Connect with us

Articles

കര്‍ണ്ണാടകക്ക് ഗുജറാത്താകേണ്ട

Published

|

Last Updated

എല്ലാ ചേരുവകളും അടങ്ങിയ ബഹുവര്‍ണ കൊമേഴ്‌സ്യല്‍ ചലച്ചിത്രത്തിന്റെ അവസാന രംഗങ്ങളും ആടിക്കഴിഞ്ഞിരിക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് കര്‍ണാടകയില്‍ ബി ജെ പി അധികാരം പിടിക്കുമ്പോള്‍ നായക സ്ഥാനത്തുണ്ടായിരുന്ന യഡിയൂരപ്പ കഥയുടെ രണ്ടാം ഭാഗത്ത് വില്ലന്‍ പരിവേഷത്തിലാണ്. അവസാന രംഗങ്ങളില്‍ അതിഥി താരമായെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ “വ്യക്തിപ്രഭാവ”ത്തിനും കാര്യമായി യാതൊന്നും ചെയ്യാനില്ലായിരുന്നു. ഒടുവില്‍ ബംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സംഘട്ടന രംഗങ്ങള്‍ക്കും കഥയെ ബി ജെ പി പ്രതീക്ഷിച്ച ശുഭകരമായ പര്യവസാനത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല.

ധരംസിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയല്ല കോണ്‍ഗ്രസ് വീണ്ടും അധികാരം പിടിച്ചത്. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന്റെ ജയം ഉറപ്പിച്ചതാണ്. കേന്ദ്രത്തിലെ അഴിമതിയും മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണങ്ങളും തള്ളി, സംസ്ഥാനത്തുണ്ടാകണമെന്ന് പ്രതീക്ഷിക്കുന്ന സുസ്ഥിരമായ ഭരണത്തിനാണ് കന്നഡ മനസ്സ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. പരാജയം ഉറപ്പിച്ചതാണെങ്കിലും ഇത്ര ദയനീയമായി പിന്തള്ളപ്പെട്ടുവെന്നതാണ് ബി ജെ പിയെ പ്രതിസന്ധിയിലാക്കിയത്. ഉപ മുഖ്യമന്ത്രി ഈശ്വരപ്പ ഉള്‍പ്പെടെ പ്രമുഖരുടെ തോല്‍വിയും പാര്‍ട്ടി നേതൃത്വത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസക്കുറവ് എടുത്തുകാട്ടുന്നു.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്ലാതെ അല്ലെങ്കില്‍ അവര്‍ക്ക് പിന്നില്‍ അണിനിരക്കാതെ അധികാരത്തില്‍ എത്താനാകാത്ത സ്ഥിതിയാണ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബി ജെ പിക്കുമുള്ളത്. പുതുതായി രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ നിലവില്‍ വന്നിട്ടും കര്‍ണാടക അതിന് തയ്യാറായില്ല എന്നത് സുസ്ഥിരമായ ഭരണം കാഴ്ച വെക്കുന്നതിന് കോണ്‍ഗ്രസിനെ തുണച്ചേക്കും. എന്നിരുന്നാലും യഡിയൂരപ്പയുടെ മാസങ്ങള്‍ മാത്രം പ്രായമുള്ള കെ ജെ പി നേടിയ ചെറിയ വിജയം കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഓരോ സംസ്ഥാനത്തും ചുരുങ്ങിയ സീറ്റുകള്‍ മാത്രം നേടി നിലനില്‍ക്കുന്ന പാര്‍ട്ടികളെ പോലും തഴയാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എക്കോ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എക്കോ സാധ്യമല്ലെന്നതാണ് സത്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പു തന്നെ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി, കോണ്‍ഗ്രസേതര കക്ഷികള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഘടകകക്ഷികള്‍ ഏത് മുന്നണിക്കൊപ്പം നില്‍ക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന കാര്യം തീരുമാനിക്കുക.
കേവല ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് ജെ ഡി എസിന്റെയോ കെ ജെ പിയുടെയോ പിന്തുണ ആവശ്യമില്ലെങ്കിലും പുതിയ കൂട്ടുകെട്ടുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. അഴിമതിയും സി ബി ഐ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന സുപ്രീം കോടതിയിലെ സത്യവാങ്മൂലവും പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസിന് നേരിയ ആശ്വാസമാകുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കര്‍ണാടകാ ഫലം നേരിട്ട് സ്വാധീനിക്കുമോയെന്ന് തറപ്പിച്ച് പറയാനാകില്ല. ഈ വര്‍ഷം അവസാനത്തോടെ ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ടെന്നുള്ളതും ഇതോടൊപ്പം കാണണം.

