Connect with us

Articles

അഴിമതിയുടെ വ്യാപനവും തൊലിക്കട്ടിയുടെ കനവും

Published

|

Last Updated

റെയില്‍വേ ബോര്‍ഡിലെ സ്ഥാനക്കയറ്റത്തിന് മന്ത്രിയുടെ സഹോദരീപുത്രന് കൈക്കൂലി കൊടുത്ത സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. മുംബൈ ആസ്ഥാനമായുള്ള പശ്ചിമ റെയില്‍വേയുടെ ജനറല്‍ മാനേജരായ മഹേഷ് കുമാര്‍ കൈയിട്ടു വാരാന്‍ എമ്പാടും സാധ്യതയുള്ള ബോര്‍ഡിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ചുമതലയിലേക്ക് മാറ്റം ആഗ്രഹിച്ചാണ് റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗ്ലക്ക് 90 ലക്ഷം രൂപ കൊടുത്തത്. ഈ മഹാ സേവനത്തിന് 10 കോടി രൂപയാണ് വിജയ് സിംഗ്ല ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 90 ലക്ഷം കൈമാറിയപ്പോഴാണ് സി ബി ഐയുടെ കരങ്ങള്‍ ആഞ്ഞുപതിച്ചത്. ബാക്കി 9.10 കോടി, വര്‍ഷം 3000 കോടിയിലേറെ രൂപക്ക് ടെന്‍ഡര്‍ നടപടികളുണ്ടാകുന്ന റെയില്‍വേയുടെ വൈദ്യുതീകരണ വിഭാഗത്തില്‍ നിന്ന് അടിച്ചെടുക്കാവുന്നതേയുള്ളൂ എന്ന നിഗമനത്തിലാകണം മഹേഷ് കുമാര്‍ അത്രയും വലിയ ഡീലിന് സമ്മതിച്ചത്. വിരമിക്കാനാകുമ്പോഴേക്ക് പത്ത് കോടിയുടെ പത്തിരട്ടി സമ്പാദിക്കാമെന്നും നിനച്ചുകാണും. എന്നാല്‍ ഇത്തരമൊരു കൊള്ളരുതായ്മയിലേക്ക് അധഃപതിക്കേണ്ട ആളല്ല മഹേഷ് കുമാര്‍ എന്നതാണ് അയാളുടെ പുരാവൃത്തം പറയുന്നത്. സിഗ്നലിംഗ് വിഭാഗത്തില്‍ അതിസമര്‍ഥനായ, ട്രെയിനുകളുടെ ട്രാക്ക് മാറലിന് നൂതന സംവിധാനമൊരുക്കിയ, ഗിന്നസ് ബുക്കിലിടം നേടിയ അതിപ്രഗത്ഭനാണെന്നാണ് മാധ്യമങ്ങള്‍ മഹേഷ് കുമാറിനെ പരിചയപ്പെടുത്തിയത്. ഇത്രയും സത്‌പേര് സമ്പാദിച്ച മഹേഷ് കുമാര്‍ പോലും പണാഗമന സാധ്യതകളില്‍ ആകൃഷ്ടനായി എന്നുവേണം കരുതാന്‍.
പണം കായ്ക്കുന്ന മരമായി സര്‍ക്കാര്‍ സേവനത്തെ കാണുന്ന പ്രവണത ദിനേന കൂടിവരികയാണ്. ഉന്നത ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗമാണ് ഇതിന് പിന്നില്‍. സര്‍ക്കാര്‍ പദ്ധതികള്‍, പല തരം ഇടപാടുകള്‍, സ്വദേശ, വിദേശ കരാറുകള്‍ തുടങ്ങി ഒരുപാട് “സാധ്യത”കള്‍ അനിതര സാധാരണ മെയ്‌വഴക്കത്തോടെ “പോക്കറ്റ് വികസന”ത്തിന് ഉപയോഗിക്കുകയാണ് ഒരു പറ്റം ഉന്നത ഉദ്യോഗസ്ഥര്‍. പ്രതിരോധ ഇടപാടുകളില്‍ നാള്‍ക്കുനാള്‍ ഉദ്യോഗസ്ഥ ഇടപെടലുകള്‍ വര്‍ധിക്കുന്നു. പലതും നാടിനെ ഞെട്ടിപ്പിക്കുന്നു.
അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്ക് വി വി ഐ പി ഹെലികോപ്ടര്‍ വിതരണ കരാര്‍ ലഭിക്കുന്നതിന് കമ്പനിയുടെ അധികൃതര്‍ അക്കാലത്തെ വ്യോമസേനാ മുന്‍ മേധാവിയുടെ കുടുംബത്തെ ചാക്കിട്ട് പിടിക്കുകയായിരുന്നു. ഈ കരാര്‍ ലഭിക്കുന്നതിന് വ്യോമസേനാ മുന്‍ മേധാവി എസ് പി ത്യാഗിയുടെ കുടുംബത്തെ കാശ് വീശി വശപ്പെടുത്തുകയായിരുന്നു ഇറ്റാലിയന്‍ കമ്പനി. എന്നാല്‍ ഇക്കാര്യം വെളിപ്പെടാന്‍ അഗുസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ സി ഇ ഒ ഗുസെപ്പെ ഒര്‍സി ഇറ്റലിയില്‍ അറസ്റ്റിലാകേണ്ടി വന്നു. അതോടെ പതിവു പോലെ ഇവിടെ ബഹളമായി, അന്വേഷണമായി, സഭ സ്തംഭിപ്പിക്കലായി, അന്വേഷണ ഉത്തരവുകളായി. അതോടെ എല്ലാം ശുഭം.
ഈയടുത്ത്, ഭരണ സിരാകേന്ദ്രങ്ങളെ വല്ലാതെ വിഷമസന്ധിയിലാക്കിയ സംഭവമാണ് മുന്‍ കരസേനാ മേധാവി വി കെ സിംഗിന്റെ വെളിപ്പെടുത്തല്‍. കരസേനയില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ആയുധ ഇടപാടിന് തനിക്ക് 14 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. പ്രതിരോധ ഇടപാടുകളില്‍ സജീവമായ അഴിമതികളുടെ, കമ്മീഷനുകളുടെ വിളംബരമായി ഭവിച്ചു അത്. സിംഗിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഒരുപാട് പൊട്ടിത്തെറികള്‍ക്ക് രാഷ്ട്രം സാക്ഷിയായി. സൈന്യവും ഭരണകൂടവും ഏറ്റുമുട്ടലിന്റെ വക്കിലാണെന്ന് വരെ കാര്യങ്ങള്‍ വന്നു.
