കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം

Posted on: May 9, 2013 6:00 am | Last updated: May 9, 2013 at 12:21 am
SHARE

കര്‍ണാടകയില്‍ ഏഴ് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് തിരിച്ചു വന്നിരിക്കുന്നു. 224 അംഗ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്ന 223 മണ്ഡലങ്ങളില്‍ 121 എണ്ണത്തില്‍ വിജയിച്ച് കേവല ഭൂരിപക്ഷം നേടിയിരിക്കയാണ് പാര്‍ട്ടി. കോണ്‍ഗ്രസിനായിരിക്കും മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോളിലൂടെ വിലയിരുത്തപ്പെട്ടതാണെങ്കിലും പരമാവധി 110 സീറ്റാണ് പ്രവചിക്കപ്പെട്ടിരുന്നത്. ആ കണക്കുകൂട്ടലുകളെയും മറികടന്ന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത് കോണ്‍ഗ്രസ് വിജയത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു.
ഇതിനിടെ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിലെ അധികാരമാറ്റത്തിലേക്ക് വിരല്‍ ചൂണ്ടിയിരുന്നതാണ്. ബി ജെ പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി കോണ്‍ഗ്രസാണ് നഗരസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത്. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ഉയര്‍ന്ന അപസ്വരങ്ങളും പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണയുടെ ഇടച്ചിലും പാര്‍ട്ടിക്ക് തിരച്ചടിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ട് കൃഷ്ണയെ പ്രചാരണ വേദികളിലെത്തിച്ചെങ്കിലും, പിന്മാറാനുള്ള നേതൃത്വത്തിന്റെ അഭ്യര്‍ഥന നിരസിച്ച് ഇരുപതോളം വിമത സ്ഥാനാര്‍ഥികള്‍ രംഗത്ത് ഉറച്ചു നിന്നിരുന്നു. അവരില്‍ ചിലര്‍ വിജയിക്കുകയും ചെയ്തു. വിമത ശല്യമില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ മെച്ചപ്പെടുമായിരുന്നു.
പ്രചാരണ രംഗത്ത് ഭരണസ്വാധീനവും പണവും യഥേഷ്ടം ഉപയോഗപ്പെടുത്തിയിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ച ബി ജെ പി യുടെ നിയമസഭാ സാമാജികരുടെ എണ്ണം 110ല്‍ നിന്ന് നാല്‍പ്പതായി കുത്തനെ ഇടിഞ്ഞുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും ശ്രദ്ധേയമായ വശം. ബി ജെ പി വിട്ട് കെ ജെ പി എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയ യഡിയൂരപ്പയാണ് ബി ജെ പിയുടെ പരാജയം ദയനീയമാക്കിയത്. തിരഞ്ഞെടുപ്പില്‍ കെ ജെ പിയുടെ പ്രകടനം മെച്ചമല്ലെങ്കിലും ബി ജെ പിയുടെ പ്രതീക്ഷയായിരുന്ന ലിംഗായത്ത് സമുദായത്തിന്റെ വോട്ടുകളില്‍ വിള്ളല്‍ സൃഷ്ടിക്കാന്‍ ലിംഗായത്ത് സമുദായ നേതാവായ യഡിയൂരപ്പക്ക് സാധിച്ചു. കോണ്‍ഗ്രസ് വിജയത്തിന്റെ പ്രധാന ഘടകവും ഇതു തന്നെ.