യഡിയൂരപ്പയും ബി ജെ പിയും
ഗുജറാത്തില്‍ കേശുഭായ് പട്ടേലും മധ്യപ്രദേശില്‍ തീപ്പൊരി നേതാവായ ഉമാ ഭാരതിയും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയിട്ടും ബി ജെ പി തളര്‍ന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യഡിയൂരപ്പയുടെ പടിയിറക്കത്തെ ബി ജെ പി നേരിട്ടത്. സംസ്ഥാനത്ത് ബി ജെ പിയെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ബി എസ് യഡിയൂരപ്പ. യഡിയൂരപ്പയുടെ പിന്നില്‍ അണിനിരന്ന ലിംഗായത്ത് സമുദായത്തിന്റെ വോട്ടിന്റെ ബലത്തിലാണ് കഴിഞ്ഞ തവണ ബി ജെ പി 110 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം പിടിച്ചത്. പിന്നീട് യഡിയൂരപ്പ എന്ന വ്യക്തിയിലേക്ക് പാര്‍ട്ടി ചുരുങ്ങിയത് ബി ജെ പിക്ക് ഇത്തവണയേറ്റ കനത്ത തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. സ്ഥിരം മണ്ഡലമായ ശിക്കാരിപുരയില്‍ ഇത്തവണയും യഡിയൂരപ്പ ജയിച്ചു കയറിയപ്പോള്‍ ബി ജെ പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വിരലിലെണ്ണാവുന്ന സീറ്റ് മാത്രമേ കെ ജെ പിക്ക് കൈയിലൊതുക്കാന്‍ സാധിച്ചുള്ളൂവെങ്കിലും നേരത്തെ പ്രതീക്ഷിച്ച പോലെ മിക്കയിടങ്ങളിലും ബി ജെ പിയെ പിറകിലേക്ക് തള്ളിമാറ്റാന്‍ സാധിച്ചിട്ടുണ്ട്. യഡിയൂരപ്പയുടെ ഭീഷണി നേരിടുന്നതിന് വേണ്ടി ലിംഗായത്ത് സമുദായാംഗമായ ജഗദീഷ് ഷെട്ടറിനെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
അഴിമതിയും സ്വജനപക്ഷപാതവും ഉയര്‍ന്നുവന്നതോടെ ആദ്യം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയെങ്കിലും എഴുതിത്തള്ളേണ്ട പാര്‍ട്ടിയല്ല കെ ജെ പിയെന്ന് വേണം കരുതാന്‍. കന്നി തിരഞ്ഞെടുപ്പില്‍ ആറ് സീറ്റ് സ്വന്തമാക്കിയ കെ ജെ പിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി എങ്ങനെ നേരിടുമെന്നാണ് ഇനി കാണാനുള്ളത്. മന്ത്രിമാരുള്‍പ്പെടെ മുപ്പതിലധികം പേരാണ് ബി ജെ പി വിട്ട് കെ ജെ പിയിലെത്തിയത്. യഡിയൂരപ്പയുടെ വിശ്വസ്തയായിരുന്ന ശോഭാ കരന്തലജെ ഉള്‍പ്പെടെ പ്രമുഖര്‍ പലരും പരാജയപ്പെട്ടത് യഡിയൂരപ്പക്ക് തിരിച്ചടിയായിട്ടുണ്ട്. പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഇവരില്‍ ഭൂരിഭാഗത്തെയും ഒപ്പം നിര്‍ത്തി യഡിയൂരപ്പയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാകും ഇനി ബി ജെ പി നടത്തുക. കഴിഞ്ഞ തവണ ഒറ്റകക്ഷിയായ ബി ജെ പി കേവല ഭൂരിപക്ഷത്തിനു വേണ്ടി കൊണ്ടുവന്ന ഓപറേഷന്‍ താമരയും ഇത്തവണ താമരയുടെ വാട്ടത്തിന് കാരണമായിട്ടുണ്ട്. സ്വതന്ത്രരുള്‍പ്പെടെയുള്ളവരെ രാജിവെപ്പിച്ച ശേഷം ഔദ്യോഗിക സ്ഥാനാര്‍ഥികളാക്കി മത്സരിപ്പിച്ച് വിജയിപ്പിക്കുകയായിരുന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കാന്‍ ഇത് കാരണമായി തീര്‍ന്നിട്ടുണ്ട്.

