രണ്ടര വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ നഗരസഭയില്‍ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി: എം സി ശ്രീജ

Posted on: May 8, 2013 6:00 am | Last updated: May 7, 2013 at 11:37 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സനായി അധികാരമേറ്റതിന് ശേഷം രണ്ടരവര്‍ഷം കണ്ണൂര്‍ നഗരത്തിന്റെ വികസനത്തിനായി അക്ഷീണപ്രയത്‌നം നടത്തിയതായും ഇതിന്റെ ഭാഗമായി നഗരത്തില്‍ വികസന കുതിപ്പ് ഉണ്ടാക്കിയതായും സ്ഥാനമൊഴിയുന്ന നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം സി ശ്രീജ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. 2010 നവമ്പര്‍ എട്ടിനാണ് ചെയര്‍പേഴ്‌സനായി അധികാരമേറ്റത്.

യു ഡി എഫ് ധാരണപ്രകാരം ഒരു ദിവസം പോലും അധികാരത്തില്‍ തുടരാതെ രണ്ടരവര്‍ഷം തികയുന്ന മെയ് 8ന് സ്ഥാനമൊഴിയുകയാണ്. ചെയര്‍പേഴ്‌സനായി ഒരു മാസം കൂടി അധികം ചോദിച്ചത് അധികാരത്തിനോടുള്ള താല്‍പര്യമല്ല. മറിച്ച് പദ്ധതി പൂര്‍ത്തീകരണം ഉദ്ദേശിച്ചാണ്. എസ് സി ഫണ്ട് ചെലവഴിക്കാന്‍ കണ്ണൂര്‍ നഗരസഭക്ക് സാധിക്കാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 85.45 ശതമാനം എസ് സി ഫണ്ട് ചെലവഴിച്ചതിലൂടെ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ നേട്ടമുണ്ടാക്കാന്‍ കണ്ണൂരിന് കഴിഞ്ഞു. മരക്കാര്‍കണ്ടിയില്‍ നാലേമുക്കാല്‍ കോടി രൂപ ചെലവിട്ട് എസ് സി വിഭാഗക്കാരായ കുടുംബങ്ങള്‍ക്ക് ഭവന സമുച്ചയം നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയതിന്റെ അടിസ്ഥാനത്തില്‍ അടുത്തമാസം ഒന്നിന് മുഖ്യമന്ത്രി തറക്കല്ലിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍റേഷനാണ് നിര്‍മാണ കരാര്‍. ആനക്കുളം സഹസ്രസരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ ഉദ്ഘാടനം ഈ മാസം 15ന് മന്ത്രി കെ പി മോഹനന്‍ നിര്‍വഹിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നാഷനല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ സഹായത്തോടെ ആയിക്കരയില്‍ രണ്ടരക്കോടി ചെലവില്‍ ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്റെ ശിലാസ്ഥാപനം ഈ മാസം 21ന് കേന്ദ്രമന്ത്രി കെ വി തോമസ് നിര്‍വഹിക്കും. ഈ മൂന്ന് പ്രധാന പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഒരു മാസം കൂടി തുടരാന്‍ താല്‍പര്യപ്പെട്ടത്. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരം സ്ഥാനമൊഴിയുകയാണ്. ആദ്യം കഴിഞ്ഞ മാസം 30ന് ചെയര്‍പേഴ്‌സനും വൈസ് ചെയര്‍പേഴ്‌സനും ഒന്നിച്ച് രാജിവെക്കാനായിരുന്നു തീരുമാനം. പിന്നീട് പാര്‍ട്ടി പറഞ്ഞതുപ്രകാരം ഒറ്റക്ക് രാജിവെക്കുകയാണ്. വൈസ് ചെയര്‍മാനും ഇപ്പോള്‍ രാജിവെക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ല.
നഗരസഭാ ഓഫീസില്‍ വ്യാജ സീല്‍, വ്യാജ ഒപ്പ് സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അതുപുറത്തുകൊണ്ടുവരാനും അത്തരം ലോബികളെ പടിക്കുപുറത്താക്കാനും സാധിച്ചതില്‍ അഭിമാനമുണ്ട്. നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള കര്‍മ പദ്ധതിയെന്ന നിലയില്‍ സ്വിസ് ചാലഞ്ച് സംവിധാനത്തില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്ത മിര്‍ ഗ്രൂപ്പിന്റെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ പല മേഖലകളില്‍ നിന്നും ആരോപണവും സംശയങ്ങളും ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നത്. സ്വിസ് ചാലഞ്ച് മാതൃകയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. സെന്‍ട്രല്‍ മാര്‍ക്കറ്റ് പൊളിച്ചുമാറ്റി പുതിയ മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിന് ഹഡ്‌കോയുടെ ലോണ്‍ ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
20 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കണ്ണൂര്‍ നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് സമര്‍പിച്ചതും പയ്യാമ്പലം ക്രിമിറ്റോറിയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനായതും അരി ബസാറില്‍ 41 വീടുകളുടെ നിര്‍മാണം ആരംഭിക്കാനായതും നഗരത്തില്‍ 21 ബസ് ഷെല്‍ട്ടറുകളും രണ്ട് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചതും മികച്ച നേട്ടമായി കരുതുന്നതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. എസ് എന്‍ പാര്‍ക്ക്, രാജേന്ദ്രപാര്‍ക്ക്, പീതാംബര പാര്‍ക്ക് എന്നിവ നഗരസഭക്ക് യാതൊരു ബാധ്യതയുമില്ലാതെ നവീകരിക്കാനായി. രാജീവ് ആവാസ് യോജന പദ്ധതി നടപ്പാക്കാനായി. കണ്ണൂരിലെ എരുമക്കുടി, ആയിക്കര, ഉപ്പാലവളപ്പ് എന്നീ കോളനികളെ ഉള്‍പ്പെടുത്താനായി.
പി പി പി അടിസ്ഥാനത്തില്‍ ഈ മാസം 25ന് നടക്കുന്ന നിക്ഷേപസംഗമത്തിലേക്ക് കണ്ണൂര്‍ നഗരസഭയുടെ പ്രധാന പദ്ധതികളായ പഴയബസ്സ്റ്റാന്റിലെ കണ്ണൂര്‍ മാള്‍, അശോക മൈതാനം, സംഗീത തിയറ്റര്‍, സിക്രട്ടറിയുടെ ക്വാര്‍ട്ടേഴ്‌സ് സ്ഥിതിചെയ്യുന്ന സ്ഥലം എന്നിവിടങ്ങളിലെ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവ സമര്‍പിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സന്‍ പറഞ്ഞു.
നഗരസഭയിലെ അധികാര കൈമാറ്റം സംബന്ധിച്ച് മുസ്ലിംലീഗുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്നും യു ഡി എഫില്‍ സമ്പൂര്‍ണ ഐക്യമാണെന്നും അവര്‍ അറിയിച്ചു. പദവി പിടിച്ചുവെക്കുന്നതിന് പകരം വിട്ടുകൊടുക്കുന്നതാണ് മഹത്വം എന്ന ഖുര്‍ആന്‍ സൂക്തവും എം സി ശ്രീജ ഓര്‍മിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി രാമകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ജയസൂര്യന്‍, ടി സി താഹ, രാജേഷ് താളിക്കാവ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.