എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകള്‍ പ്രഹസനമാകുന്നു

Posted on: May 8, 2013 6:00 am | Last updated: May 7, 2013 at 11:28 pm
SHARE

വണ്ടൂര്‍:മികച്ച വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കാനായി നടത്തുന്ന എല്‍ എസ് എസ്, യു എസ ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ പ്രഹസനമാകുന്നതായി ആക്ഷേപം. പരീക്ഷകള്‍ യഥാസമയം നടത്തി ഫലം പ്രഖ്യാപിക്കുന്നില്ല. തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമില്ല.
ഇത് പരീക്ഷകളെ ലഘുവായി കാണുന്നതിന്റെ ഭാഗമാണെന്നാണ് പ്രധാന ആക്ഷേപം.
പരീക്ഷ എഴുതി ഉന്നത മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുകയും കുറവാണ്. 13 വര്‍ഷം മുമ്പ് നിശ്ചയിച്ച തുകയാണ് ഇപ്പോഴും നല്‍കി വരുന്നത്. എല്‍ എസ് എസ് നേടുന്ന വിദ്യാര്‍ഥിക്ക് 100 ഉം യു എസ ്എസ് നേടുന്ന വിദ്യാര്‍ഥിക്ക് 150 രൂപയാണ് നല്‍കുന്നത്.
പരീക്ഷയില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന ശരാശരി 20,000 കുട്ടികളാണ് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടുന്നത്.
മൂന്ന് വര്‍ഷം മുമ്പുവരെ തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരുന്നു സ്‌കോളര്‍ഷിപ്പ് തുക വിതരണത്തിന്റെ ചുമതല. ഇത് വ്യാപകമായ പരാതിക്ക് ഇടയാക്കിയതിനെത്തുടര്‍ന്ന് എ ഇ ഒ, ഡി ഇ ഒമാര്‍ വഴി സ്‌കൂളുകള്‍ക്ക് നേരിട്ടു നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാകട്ടെ ഭൂരിഭാഗം കുട്ടികള്‍ക്കും കിട്ടുന്നുമില്ല. കേന്ദ്ര സര്‍ക്കാറിന്റെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് പോലും 1,000 രൂപ നല്‍കുന്നുണ്ട്.
അതേ സമയം സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യുന്നതിലും സര്‍ക്കാറുകളുടെ അനാസ്ഥ തുടരുകയാണ്. സ്‌കോളര്‍ഷിപ്പ് തുക ഏറെ കുറവാണെങ്കിലും കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷയുടെ തുകയും ഇതുവരെ വിതരണം ചെയ്തിട്ടില്ല. മൂന്ന് വര്‍ഷം മുമ്പ് നടത്തിയ പരീക്ഷകളുടെ സ്‌കോളര്‍ഷിപ്പ് തുക കഴിഞ്ഞ വര്‍ഷമാണ് വിതരണം ചെയ്തത്. പലപ്പോഴും ഇവയുടെ പണം വകമാറ്റി ചെലവഴിക്കുകയാണെന്ന ആരോപണവുമുണ്ടായിരുന്നു.
പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുന്നതിലും വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഫെബ്രുവരിയില്‍ നടത്തിയ പരീക്ഷയുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷാഭവനാണ് പരീക്ഷകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഡയറ്റുകളുടെ നേതൃത്വത്തിലാണ് ജില്ലാതലങ്ങളിലെ പരീക്ഷാ നടത്തിപ്പ്.
സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ തുടര്‍ച്ചയെന്നോണം മികച്ച വിദ്യാര്‍ഥികള്‍ക്കായി തുടര്‍പരിശീലന പരിപാടികള്‍ പലയിടത്തും നടക്കാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here