Connect with us

Sports

കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ത്രസിപ്പിക്കുന്ന വിജയം

Published

|

Last Updated

മുംബൈ:കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 65 റണ്‍സിന്റെത്രസിപ്പിക്കുന്ന വിജയം. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കോല്‍ക്കത്തയുടെ സ്‌കോര്‍ 105 റണ്‍സിലൊതുങ്ങി. 18.2 ഓവറില്‍ കോല്‍ക്കത്തയുടെ ബാറ്റിംഗ് അവസാനിക്കുകയായിരുന്നു.

മൂന്ന് വിക്കറ്റുകള്‍ നേടിയ ഹര്‍ഭജന്‍ സിംഗും രണ്ട് വിക്കറ്റുകള്‍ വീതം നേടിയ മിച്ചല്‍ ജോണ്‍സണും പ്രഗ്യാന്‍ ഓജയുമാണ് കൊല്‍ക്കത്തയുടെ വിജയസ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയത്. കൊല്‍ക്കത്ത നിരയില്‍ നാലു പേരൊഴികെ ആര്‍ക്കും രണ്ടക്ക സ്‌കോറിലെത്താനായില്ല. റണ്‍സൊന്നുമെടുക്കാതെ മടങ്ങിയ ക്യാപ്റ്റന്‍ ഗംഭീറിന്റെ വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. പിന്നീട് ക്രീസില്‍ എത്തിയ ബിസ്‌ലയും കാലിസും സ്‌കോര്‍ പതുക്കെ മുന്നോട്ടുനീക്കിയെങ്കിലും ആറാമത്തെ ഓവറില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ബിസ്‌ലയെ കൈപ്പിടിയിലൊതുക്കിയതോടെ ഈ പോരാട്ടം അവസാനിച്ചു. ഓജയ്ക്കായിരുന്നു വിക്കറ്റ്. 17 റണ്‍സായിരുന്നു ബിസ്‌ലയും പുറത്തായി.

തുടര്‍ന്നെത്തിയ വെടിക്കെട്ട് ബാറ്റിസ്മാന്‍ യൂസഫ് പഠാന്‍ കൂറ്റനടികളുടെ സൂചന നല്‍കിയെങ്കിലും ഓജയുടെ പന്തില്‍ ബൗള്‍ഡായി പവലിനിയിലേക്ക് മടങ്ങി. പഠാന്‍ 13 റണ്‍സെടുത്തു. ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന കാലിസില്‍ കോല്‍ക്കത്തയ്ക്ക് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഹര്‍ഭജന്‍ എറിഞ്ഞ ഒന്‍പതാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ അബു അഹമ്മദിന് പിടികൊടുത്ത് കാലിസും മടങ്ങിയതോടെ കോല്‍ക്കത്തയുടെ വിജയസ്വപ്നങ്ങള്‍ ഇരുട്ടിലായി. 26 പന്തില്‍ കാലിസ് 24 റണ്‍സെടുത്തു. പിന്നീട് മോര്‍ഗനും (5 റണ്‍സ്) പിന്നാലെ ദേബബത്ര ദാസും (23 റണ്‍സ്) പുറത്തായി. ഇതോടെ കോല്‍ക്കത്തയുടെ തകര്‍ച്ച പൂര്‍ണമായി.

ആറ് വിക്കറ്റ് നഷ്ടത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സ് 170 റണ്‍സെടുത്തിരുന്നത്. സച്ചിന്റെയും സ്മിത്തിന്റെയും ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ കരുത്തായിരുന്നു മുംബൈയുടെ അടിത്തറ. ഇരുവരും അര്‍ധസെഞ്ചുറിയുടെ വക്കില്‍ പുറത്തായത് മുംബൈ ആരാധകരുടെ മുഖത്ത് മ്ലാനത പരത്തി. സച്ചിന്‍ 28 പന്തില്‍ എട്ടു ഫോറടക്കം 48 റണ്‍സും ഡാരന്‍ സ്മിത്ത് 53 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 47 റണ്‍സും നേടി. ദിനേശ് കാര്‍ത്തിക് പുറത്താകാതെ 34 റണ്‍സ് നേടി.കൊല്‍ക്കത്തയ്ക്ക് വേണ്ടി മക്‌ലാറന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. സച്ചിന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. ഈ വിജയത്തോടെ മുംബൈ രാജസ്ഥാന്‍ റോയല്‍സിനൊപ്പം പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

Latest