സിറിയ: ഡെല്‍പോന്റെ വെളിപ്പെടുത്തല്‍

Posted on: May 8, 2013 6:00 am | Last updated: May 7, 2013 at 9:26 pm
SHARE

സിറിയന്‍ ആഭ്യന്തര കലാപത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഐക്യരാഷ്ട്ര സഭാ സ്വതന്ത്രാന്വേഷണ കമ്മീഷന്‍ മേധാവി കാര്‍ലാ ഡെല്‍പോന്റെ വെളിപ്പെടുത്തല്‍. സിറിയയില്‍ വിമത പോരാളികള്‍ മാരകമായ രാസായുധങ്ങള്‍ പ്രയോഗിക്കുന്നുണ്ടെന്നും ഇതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നുമാണ് ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. കടുത്ത ശ്വാസതടസ്സം, വിറയല്‍ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന സാറിന്‍ എന്ന രാസവസ്തുവാണ് ഇവിടെ പ്രയോഗിച്ചത്. സിറിയന്‍ സര്‍ക്കാര്‍ രാസായുധം ഉപയോഗിച്ചതിന് തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സിറിയയിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സഭ 2011 ആഗസ്റ്റില്‍ രൂപവത്കരിച്ചതാണ് ഡെല്‍പോന്റെ നേതൃതത്തിലുള്ള സ്വതന്ത്രാന്വേഷണ കമ്മീഷന്‍.
അസദ് ഭരണകൂടം സിറിയന്‍ ജനതക്ക് മേല്‍ രാസായുധം പ്രയോഗിക്കുന്നതായി അമേരിക്കയും ബ്രിട്ടനും ആരോപിച്ചുകൊണ്ടിരിക്കുന്നതിനിടെ കാര്‍ലാ ഡെല്‍പോന്റെ വെളിപ്പെടുത്തല്‍ സിറിയയിലെ ആഭ്യന്തര കലാപത്തില്‍ പാശ്ചാത്യ ശക്തികള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തെ ബലപ്പെടുത്തുകയാണ്. അസദിനെതിരായ ജനവികാരം ആളിക്കത്തിച്ച് സിറിയയില്‍ ഭരണമാറ്റത്തിന് വഴിയൊരുക്കി രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുകയും ആ വിടവില്‍ പാശ്ചാത്യ ശക്തികളുടെ താത്പര്യത്തിനുതകുന്ന ഭരണകൂടത്തെ പ്രതിഷ്ഠിക്കുകയുമാണ് അമേരിക്കയുടെയും സഹകാരികളുടെയും ലക്ഷ്യം. ഈജിപ്തിലെയും ലിബിയയിലെയും പോലെ ചില നിക്ഷിപ്ത താത്പര്യങ്ങളുണ്ട് പാശ്ചാത്യ ശക്തികള്‍ക്കും ഇസ്‌റാഈലിനും സിറിയയില്‍. ഇറാനുമായുള്ള നല്ല ബന്ധം അസദ് ഭരണകൂടത്തെയും അവരുടെ കണ്ണിലെ കരടാക്കി മാറ്റിയിരിക്കയാണ്. ഇസ്‌റാഈലിനാണെങ്കില്‍, ഫലസ്തീനികളുടെ വിമോചന പോരാട്ടങ്ങള്‍ക്ക് എല്ലാ സഹായസഹകരണവും നല്‍കിപ്പോരുന്ന സിറിയയുടെ തകര്‍ച്ചയില്‍ പ്രത്യേക താത്പര്യവുമുണ്ട്.
