Connect with us

Kerala

കോഴിക്കോട് വലിയങ്ങാടിയില്‍ തീപിടുത്തം; ആളപായമില്ല

Published

|

Last Updated

കോഴിക്കോട്: നഗരത്തെ നടുക്കി വലിയങ്ങാടിയില്‍ വന്‍ തീപ്പിടിത്തം. മൂന്ന് കടകള്‍ പൂര്‍ണമായും പത്തോളം കടകള്‍ ഭാഗികമായും കത്തി നശിച്ചു. ആര്‍ക്കും പരുക്കില്ല. നാശനഷ്ട കണക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോടിക്ക് പുറത്തുവരുമെന്നാണ് വിവരം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. തങ്ങള്‍സ് റോഡ് സ്വദേശി സിറാജ് റാവൂത്തറിന്റെ വലിയങ്ങാടിയിലെ ചൂടിക്കയര്‍ വില്‍പ്പന കേന്ദ്രത്തിലാണ് ആദ്യം തീപ്പിടിച്ചത്. ഇവിടെ നിന്ന് തൊട്ടടുത്തുള്ള കടകളിലേക്ക് തീ പടരുകയായിരുന്നു. വലിയങ്ങാടിയിലെ ഗണ്ണി സെന്റര്‍ എന്നറിയപ്പെടുന്ന ഭാഗത്തുള്ള കടകളാണ് കത്തിയമര്‍ന്നത്. ചൂടിക്കയര്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് തൊട്ടടുത്തുള്ള കോയഹസ്സന്‍ കോയയുടെ ചാക്ക് വില്‍പ്പന കേന്ദ്രത്തിലേക്ക് തീ പടരുകയായിരുന്നു. ഈ കടയോട് ചേര്‍ന്നുള്ള ഹല്‍വ വില്‍പ്പന കേന്ദ്രത്തിലേക്ക് തീ പടര്‍ന്നതോടെ തീയുടെ കാഠിന്യം കൂടി. ഇവിടെ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയും മറ്റും തീ ആളിപ്പടരുന്നതിന് കാരണമായി. ഹല്‍വ വില്‍പ്പന കേന്ദ്രത്തോട് ചേര്‍ന്നുള്ള ഗോപാലന്‍ ഏജന്‍സീസ് എന്ന പലചരക്ക് കടയും നിമിഷനേരംകൊണ്ട് കത്തിച്ചാമ്പലായി. വര്‍ഷങ്ങള്‍ പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടങ്ങളായതിനാലും ഒരേ വരിയില്‍ ചേര്‍ന്ന് കിടക്കുന്ന കടകളായതിനാലും തീ എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു.
വലിയങ്ങാടിയിലെ ഇടുങ്ങിയ വഴികളിലൂടെ അഗ്നിശമന വാഭഗത്തിന്റെ വാഹനങ്ങള്‍ക്ക് പെട്ടെന്ന് എത്തിപ്പെടാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടൊപ്പം ഈ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുരിതത്തിലായി. തീ ആളിപ്പടരുന്നതിനാലാണ് വൈദ്യുതിബന്ധം വിച്ഛേദിക്കേണ്ടിവന്നത്. ബീച്ച്, വെള്ളിമാട്കുന്ന്, മീഞ്ചന്ത എന്നീ അഗ്നിശമന വിഭാഗത്തിന്റെ എട്ട് യൂനിറ്റ് എത്തി രണ്ട് മണിക്കൂറിലധികംനീണ്ട ശ്രമഫലമായാണ് തീ നിയന്ത്രണവിധേയമാക്കിയത്.