Connect with us

Editors Pick

കര്‍ണാടകയില്‍ നിര്‍ണ്ണായകമായത് മുസ്ലിം വോട്ട്; നിയമസഭയില്‍ 11 പേര്‍

Published

|

Last Updated

ബംഗളുരു : കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായകമായത് ന്യൂനപക്ഷ വോട്ടുകള്‍. ആകെയുള്ള 224 സീററുകളില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ 65 മണ്ഡലങ്ങളില്‍ ഭൂരിഭാഗവും ജയിച്ചുകയറിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ആകെയുള്ള 4.36 കോടി വോട്ടര്‍മാരില്‍ 12.5 ശതമാനം മുസ്‌ലിംകളും രണ്ട് ശതമാനം കൃസ്ത്യാനികളുമാണ്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് ബി ജെ പിയൊഴികെയുള്ള പാര്‍ട്ടികള്‍ കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് 19 പേര്‍ക്ക് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നല്‍കിയപ്പോള്‍ ജനതാദള്‍ എസ് ടിക്കററില്‍ 20 മുസ്‌ലിംകളാണ് ജനവിധി തേടിയത്. സംസ്ഥാനത്ത് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ജനതാദള്‍ എസ് – ബി ജെ പി കൂട്ടുകക്ഷി സര്‍ക്കാരിന് സാധ്യതയുള്ളതായി പ്രചരിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണുണ്ടായത്. ബി ജെ പി ഭരണത്തിലെ ന്യൂനപക്ഷ പീഡനവും കോണ്‍ഗ്രസ് പ്രകടന പത്രികയിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും വോട്ടര്‍മാരെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതായി രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന നിയമസഭയില്‍ കൂടുതല്‍ മുസ്‌ലിം പ്രാതിനിധ്യം ലഭിച്ച തിരഞ്ഞെടുപ്പ് കൂടിയാണിത്. വിധാന്‍ സൗധില്‍ ഇത്തവണ 11 മുസ്‌ലിംപ്രതിനിധികളുണ്ടാവും. ഇവരില്‍ ഒമ്പത് പേരും കോണ്‍ഗ്രസ് ടിക്കററില്‍ ജയിച്ചു കയറിയവരാണ് . പതിനൊന്ന് മണ്ഡലങ്ങളില്‍ മുസ് ലിം സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തെത്തി. 2008ലെ തിരഞ്ഞെടുപ്പില്‍ ആറ് മുസ്‌ലിം എം എല്‍ മാരാണുണ്ടായിരുന്നത്. ഇവരില്‍ അഞ്ച്‌പേരും കോണ്‍ഗ്രസുകാരായിരുന്നു. നേരത്തെ 1978ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഇതിന് മുമ്പ് കൂടുതല്‍ മുസ്‌ലിം പ്രതിനിധികളുണ്ടായിരുന്നത്. 1978ല്‍ , 16 പേര്‍. 1983ലെ രാമകൃഷ്ണ ഹെഗ്‌ഡെ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ രണ്ട് മുസ്‌ലിം എം എല്‍ എമാര്‍ മാത്രമാണുണ്ടായിരുന്നത്. ജയിച്ച മുസ്‌ലിം സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും
ബെല്‍ഗാം- ഫിറോസ് നൂറുദ്ദീന്‍ സേഠ്( കോണ്‍ഗ്രസ്) , ബീജാപ്പൂര്‍ സിററി- മഖ്ബൂല്‍ എസ് ഭഗ്‌വാന്‍(കോണ്‍ഗ്രസ്), ചാമരാജ്‌പേട്ട് – സമീര്‍ അഹ് മ ദ് ഖാന്‍ (ജനതാദള്‍ എസ്), ഗംഗാവതി- ഇഖ്ബാല്‍ അന്‍സാരി – (ജനതാദള്‍ എസ്), ഗുല്‍ബര്‍ഗ ഉത്തര്‍- ഖമറുല്‍ ഇസ് ലാം (കോണ്‍ഗ്രസ്), മംഗലാപുരം- യു ടി ഖാദര്‍ (കോണ്‍ഗ്രസ്),മംഗലാപുരം സിററി നോര്‍ത്ത് – ബി എ മുഹ് യിദ്ദീന്‍ ബാവ(കോണ്‍ഗ്രസ്), നരസിംഹരാജ – തന്‍വീര്‍ സേഠ് (കോണ്‍ഗ്രസ്), ശാന്തി നഗര്‍- എന്‍ എ ഹാരിസ് (കോണ്‍ഗ്രസ്), ശിവജി നഗര്‍ – റോഷന്‍ബേഗ് (കോണ്‍ഗ്രസ്) തുംകൂര്‍ സിററി- ഡോ. റഫീഖ് അഹ് മദ് (കോണ്‍ഗ്രസ്). ഇവരില്‍ രണ്ട് പേര്‍ മലയാളികളാണ്. മംഗലാപുരത്തെ യു ടി ഖാദര്‍, ശാന്തി നഗറിലെ എന്‍ എ ഹാരിസ്, . ഭദ്രാവതിയില്‍ ജനവിധി തേടിയ മലയാളി പ്രതീക്ഷയായ സി എം ഇബ്രാഹിം കോണ്‍ഗ്രസിലെ ഗ്രൂപ്പ് വാരലില്‍ പരാജപ്പെടുകയാണുണ്ടായത്. ജയിച്ച മുസ്‌ലിം സ്ഥാനാര്‍ഥികളെല്ലാം വന്‍ ഭൂരിപക്ഷത്തിനാണ് കരകയറിയത് , ഇവരില്‍ പലരും രണ്ടും മൂന്നും തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നവരുമാണ്. ശിവജി നഗറില്‍ റോഷന്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ്. ബി ജെ പിയിലെ നിര്‍മല്‍ സുരാനയെ തോല്‍പ്പിച്ചത്. മംഗലാപുരത്ത് യു ടി ഖാദര്‍ 30850 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി ജെ പിയിലെ ചന്ദ്ര ഹാസ് ഉള്ളാളിനെ അടിയറവ് പറയിച്ചത്. ബീജാപ്പൂര്‍ സിററിയില്‍ മഖ്ബൂല്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജനതാദള്‍ എസിന്റെ വസുദേവ മൂര്‍ത്തിയെ തോല്‍പ്പിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ വടക്കന്‍ മേഖലയിലും തീരദേശ മേഖലയിലും കോണ്‍ഗ്രസിന് മെച്ചപ്പെട്ട പ്രകടനം നടത്താനായത് മുസലിം വോട്ടുകളില്‍ നിന്നാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതുതായി രംഗപ്രവേശം ചെയ്ത എസ് ഡി പി ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും ദയനീയമാണ് പ്രകടനം.

Latest