ ചീരത്തടം വരെ സര്‍വേ നടത്തേണ്ടതുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ അനുവദിക്കണമെന്ന് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. നോട്ടീസ് നല്‍കി ഹിയറിഗിന് ശേഷം കൈയേറ്റം ഉണ്ടെങ്കില്‍ അവര്‍ക്ക് പിഴയിടും. അതിനു ശേഷം ഒഴിപ്പിക്കല്‍ നടപടി ആരംഭിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.—
പൊതുമരാമത്ത്, പഞ്ചായത്ത് റോഡ് പുറമ്പോക്കുകള്‍, കനാല്‍ പുറമ്പോക്കുകളിലും കൈയേറ്റം ഉണ്ട്. മുന്‍പ് പുഴ പുറമ്പോക്കുകള്‍ ചിലയിടങ്ങളില്‍ പാട്ടത്തിന് നല്‍കിയിരുന്നു. പാട്ടസംഖ്യ വര്‍ധിച്ചതോടെ പാട്ടത്തിന് എടുത്ത് കൃഷി ചെയ്ത ഭൂമി ഒഴിഞ്ഞു കൊടുക്കാന്‍ ചിലര്‍ തയാറായെങ്കിലും പുറമ്പോക്ക് കൈയേറി കവുങ്ങ്, നെല്ല് എന്നിവ കൃഷി ചെയ്യുന്നുണ്ടെന്നും ആരോപണം ഉണ്ട്. പുഴയില്‍ നിന്ന് മണല്‍ ഊറ്റി എടുത്തതുമൂലം പുഴക്കും രൂപഭേദം സംഭവിച്ചിരിക്കുകയാണ്. നാള്‍ക്കു നാള്‍ പുഴയുടെ വിസ്തൃതിയും കുറഞ്ഞു വരുന്നുണ്ട്.—തരൂര്‍ പഞ്ചായത്ത് മേഖലയില്‍ പുഴ പുറമ്പോക്ക് കൈയേറി വ്യാപകമായി കൃഷി നടത്തുന്നുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.