ഇത്തരത്തിലുള്ള ചാക്കിട്ടു പിടിത്തവും കമ്മീഷന്‍ പിടുങ്ങലും ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല എന്നതാണ് യാഥാര്‍ഥ്യം. നെഹ്‌റു ഭരണകൂടത്തിലെ ആദ്യ അഴിമതിക്കെതിരെ പാര്‍ലിമെന്റില്‍ ആഞ്ഞടിച്ച ഫിറോസ് ഗാന്ധിയുടെ മക്കളായ സഞ്ജീവ് ഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഇടനിലക്കാരാക്കി ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട തരത്തില്‍ കരാറുകള്‍ നേടിയെടുത്തുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വിക്കിലീക്‌സ് രേഖകള്‍ പുറത്തുവിട്ടത് ഈയടുത്താണ്. സ്വീഡിഷ് കമ്പനിയായ സാബ് സ്‌കാനിയക്ക് വേണ്ടിയാണ് രാജീവ് ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് രേഖകള്‍ പറയുന്നത്. കിസ്സിന്‍ജര്‍ കേബിള്‍സ് എന്ന പേരില്‍ പുറത്തുവിട്ട യു എസ് നയതന്ത്ര രേഖകളിലാണ് രാജീവ് ഗാന്ധിക്കെതിരെയുള്ള പരാമര്‍ശം. 1970കളില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം പറപ്പിച്ച് കളിച്ചിരുന്ന കാലത്ത് രാജീവ് ഗാന്ധി വിഗ്ഗന്‍ യുദ്ധവിമാന കച്ചവടത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിന്റെ രേഖകള്‍ അങ്ങനെ പുറത്തുവന്നു. സാബ് സ്‌കാനിയ അവരുടെ വിഗ്ഗന്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ രാജീവായിരുന്നു മുഖ്യ ഇടനിലക്കാരന്‍. സഞ്ജയ് ഗാന്ധിയുടെ നിയന്ത്രണത്തിലുള്ള മാരുതി കമ്പനി, ബ്രീട്ടീഷ് വിമാന കമ്പനിയുടെ ഇടനിലക്കാരായി എന്നാണ് രേഖകളില്‍ പറയുന്നത്. 1976 ജൂലൈ എഴിന് വാഷിംഗ്ടണിലേക്ക് അമേരിക്കന്‍ എംബസി അയച്ച സന്ദേശത്തിലാണ് സഞ്ജയ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കുന്നത്. ഇന്ത്യന്‍ വായുസേനക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും വിമാനങ്ങള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇതില്‍ ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പറേഷന് (ബി എ സി) താത്പര്യമുണ്ടായിരുന്നു. ഡച്ച്, അമേരിക്കന്‍ കമ്പനികളോട് മത്സരിക്കാന്‍ ബി എ സിയുടെ ഉന്നതതല സംഘം ഇന്ത്യയിലെത്തി. ഇവര്‍ക്ക് സഞ്ജയ് ഗാന്ധിയുടെ നിയന്ത്രണത്തിലുള്ള മാരുതി കമ്പനി സഹായം വാഗ്ദാനം ചെയ്തു. ഇടനിലക്കാരായി പ്രവര്‍ത്തിക്കാനുള്ള അവസരം മാരുതിക്ക് കിട്ടി. അങ്ങനെ സമ്പൂര്‍ണ “കമ്മീഷന്‍ കുടുംബമായി” മാറുകയായിരുന്നു നെഹ്‌റുവിന്റെ പേരമക്കള്‍. എന്നാല്‍, ആ ഇടപാടുകള്‍ തന്നെ രാജീവിന്റെ രാഷ്ട്രീയത്തില്‍ കരിനിഴല്‍ വീഴ്ത്തി. നിഷ്‌കളങ്കതയുടെ ആള്‍രൂപമായി പേരെടുത്ത രാജീവിന്റെ കാലത്തുതന്നെയാണ് ബോഫോഴ്‌സ് ഇടപാടും വില്ലനായി ക്വൊത്‌റോച്ചിയുടെ രംഗപ്രവേശവും ഉണ്ടാകുന്നത്. ഗതി കെടുമ്പോള്‍ സര്‍ക്കാറിനെതിരെ പ്രയോഗിക്കാവുന്ന വജ്രാസ്ത്രമായി ക്വത്‌റോച്ചി മാറിയെന്നല്ലാതെ മറ്റൊരുപകാരവുമില്ലാതെ ആ വിവാദം ഇടക്കിടക്ക് മാത്രം മുളപൊട്ടുന്നു.
