Connect with us

Kerala

കര്‍ണാടകയിലെ ഭരണമാറ്റം; പ്രതീക്ഷയോടെ മഅദനിയുടെ കുടുംബം

Published

|

Last Updated

കൊല്ലം: കര്‍ണാടകയില്‍ ബി ജെ പി യെ പിന്തള്ളി കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ മഅ്ദനിയുടെ ജയില്‍മോചന സാധ്യതകള്‍ക്ക് ചിറക് മുളക്കുന്നു. ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ത്ത് ജയിലിലടക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജയില്‍വാസത്തിന് ആഗസ്റ്റില്‍ മൂന്ന് വര്‍ഷം തികയാനിരിക്കെയാണ് പ്രതീക്ഷയുടെ പുതിയ സൂര്യോദയം ഉണ്ടായിരിക്കുന്നത്. മഅ്ദനിയുടെ ഭാര്യ സൂഫിയാ മഅ്ദനിയും മക്കളായ ഉമര്‍ മുക്താറും സലാഹുദ്ദീന്‍ അയ്യൂബിയും കര്‍ണാടകയിലെ ഭരണമാറ്റത്തെ തികഞ്ഞ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ മഅ്ദനിയുടെ മോചന കാര്യത്തില്‍ നീതിയുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വന്നാല്‍ മഅ്ദനിയുടെ മോചന കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. കേന്ദ്രം ഭരിക്കുന്ന യു പി എ സര്‍ക്കാറിന്റെ പിന്തുണയില്‍ കേരള- കര്‍ണാടക സര്‍ക്കാറുകള്‍ കൈകോര്‍ത്താല്‍ ജയില്‍ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മെയ് 13ന് പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിക്കുന്നുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി സംഘം ആശയവിനിമയം നടത്തും. കര്‍ണാടകയിലെ സവര്‍ണ ഫാസിസ്റ്റ് ശക്തികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ഇതില്‍ തങ്ങള്‍ അത്യധികം ആഹ്ലാദിക്കുന്നുവെന്നും പി ഡി പി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പ്രതികരിച്ചു.
മഅ്ദനിയുടെ വിഷയത്തില്‍ കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും ആശയവിനിമയം നടത്തിയിരുന്നു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും കര്‍ണാടകയിലെത്തി ഈ വിഷയത്തില്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുമായി ചര്‍ച്ച നടത്തിയിരുന്നു.
ബംഗളൂരു സ്‌ഫോടന കേസില്‍ 31 -ാം പ്രതിയായി മഅ്ദനിയെ കര്‍ണാടക പോലീസ് അന്‍വാര്‍ശേരിയില്‍ നിന്നും 2010 ആഗസ്ത് 17ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകുകയായിരുന്നു. സുപ്രീം കോടതി മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു അറസ്റ്റ്. കടുത്ത രോഗബാധിതനായി കഴിയുന്ന മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ പോലും കര്‍ണാടകയിലെ ബി ജെ പി ഭരണകൂടം തയ്യാറായിരുന്നില്ല. ഒടുവില്‍ കേരളത്തില്‍ നിന്നുയര്‍ന്ന ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് പേരിനെങ്കിലും ചികിത്സ നല്‍കാന്‍ അധികാരികള്‍ തയ്യാറായത്.

 

Latest