Connect with us

Ongoing News

ഭൗമിക്കിന് നേടണം എ എഫ് സി കപ്പ്

Published

|

Last Updated

ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഐ ലീഗ് ചാമ്പ്യന്‍മാരാകുമെന്ന് വിശ്വാസം തനിക്കില്ലെന്നായിരുന്നു ടെക്‌നിക്കല്‍ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ സുഭാഷ് ഭൗമിക്ക് പറഞ്ഞത്. സീസണിനൊടുവില്‍ ചര്‍ച്ചില്‍ ചാമ്പ്യന്‍മാരായി നില്‍ക്കുന്നു. ടീമിനെ കുറിച്ച്, ഭാവിയെ കുറിച്ച്, ലക്ഷ്യങ്ങളെ കുറിച്ച് ഭൗമിക്ക് വീണ്ടും മനസ്സ് തുറക്കുന്നു…
കരിയറിലെ മികച്ച കിരീട വിജയം ഇതാണോ?
കോച്ച് എന്ന നിലയില്‍ ഏറ്റവും മികച്ച നേട്ടം ഈസ്റ്റ് ബംഗാളിന് അസിയാന്‍ കപ്പ് നേടിക്കൊടുത്തതാണ്. പൂര്‍ണമായും എന്റെ അധീനതയിലുള്ള ടീമായിരുന്നു അത്.
ഇത്തവണ, ചര്‍ച്ചിലിനൊപ്പം ഐ ലീഗ് കിരീടം സ്വപ്‌നം കണ്ടിരുന്നില്ല. ഒരു ശരാശരി ടീമായിരുന്നു ഇത്. കഠിനാധ്വാനം കൊണ്ടാണ് മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നത്. കളിക്കാരോട് ആദ്യം തന്നെ പറഞ്ഞത്, നാം എവിടെ നില്‍ക്കണമെന്ന് തീരുമാനിക്കേണ്ടത് മറ്റാരുമല്ല. നാം തന്നെയാണെന്നാണ്.

ചര്‍ച്ചിലിന് സൂപ്പര്‍ താരങ്ങള്‍ ഇല്ല. വിജയത്തിലേക്കുള്ള താങ്കളുടെ തത്വം എന്താണ്?
ഫിറ്റ്‌നെസും പരസ്പരധാരണയുമാണ് എന്റെ തത്വം. കരിയറിലുടനീളം അതെന്തനിലുണ്ട്. ഫുട്‌ബോള്‍ ടീം ഗെയിമാണ്. അടിമുടി എല്ലാവരും കഠിനാധ്വാനം ചെയ്യണം. മികച്ച പ്രകടനത്തിന് ശ്രമിച്ചാല്‍ നിശ്ചയമായും മികച്ച ഫലം നമ്മെ പിന്തുടരും. ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും ടീമിനൊപ്പം, അതും ഒരു തത്വമാണ്.

ടോംബ സിംഗ്, സന്ദീപ് നന്ദി എന്നിവരുടെ കാലം കഴിഞ്ഞതാണ്. താങ്കള്‍ പക്ഷേ, അവരെ ടീമിന്റെ നിര്‍ണായക താരങ്ങളാക്കി. ഇതിന് പിറകിലെ യുക്തി?
നിലവാരം ഒരിക്കലും ഇല്ലാതാകില്ല. അവര്‍ക്ക് വേണ്ട പ്രോത്സാഹനവും ലക്ഷ്യത്തിലേക്കുള്ള മാര്‍ഗനിര്‍ദേവും നല്‍കിയാല്‍ അവര്‍ മികച്ച റിസള്‍ട്ടുണ്ടാക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. കായികക്ഷമതാ നിലവാരം ഉയര്‍ത്തി അവര്‍ മികവ് തെളിയിച്ചു.

കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുപ്പിക്കാന്‍ പോന്ന അഗാധ ബന്ധമെങ്ങനെ നേടുന്നു?
ഞാനെപ്പോഴും വിശ്വസിക്കുന്നത് കളിക്കാരാണ് എന്റെ ദൈവം എന്നാണ്. അവരാണ് എന്റെ ശക്തിയും ദൗര്‍ബല്യവും. ഓരോ കളിക്കാരനിലും ആത്മവിശ്വാസം നിറയ്ക്കാനാണ് ശ്രമിച്ചത്. ഞാന്‍ നിങ്ങളുടെയൊരു ഭാഗമാണെന്ന് അവരെ ധരിപ്പിച്ചു. നമ്മള്‍ മുങ്ങുന്നെങ്കില്‍ അതൊരുമിച്ച്, ജയിക്കുന്നെങ്കില്‍ അതുമൊരുമിച്ച്. മറ്റെന്തിനെക്കാളും എനിക്ക് വലുത് എന്റെ കുട്ടികളാണ് (കളിക്കാരാണ്).