ഈജിപ്തിലും ലിബിയയിലും ടുണീഷ്യയിലും അരങ്ങേറിയ വിപ്ലവങ്ങളുടെ പശ്ചാത്തലത്തില്‍ സിറിയയിലും ആഭ്യന്തര കലാപത്തിന് വഴിമരുന്നിടുകയും കലാപകാരികള്‍ക്ക് രഹസ്യമായി ആയുധങ്ങളെത്തിച്ചുകൊടുക്കുകയും ചെയ്ത പാശ്ചാത്യ ശക്തികള്‍ അസദ് ഭരണകൂടത്തിന്റെ വീഴ്ചക്ക് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കയാണ്. എന്നാല്‍ സിറിയയില്‍ കാര്യം അത്ര എളുപ്പമല്ലെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷത്തിലേറെ നീണ്ടിട്ടും വിമത സൈന്യത്തിന്റെ സായുധ പ്രക്ഷോഭത്തിന് അസദ് ഭരണകൂടത്തെ ഏറെയൊന്നും പോറലേല്‍പ്പിക്കാനായിട്ടില്ല. അസദ്‌വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ‘സിറിയന്‍ ഫ്രീ ആര്‍മി’ക്ക് പടിഞ്ഞാറിന്റെയും അറബ് രാഷ്ട്രങ്ങളുടെയും നിര്‍ലോപ പിന്തുണയുണ്ടായിട്ടും അസദിന്റെ ചെറുത്തുനില്‍പ്പ് സയണിസ്റ്റ് ലോബിയെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം സിറിയക്ക് നേരെയുള്ള ഇസ്‌റാഈലിന്റെ വ്യോമാക്രമണങ്ങളെ വിലയിരുത്താന്‍. ലബനാനിലെ ഹിസ്ബുല്ല പോരാളികളിലേക്ക് ഇറാന്‍ നിര്‍മിത മിസൈലുള്‍ എത്തിച്ചു കൊടുക്കുന്ന സിറിയയിലെ വിമത പോരാളികളാണ് തങ്ങളുടെ ആക്രമണ ലക്ഷ്യമെന്നാണ് ഇസ്‌റാഈലിന്റെ വിശദീകരണമെങ്കിലും, മൂന്ന് തവണ അവര്‍ നടത്തിയ വ്യോമാക്രമണങ്ങളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചത് സിറിയന്‍ സൈനികര്‍ക്കാണെന്നത് ശ്രദ്ധേയമാണ്. സിറിയയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി അമേരിക്കയെ ഇടപെടുവിക്കുകയാണ് ഇസ്‌റാഈലിന്റെ ലക്ഷ്യമെന്നാണ് നിരീക്ഷകരുടെ നിഗമനം. തങ്ങളുടെ റോക്കറ്റാക്രമണം ഇസ്‌റാഈലിനെ ആക്രമിക്കാന്‍ അസദിനെ പ്രചോദിപ്പിക്കുമെന്നും അമേരിക്കക്ക് സിറിയയില്‍ ഇടപെടാന്‍ അതവസരമൊരുക്കുമെന്നും സയണിസ്റ്റ് കുബുദ്ധി കണക്കു കൂട്ടൂന്നു. എന്നാല്‍ ശ്രദ്ധാപൂര്‍വമാണ് അസദിന്റെ പ്രതികരണം. ഇസ്‌റാഈലിന്റെ ആക്രമണത്തെ രൂക്ഷമയി അപലപിക്കുന്നതോടൊപ്പം തന്നെ, ഒരു എടുത്തുചാട്ടത്തിന് മുതിരാതെ സംയമനം പാലിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
അറബ് നാടുകളില്‍ വിപ്ലവത്തിന് പ്രചോദനം നല്‍കി കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് പോലുള്ള സംഘടനകളാണ് ഇവിടെ യഥാര്‍ഥ പ്രതികള്‍. അറിഞ്ഞോ അറിയാതെയോ പടിഞ്ഞാറന്‍ ശക്തികളുടെ ചട്ടുകങ്ങളായി മാറുകയാണ് ഇക്കൂട്ടര്‍. സിറിയന്‍ കലാപത്തില്‍ പ്രത്യക്ഷ പങ്കില്ലെങ്കിലും പ്രക്ഷോഭത്തിന് ഇവരുടെ പരോക്ഷ പിന്തുണയുണ്ടെന്നത് ഒരു രഹസ്യമല്ല. ഈജിപ്തിലെ പോലെ പ്രക്ഷോഭം വിജയം കാണുമെന്ന് ബോധ്യമായാല്‍ മുടുപടം നീക്കി ബ്രദര്‍ ഹുഡ് രംഗത്ത് വരികയും ബദല്‍ ഭരണകൂടത്തിന്റെ ചുക്കാന്‍ കൈയടക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇസ്‌ലാമിസ്റ്റ് സംഘടനകളെ കൊണ്ടുതന്നെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ അസ്ഥിരത സൃഷ്ടിക്കുന്ന അതികൗശലമാണ് സയണിസ്റ്റുകള്‍ ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here