വ്യാപാരിയും ഓട്ടോ ഡ്രൈവര്‍മാരുമായുള്ള സംഘട്ടനം; കല്‍പ്പറ്റയില്‍ ഓട്ടോ പണിമുടക്കി

Posted on: May 8, 2013 6:00 am | Last updated: May 7, 2013 at 11:35 pm
SHARE

കല്‍പ്പറ്റ: ഓട്ടോറിക്ഷ ഡ്രൈവര്‍മാരും വ്യാപാരിയും തമ്മിലുണ്ടായ സംഘട്ടനത്തെതുടര്‍ന്ന് കല്പറ്റയില്‍ ഓട്ടോറിക്ഷകള്‍ പണിമുടക്കി. ഇന്ന് രാവിലെ ഒരുസംഘം ഓട്ടോറിക്ഷാക്കാര്‍ സംഘം ചേര്‍ന്ന് കല്‍പ്പറ്റ ഗൂഢലായിലുള്ള സുഭാഷിന്റെ ഫര്‍ണിച്ചര്‍ കടയില്‍ കയറി അയാളെ മര്‍ദ്ദിക്കുകയായിരുന്നു.
ആത്മരക്ഷാര്‍ത്ഥം ഇദ്ദേഹം കൈയ്യില്‍കിട്ടിയ ആയുധം ഉപയോഗിച്ച് രണ്ടുപേരെ കുത്തിപരിക്കേല്‍പ്പിച്ചു. തലേന്ന് ഓട്ടോറിക്ഷയും സുഭാഷ് സഞ്ചരിച്ചിരുന്ന വാഹനവും തമ്മില്‍ കൂട്ടിയിടിച്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പ്രശ്‌നം പറഞ്ഞുതീര്‍ക്കുകയും ചെയ്തുവത്രേ. എന്നാല്‍ ഇത് കണക്കിലെടുക്കാതെ ദിലീപ്കുമാര്‍, സുനീര്‍ തുടങ്ങി നാലോളംപേര്‍ തന്നെ കടയില്‍കയറി അകാരണമായി മര്‍ദ്ദിച്ചതായി സുഭാഷ് പരാതിപ്പെട്ടു. വ്യാപാരിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രകടനം നടത്തി.
കടകളില്‍ സുരക്ഷിതമായി കച്ചവടം ചെയ്യാനാവശ്യമായ സാഹചര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് വ്യാപാരി വ്യവസായി ആവശ്യപ്പെട്ടു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ കുത്തിപരിക്കേല്‍പ്പിച്ച സുഭാഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഡ്രൈവര്‍മാര്‍ പണിമുടക്കി പ്രകടനം നടത്തിയത്. കടയുടമ സുഭാഷിനെ അടിച്ച് മാരകമായി പരുക്കേല്‍ പ്പിക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റ യൂണിറ്റ് പ്രതിഷേധിച്ചു. കെ കുഞ്ഞിരായീന്‍ ഹാജി, ഇ ഹൈദ്രു, കെ കെ ജോണ്‍സണ്‍, എ പി ശിവദാസ്, കെ കെ എസ് നായര്‍,ഇബ്‌റാഹീം, പി വി അജിത്ത്, വി എ ജോണ്‍,ഷാജി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.ഇരുവരുടേയും പ്രകടനവും വാഹനങ്ങള്‍ റോഡിലേക്ക് കയറ്റി പാര്‍ക്ക് ചെയ്തതും മണിക്കൂറുകളോളം കല്‍പ്പറ്റ നഗരത്തില്‍ ഗതാഗതകുരുക്കിനിടയാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here