ചില നിര്‍ണായക താരങ്ങള്‍ ഇടക്ക് വെച്ച് ക്ലബ്ബ് വിടുകയുണ്ടായി. അതെങ്ങനെ ബാധിച്ചു?
ബിലാല്‍ നജ്ജാറിനെയും അക്രം മൊഗ്രാബിയും പാതിവെച്ച് ടീം വിട്ടത് ക്ലബ്ബിനെ വിഷമസന്ധിയിലാക്കി. സത്യം പറഞ്ഞാല്‍ അവരുടെ പോക്ക് ചര്‍ച്ചിലിനെ പിടിച്ചുലച്ചു. ബെറ്റോക്ക് പരുക്കേറ്റതും തിരിച്ചടിയായി. പക്ഷേ, മറ്റുള്ളവര്‍ എനിക്കും ടീമിനും വേണ്ടി ഉറച്ച് പൊരുതി. ഓരോരുത്തരും ഉത്തരവാദിത്വമുള്ളവരായി മാറി. സുനില്‍ ചേത്രിയും അഫ്ഗാന്‍ ദേശീയ താരം ബിലാല്‍ അരെസോയുമെത്തിയത് ഗുണം ചെയ്തു. അവര്‍ പെട്ടെന്ന് തന്നെ ടീമുമായി ഒത്തിണങ്ങി.

സുനില്‍ ഛേത്രിയോടെന്താണ് പറഞ്ഞത്?
സ്‌പോര്‍ട്ടിംഗ് ലിസ്ബണില്‍ അധികം മത്സരങ്ങള്‍ക്കിറങ്ങാന്‍ അവസരം ലഭിക്കാതെ ആത്മവിശ്വാസം നഷ്ടപ്പെട്ടാണ് സുനില്‍ ഛേത്രി നാട്ടിലേക്ക് മടങ്ങിയത്. ഞാനദ്ദേഹത്തെ എപ്പോഴും ഓര്‍മിപ്പച്ചത് താങ്കള്‍ ഇന്ത്യയുടെ ക്യാപ്റ്റനാണെന്ന കാര്യം മറക്കരുതെന്നാണ്. സാങ്കേതിക മികവിലും പ്രതിഭയിലും വിശ്വസിക്കുക. കളി തുടരുക. ടീമിന്റെ ഗെയിം മേക്കറായിട്ടാണ് സുനിലിനെ ഉപയോഗിച്ചത്. പന്തെടുക്കുന്നതിലും പെട്ടെന്ന് ആക്രമണത്തിന് മുതിരുന്നതിലും അയാള്‍ക്ക് നല്ല മിടുക്കുണ്ട്. നിര്‍ണായക ഗോളുകളും നേടി സുനില്‍ തിളങ്ങി. ഗോള്‍ അനിവാര്യമായിരുന്ന ഘട്ടത്തിലായിരുന്നു സുനിലിന്റെ ഗോളുകള്‍.

ഈ ഐ ലീഗ് സീസണ്‍ ഇന്ത്യന്‍ ഫുട്‌ബോളിനെന്ത് നല്‍കി?
ലീഗിന്റെ മത്സരാന്തരീക്ഷം പുരോഗമിച്ചു. ഒരിഞ്ചിന് പോലും വിട്ടുകൊടുക്കാതെയാണ് ഓരോ ടീമും പോരടിച്ചത്. ആവേശകരമായിരുന്നു ലീഗ്. മൂന്ന് ടീമുകള്‍ കിരീടപ്പോരില്‍ ഒപ്പത്തിനൊപ്പമായിരുന്നു.

അടുത്ത ലക്ഷ്യം?
പരിശീലകനെന്ന നിലയില്‍ ഐ ലീഗ് കിരീടങ്ങള്‍ നേടി എന്റെ കരിയര്‍പുസ്തകം അലങ്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നില്‍ വിശ്വാസമുണ്ടെങ്കില്‍ ഒരു അവസരം നല്‍കു. ഇന്ത്യന്‍ ക്ലബ്ബിനൊപ്പം എ എഫ് സി കപ്പ് നേടാന്‍ ആഗ്രഹിക്കുന്നു. ആളുകള്‍ ചിരിക്കുമെന്നറിയാം. പക്ഷേ, അത് അസാധ്യമല്ല. അസിയാന്‍ കപ്പ് നേടിയില്ലെ. ഇന്ത്യന്‍ ക്ലബ്ബിനെ ഏഷ്യയിലെ ചാമ്പ്യന്‍മാരാക്കാനും എനിക്ക് സാധിക്കും. അതൊണെന്റെ ലക്ഷ്യം.

Latest