ഇത്തരം അഴിമതികളില്‍ നട്ടെല്ലുയര്‍ത്തി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ പോലും ത്രാണിയില്ലാത്തവരായിരിക്കുന്നു പ്രതിപക്ഷങ്ങള്‍. കാരണം, കുളി മുറിയില്‍ എല്ലാവരും നഗ്നരാണല്ലോ! അധികാരത്തിന്റെ കുഞ്ചിത സ്ഥാനങ്ങളില്‍ വിലസിയപ്പോള്‍ തങ്ങളും ഇതിലധികം ചെയ്തിട്ടുണ്ടെന്ന “കുറ്റബോധം” ബി ജെ പിയെ നിരന്തരം വേട്ടയാടുന്നുണ്ട്. കാര്‍ഗിലില്‍ വീരമൃത്യു വരിച്ച സൈനികരുടെ ചേതനയറ്റ ശരീരം വഹിക്കാനുള്ള ശവപ്പെട്ടികളില്‍ പോലും അഴിമതിസാധ്യത കണ്ടെത്തി, വിജയിച്ച പ്രഭൃതികളുടെ നിരയാണല്ലോ ബി ജെ പിയിലുള്ളത്! പിന്നെയെങ്ങനെ നട്ടെല്ലുയരും.
ഈ ഇടപാടുകളില്‍ തെറിക്കുന്നത് മന്ത്രിമാരുടെയോ രാഷ്ട്രീയ നേതാക്കളുടെയോ ഒക്കെ തലകളാണ്. എന്നാല്‍ പലപ്പോഴും ചരടുവലി നടത്തുന്നത് ഉദ്യോഗസ്ഥന്‍മാരായിരിക്കും. ബ്യൂറോക്രസിയുടെ തേര്‍വാഴ്ചയാണ് പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ പടുകുഴിയിലാകാന്‍ കാരണം. വിദേശ, സ്വദേശ കുത്തകകള്‍ ചാക്കിട്ട് പിടിക്കുന്നതും ഇവരെ തന്നെ. ഭോപ്പാലില്‍ ജനജീവിതങ്ങളെ കശക്കിയെറിഞ്ഞ യൂനിയന്‍ കാര്‍ബൈഡും കാസര്‍കോട്ടും മറ്റും കുഞ്ഞുങ്ങളെ പോലും വെറുതെവിടാതെ ദുരിതക്കയത്തില്‍ പെടുത്തിയ എന്‍ഡോസള്‍ഫാനും പഴുതുകളൊരുക്കിയതും ഈ ഉദ്യോഗസ്ഥവൃന്ദങ്ങളാണ്.
കേരളത്തില്‍ ഈയടുത്ത് മൈന്‍സ് ആന്‍ഡ് സേഫ്റ്റി ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ നരസയ്യയെ സി ബി ഐ കൊച്ചിയില്‍ വെച്ച് അറസ്റ്റ് ചെയ്തത് പ്രധാന വാര്‍ത്തയായിരുന്നു. നരസയ്യയും മൈന്‍സ് ഡയറക്ടറേറ്റിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും എന്തുകൊണ്ടാണ് കേരളത്തെ ലക്ഷ്യം വെച്ചത് എന്നത് പരിശോധിക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. കര്‍ണാടകയിലെ സാമ്പത്തിക, രാഷ്ട്രീയ ഭരണ മേഖലകളില്‍ അടക്കിവാണ റെഡ്ഢി സഹോദരന്‍മാരുടെ പതനത്തെ തുടര്‍ന്നാണ് നരസയ്യയും കൂട്ടരും കേരളത്തിലേക്ക് വണ്ടി കയറിയത്. കര്‍ണാടകയിലെ പോലെ ഇരുമ്പയിരോ കല്‍ക്കരിയോ കേരളത്തിലില്ല. ആകെയുള്ളത് ചെങ്കല്‍, കരിങ്കല്‍ ഖനനമാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി പാറമടകള്‍ ചൂഷണം ചെയ്യാന്‍ മൈന്‍സ് വകുപ്പിന്റെ അനുമതി അനിവാര്യമാണ്. കേരളത്തിലെ ഖനി മുതലാളിമാര്‍ ആദ്യമൊക്കെ നരസയ്യയെ കാണാന്‍ ബംഗളൂരുവിലേക്ക് പോകുകയായിരുന്നു പതിവ്. എന്നാല്‍ പണപ്പിരിവ് ഊര്‍ജിതമായതോടെ നരസയ്യയും കൂട്ടരും നേരിട്ടെത്തി “പ്രതിഫലം” വാങ്ങുന്ന സ്ഥിതി വന്നു. നരസയ്യയും ചരിത്രവും രസകരമാണ്. മൈസൂരുകാരനായ നരസയ്യയുടെ പിതാവ് ഉന്നത ഉദ്യോഗസ്ഥനാണ്. കൈക്കൂലിപ്പണം വാങ്ങാന്‍ അന്ന് നരസയ്യയെയായിരുന്നു പിതാവ് ഏല്‍പ്പിച്ചത്. വളര്‍ന്നപ്പോള്‍ നരസയ്യ അച്ഛന്റെ മകനും പിന്നീട് മകന്റെ അച്ഛനുമായി എന്നതാണ് സത്യം.
