Connect with us

International

സിറിയയില്‍ സമാധാനത്തിന് സമ്മര്‍ദം ചെലുത്താന്‍ റഷ്യ, യു എസ്

Published

|

Last Updated

ഇസ്‌ലാമാബാദ്: സിറിയയില്‍ സമാധാനത്തിന് സമ്മര്‍ദം ചെലുത്താന്‍ റഷ്യയും യു എസും ധാരണയിലെത്തി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമാണ് സിറിയയെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ തീരുമാനമെടുത്തത്. സാധ്യമാകുകയാണെങ്കില്‍ ഈ മാസം അവസാനം തന്നെ സിറിയയെ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഇരുവരും വ്യക്തമാക്കി. 2012 ലെ ജനീവ സമാധാന സംഭാഷണങ്ങളുടെ തുടര്‍ച്ചയായിരിക്കുമിതെന്ന് ഇരുവരും വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് രാജിവെക്കണമെന്ന് യു എസ് ഉപാധി വെച്ചതോടെ ജനീവ സമാധാന ചര്‍ച്ച നേരത്തെ നിലച്ചിരുന്നു.
യു എസ് സ്റ്റേറ്റ് സെക്രട്ടറിയും റഷ്യന്‍ വിദേശകാര്യ മന്ത്രിയും തമ്മില്‍ നാല്‍പ്പത് മിനുട്ട് നിശ്ചയിച്ച ചര്‍ച്ച രണ്ടര മണിക്കൂര്‍ നീണ്ടു നിന്നു. അതേസമയം സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ യു എസിന് ധാര്‍മിക അവകാശമുണ്ടെന്ന് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി.
സിറിയന്‍ ജനതക്കും അയല്‍ രാജ്യങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന താണ് അവിടത്തെ അസ്ഥിരത. കഴിഞ്ഞ രണ്ട് വര്‍ഷമായി യു എസ് അതിന് പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹെയുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിറിയയുടെ ദേശീയ താത്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുമെന്നും ഒബാമ വ്യക്തമാക്കി.

Latest