ജെ ഡി എസിന് മുന്നേറ്റം
ഒറ്റക്കും കോണ്‍ഗ്രസിനും ബി ജെ പിക്കുമൊപ്പം മുന്നണിയായും ഭരിച്ച ജെ ഡി എസ് ഇത്തവണ 40 സീറ്റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. 28 സീറ്റായിരുന്നു കഴിഞ്ഞ തവണത്തെ സമ്പാദ്യം. എന്നും പിന്തുണ നല്‍കിവന്ന വൊക്കലിഗ സമുദായം ഇത്തവണയും ഭൂരിഭാഗം മണ്ഡലങ്ങളിലും മതേതര ജനതാദളിനെ തുണച്ചു. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന അവസ്ഥയുണ്ടാകുമ്പോള്‍, കിംഗായില്ലെങ്കിലും കിംഗ്‌മേക്കറാകാമെന്ന മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടെയും സ്വപ്‌നം പൊലിഞ്ഞെങ്കിലും ശക്തമായ തിരിച്ചുവരവാണ് ജെ ഡി എസ് നടത്തിയത്. എങ്കിലും ഗ്രാമീണ മേഖലയില്‍ ചിലയിടങ്ങളിലെങ്കിലും ജെ ഡി എസില്‍ വിള്ളല്‍ വീണിട്ടുണ്ട്. യഡിയൂരപ്പ ബി ജെ പിക്കുണ്ടാക്കിയ പ്രഹരം പോലെയാണ് മൈസൂര്‍ മേഖലയില്‍ ജെ ഡി എസിന് കോണ്‍ഗ്രസ് വരുത്തിവെച്ചത്. വൊക്കലിഗ വോട്ട് ഇവിടെ ഇരു കക്ഷികള്‍ക്കുമായി ഭിന്നിക്കുകയായിരുന്നു.

ബി ജെ പിയുടെ തോല്‍വി;
കോണ്‍ഗ്രസിന്റെ ജയം
നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അഴിമതിയേക്കാള്‍ ഉപരിയായി സ്ഥിരമായ ഭരണസംവിധാനമില്ലാത്തതും ബി ജെ പി ചെറുതായെങ്കിലും മൂന്നായി വിഭജിച്ചതും കോണ്‍ഗ്രസിന് തുണയായിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ ബി ജെ പി ഭരണകാലത്തും അതിന് മുമ്പുണ്ടായ ജെ ഡി എസ്- ബി ജെ പി സഖ്യ കാലത്തും ഭരണസ്ഥിരതയില്ലാത്തത് ജനങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാന്‍. ഇത് മാധ്യമങ്ങളുടെ വിജയമാണെന്നും കോണ്‍ഗ്രസിന്റെതല്ലെന്നുമുള്ള കുമാരസ്വാമിയുടെ വാക്കുകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. പ്രാദേശിക മാധ്യമങ്ങള്‍ക്കൊപ്പം ദേശീയ മാധ്യമങ്ങളും നേരത്തെ തന്നെ കോണ്‍ഗ്രസിന്റെ വിജയം പ്രവചിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് വിലയിരുത്തലുകളുണ്ടായിരുന്നുവെങ്കിലും വിമത മുന്നേറ്റം നേരിയ തോതില്‍ കോണ്‍ഗ്രസിന് വിനയായിട്ടുണ്ട്. ഭദ്രാവതി മണ്ഡലത്തില്‍ സി എം ഇബ്‌റാഹിമിന്റെ വിജയ സാധ്യത തകര്‍ത്ത് മുന്‍ കോണ്‍ഗ്രസ് എം എല്‍ എയുടെ രംഗപ്രവേശമാണ്.