ഇത്തരത്തില്‍ ഉദ്യോഗസ്ഥ അഴിമതി ഭീകരതയാണ് രാജ്യത്തെ വലിഞ്ഞുമുറുക്കുന്നത്. പണക്കൊഴുപ്പാണ് സകലതിനെയും നിയന്ത്രിക്കുന്നത്. കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം തട്ടാനുള്ള പദ്ധതിയാണ് അതിരപ്പള്ളിയെന്ന് പ്രൊഫ. മാധവ് ഗാഡ്ഗില്‍ പറഞ്ഞത് എഴുതിത്തള്ളാനാകില്ല. കസ്തൂരിരംഗനെ വെച്ചുള്ള പുതിയ പശ്ചിമഘട്ട റിപ്പോര്‍ട്ടും അതിന്റെ ഭാഗമാണെന്ന് ഗാഡ്ഗില്‍ പറയുന്നത് വെറും കണ്ണുകടി കൊണ്ടല്ല. തിരുവനന്തപുരം- മംഗലാപുരം അതിവേഗ റെയില്‍വേ ഇനാഴിയും നഷ്ടത്തിന്റെ പുതിയ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ എല്‍ എന്‍ ജിയിലേക്ക് മാറ്റുന്നതും, കെ എസ് ഇ ബിയുടെ നഷ്ടക്കണക്കുകളുടെ കണ്ണീര്‍ കഥകളും മറ്റും കൂട്ടിവായിക്കേണ്ടതാണ്. കൊച്ചി മെട്രോയുടെ നിര്‍മാണം മാധ്യമങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ തിരുമൊഴികളിലും മാത്രം നടക്കുന്നതിന്റെ പശ്ചാത്തലവും പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത്തരം കമ്മീഷന്‍ പിടുങ്ങലിനും പരമാവധി ഊറ്റിയെടുക്കലിനും ഒരു പറ്റം പ്രധാന മാധ്യമങ്ങളും അച്ച് നിരത്തുന്നു എന്നതാണ് കൂടുതല്‍ ഖേദകരം. കെ എസ് ആര്‍ ടി സി ബസുകള്‍ എല്‍ എന്‍ ജിയിലേക്ക് മാറ്റുന്നത് കേന്ദ്രം 100 കോടി രൂപ സഹായം പ്രഖ്യാപിച്ചപ്പോള്‍ എത്രമാത്രം ആവേശത്തോടെയാണ് മാധ്യമങ്ങള്‍ പ്രതികരിച്ചത്? അതിന്റെ സാങ്കേതിക മാറ്റമോ യാത്രാ സൗകര്യമോ ഒന്നും ആധാരമാക്കിയിരുന്നില്ല. അല്ലെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയപ്പോള്‍, 40 യൂനിറ്റുകാര്‍ക്ക് നിരക്ക് കൂടില്ലെന്നത് പെരുപ്പിച്ച് കാട്ടിയ മാധ്യമങ്ങള്‍ “സമൂഹ സേവനം” നടത്തുമ്പോള്‍ ഇതിലും ഇതിലധികവും നടക്കും.

Latest