കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്

Posted on: May 8, 2013 6:10 pm | Last updated: May 8, 2013 at 6:18 pm
SHARE

295x200_635036260142565782ബംഗളൂരു: കര്‍ണാടകയില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ ഉജ്ജ്വലമായ തിരിച്ചുവരവ്. നരേന്ദ്ര മോഡി ഫാക്ടറും ബി ജെ പിയുടെ പൊയ്മുഖങ്ങളും തൂത്തെറിഞ്ഞ് കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് 121 സീറ്റുകള്‍ നേടി എറ്റവും വലിയ ഒറ്റകക്ഷിയായി. കേവല ഭൂരിപക്ഷത്തിന് വേണ്ട 113 സീറ്റിനേക്കാള്‍ എട്ട് സീറ്റുകള്‍ കൂടി അധികം നേടിയാണ് കോണ്‍ഗ്രസിന്റെ മധുര പ്രതികാരം.

നരേന്ദ്ര മോഡി മോഡല്‍ ഉയര്‍ത്തിപ്പിടിച്ച് വോട്ടിനിറങ്ങിയ ഭരണകക്ഷിയായ ബി ജെ പിക്ക് കടുത്ത തിരിച്ചടിയാണ് നേരിട്ടത്. കേവലം 40 സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയിക്കാനായത്. ബി ജെ പിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തി 40 സീറ്റുകളോടെ ജെ ഡി എസും രണ്ടാമതെത്തി. യദിയൂരപ്പയുടെ കെ ജെ പി ആറിടങ്ങളില്‍ വിജയിച്ചു. മറ്റുള്ളവര്‍ 14 സീറ്റുകളില്‍ വിജയിച്ചു.

മത്സരിച്ച മലയാളികളില്‍ സി എം ഇബ്‌റാഹീം ഒഴികെ മറ്റെല്ലാവരും വിജയിച്ചു. മംഗലാപുരത്ത് നിന്നും കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച മലയാളി സ്ഥാനാര്‍ഥി യു.ടി ഖാദര്‍ വിജയിച്ചത് 30,650 വോട്ടുകള്‍ക്കാണ്. കര്‍ണാടകയിലെ മറ്റ് മലയാളി സ്ഥാനാര്‍ഥികളായ എന്‍.എ ഹാരിസ്, കെ.ജെ.ജോര്‍ജ് എന്നിവരും വിജയിച്ചു. ഇരുവരും കോണ്‍ഗ്രസ് ടിക്കറ്റിലാണ് ജനവിധി തേടിയത്. ശാന്തിനഗര്‍ മണ്ഡലത്തിലാണ് എന്‍ എ ഹാരിസ് മത്സരിച്ചത്. മുന്‍ മന്ത്രികൂടിയായ കെ.ജെ.ജോര്‍ജ് സര്‍വജ്ഞനഗറില്‍ നിന്നാണ് ജനവിധി തേടിയത്. ഭദ്രാവതി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് സി എ ഇബ്‌റാഹീം മത്സരിച്ചിരുന്നത്.

മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ (ബി ജെ പി – ഹൂബ്ലി ധര്‍വാര്‍ഡ് സെന്‍ട്രല്‍), ഉമേഷ് കട്ടി (ബി ജെ പി – ഹുകേരി), ബസവരാജ് ബൊമ്മൈ (ബി ജെ പി – ഷിഗോണ്‍), കെ ജി ഭൊപ്പയ്യ (ബി ജെ പി – വിരാജ്‌പേട്ട്), കൃഷ്ണ ഭൈര ഗൗഡ (കോണ്‍ഗ്രസ് – ബൈത്താരയനപുര), റോഷന്‍ ഭേഗ് (കോണഗ്രസ് – ശിവാജി നഗര്‍), ബി എസ് യെദിയൂരപ്പ (കെ ജെ പി – ഷിക്കാരിപുര) എന്നിവരാണ് വിജയിച്ച പ്രമുഖര്‍.

ശോഭ കരന്തലജെ (കെ ജെ പി – രാജാജി നഗര്‍), മുരുകേഷ് നിറാനി (ബി ജെ പി – ബില്‍ജി), കരുണാകര റെഡ്ഢി ( ബി ജെ പി – ഹരപ്പനഹള്ളി), കെ എസ് ഈശ്വരപ്പ ( ബി ജെ പി – ഷിമോഗ), രേണുകാചാര്യ ( കെ ജെ പി – ഹൊണാലി) തുടങ്ങിയവരാണ് തോറ്റ പ്രമുഖര്‍.

224 അംഗ സഭയിലെ 223 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബി ജെ പി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് മൈസൂരിലെ പെരിയപട്ടണയില്‍ വോട്ടെടുപ്പ് ഈ മാസം 28ലേക്ക് മാറ്റിയിരിക്കുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ്(സി എസ് ഡി എസ്) കഴിഞ്ഞ മാസം നടത്തിയ പ്രീ പോള്‍ സര്‍വേയില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തിയിരുന്നത്. തിരഞ്ഞെടുപ്പിന് പത്ത് ദിവസം മുമ്പാണ് ഈ ഫലം പുറത്തുവിട്ടത്. 75 മണ്ഡലങ്ങളിലെ 294 സ്ഥലങ്ങളില്‍ നിന്നായി 4,198 പേരില്‍ നിന്നുള്ള അഭിപ്രായം ശേഖരിച്ചാണ് സര്‍വേ നടത്തിയത്.