രാഹുലിന്റെ വിജയം?
കേന്ദ്രത്തിലെ ഭരണവും പ്രതിപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്നു എന്നതിനൊപ്പം ഭാവി പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായി ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായും തിരഞ്ഞെടുപ്പിനെ വിലയിരുത്തിയിരുന്നു. കര്‍ണാടകയിലെ വിജയം കോണ്‍ഗ്രസ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വിജയമല്ലെന്ന സത്യം മുമ്പ് രാഹുല്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ബീഹാറിലെയും യു പിയിലെയും അവസ്ഥ അറിയാവുന്ന ചില കോണ്‍ഗ്രസ് നേതാക്കളെങ്കിലും മനസ്സിലാക്കുന്നുണ്ടാകും. ഇത്തവണ കര്‍ണാടക ലഭിക്കില്ലെന്ന ഉറച്ച വിശ്വാസമുള്ള മോഡിയും വലിയ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെയാണ് കര്‍ണാടക വിട്ടത്. കഴിഞ്ഞ തവണ ബി ജെ പിക്ക് ബംഗളൂരു ഉള്‍പ്പെടെയുള്ള നഗര മേഖലയില്‍ മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ നഗര പ്രദേശങ്ങളും ബി ജെ പിയെ കൈയൊഴിയുന്ന കാഴ്ചയാണ് കണ്ടത്. നഗര മേഖലയില്‍ കോണ്‍ഗ്രസ് ആധിപത്യം സ്ഥാപിച്ചപ്പോള്‍ ബി ജെ പി രണ്ടാം സ്ഥാനത്താണ്. 28 നിയോജക മണ്ഡലങ്ങളുള്ള ബംഗളൂരുവില്‍ പതിമൂന്ന് സീറ്റ് കോണ്‍ഗ്രസ് നേടിയപ്പോള്‍ പന്ത്രണ്ട് സീറ്റാണ് ബി ജെ പി സ്വന്തമാക്കിയത്. നഗര മേഖലകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത ജെ ഡി എസിന് ഇവിടെ മൂന്ന് സീറ്റുകളാണ് ലഭിച്ചത്.
മുത്തലിക്കിന്റെ നേതൃത്വത്തിലുള്ള ശ്രീരാമ സേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ വിവാദമായ മംഗലാപുരം മേഖലയില്‍ ഇത്തവണ ബി ജെ പിക്ക് അടിപതറിയത് തീവ്ര ഹിന്ദുത്വ നിലപാടുകളോട് കര്‍ണാടക ജനത ആഭിമുഖ്യം പുലര്‍ത്തുന്നില്ലെന്നതിന് തെളിവാണ്. മംഗളൂരു സിറ്റി സൗത്ത്, സിറ്റി നോര്‍ത്ത്, മംഗലാപുരം തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് ജയിച്ചു കയറിയപ്പോള്‍ മേഖലകളില്‍ ഒരിടത്ത് മാത്രമാണ് ബി ജെ പിക്ക് സ്വാധീനമറിയിക്കാനായത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുത്വ നിലപാടുകള്‍ ശക്തമായ ആയുധമാക്കാന്‍ തന്നെയായിരിക്കും ബി ജെ പി ശ്രമിക്കുക.