Connect with us

National

പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ അംഗങ്ങളുടെ തുടര്‍ച്ചയായ ബഹളത്തിനൊടുവില്‍ പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഇന്നും സഭയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടു പോകാന്‍ ബിജെപി അനുവദിച്ചില്ല. നിര്‍ണായക ബില്ലുകള്‍ പാസാക്കാന്‍ കഴിയാതെയാണ് സഭ പിരിഞ്ഞത്.

പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ട് ബിജെപി ഇന്നും ഇരുസഭകളും തടസ്സപ്പെടുത്തുകയായിരുന്നു. 11 മണിക്ക് ലോക്‌സഭ സമ്മേളിച്ച ഉടന്‍ തന്നെ ബിജെപി അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തേക്ക് നീങ്ങി. അംഗങ്ങളെ ശാന്തരാക്കാന്‍ സ്പീക്കര്‍ മീരാകുമാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് 12 മണി വരെ സഭ നിര്‍ത്തിവെച്ചു.

പ്രധാനമന്ത്രിക്കൊപ്പം കല്‍ക്കരിപ്പാട അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയ വിഷയത്തില്‍ നിയമമന്ത്രി അശ്വിനികുമാറിന്റെയും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ആരോപണവിധേയനായ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെയും രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ബഹളം തുടര്‍ന്നതോടെ ഉച്ചവരെ സഭ നിര്‍ത്തിവെയ്ക്കാന്‍ അധ്യക്ഷസ്ഥാനത്തുണ്ടായിരുന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തീരുമാനിക്കുകയായിരുന്നു.