മുസ്‌ലിം വോട്ടുകളാണ് കോണ്‍ഗ്രസിനെ തുണച്ച മറ്റൊരു ഘടകം. 2001ലെ സെന്‍സസ് അനുസരിച്ച് കര്‍ണാടക ജനസംഖ്യയില്‍ 12.5 ശതമാനം മുസ്‌ലിംകളാണ്. ഗോവധ നിരോധ ബില്‍, തീവ്രവാദ കേസുകളില്‍ പ്രതികളാക്കി മുസ്‌ലിം യുവാക്കളെ പീഡിപ്പിക്കല്‍, തീരപ്രദേശങ്ങളിലെ വര്‍ഗീയാക്രമണങ്ങള്‍ തുടങ്ങി ബി ജെ പി ഭരണത്തില്‍ അനുഭവിക്കേണ്ടി വന്ന യാതനകളും കഷ്ടപ്പാടുകളും മുസ്‌ലിം വോട്ടുകള്‍ ബി ജെ പിക്കെതിരെ കേന്ദ്രീകരിക്കാനിടയാക്കി. രംഗനാഥ മിശ്ര കമ്മിറ്റി, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ നടപ്പാക്കല്‍, മുഴുവന്‍ ജില്ലകളിലും 75 ശതമാനം മുസ്‌ലിം സംവരണത്തോടെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, ന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് പൂര്‍ണമായും നടപ്പാക്കല്‍ തുടങ്ങിയ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും മുസ്‌ലിംകളെ ആകര്‍ഷിച്ചിട്ടുണ്ട്.
ഇത്തരം വാഗ്ദാനങ്ങള്‍ക്കൊപ്പം 20 മുസ്‌ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കി എസ് ജെ ഡി മുസ്‌ലിം വോട്ടുകളെ ലക്ഷ്യമിട്ടെങ്കിലും ഇടക്കാലത്ത് ബി ജെ പിയുമായുണ്ടാക്കിയ അവസരവാദ കൂട്ടുകെട്ട് അവര്‍ക്ക് വിനയാകുകയായിരുന്നു.
അഴിമതിക്കെതിരായ ജനവിധിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്തുന്നവരുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സംസ്ഥാനത്ത് ബി ജെ പി ഭരണകൂടം നടത്തിയ അഴിമതികള്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരണമായിരുന്നെങ്കിലും, കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ടുജി സ്‌പെക്ട്രം, കല്‍ക്കരി തുടങ്ങിയ അഴിമതിക്കഥകള്‍ നിരത്തി ബി ജെ പി അതിന് പ്രതിരോധവും സൃഷ്ടിച്ചിരുന്നു. അഴിമതിയില്‍ ആരും മോശക്കാരല്ലെന്ന തിരിച്ചറിവ് വോട്ടര്‍മാര്‍ക്കുള്ളതിനാല്‍ തിരഞ്ഞെടുപ്പ് ഫലത്തെ ഇതേറെയൊന്നും സ്വാധിനിച്ചിരിക്കാനിടയില്ല.
ഭാവി പ്രധാനമന്ത്രിയായി ബി ജെ പി ഉയര്‍ത്തിക്കാട്ടുന്ന മോഡിയുടെ സാന്നിധ്യം കര്‍ണാടകയില്‍ ഒരു പ്രതിഫലനവുമുണ്ടാക്കിയിട്ടില്ല. എല്‍ കെ അഡ്വാനി, രാജ്‌നാഥ് സിംഗ്, സുഷമാ സ്വരാജ് തുടങ്ങി ബി ജെ പിയുടെ വന്‍തോക്കുകളെല്ലാം പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നിരുന്നെങ്കിലും മോഡിക്കായിരുന്നു പാര്‍ട്ടിയും മാധ്യമങ്ങളും പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ മോഡി നേടിയ തുടര്‍വിജയത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ പ്രചാരണത്തിനാകുമെന്ന കണക്കുകൂട്ടലിലായിരുന്നു പാര്‍ട്ടി. എന്നാല്‍ വന്‍കിട വ്യവസായ ലോബിയുടെയും ദേശീയ മാധ്യമങ്ങളുടെയും സഹായത്തോടെ ഗുജറാത്തില്‍ നേടിയ വിജയം ജനമനസ്സുകളില്‍ അദ്ദേഹത്തിന് ഇടം നേടാന്‍ സഹായിച്ചിട്ടില്ലെന്നാണ് കര്‍ണാടക നല്‍കുന്ന സൂചന.