ഗ്രോസറികളിലെ സിഗരറ്റ് വില്‍പ്പന; പരിശോധന തുടങ്ങി

Posted on: May 7, 2013 7:59 pm | Last updated: May 7, 2013 at 8:01 pm
SHARE

sigaratteഷാര്‍ജ:ഗ്രോസറികളില്‍ സിഗരറ്റ് വില്‍പ്പന നിരോധം കര്‍ശനമായി നടപ്പിലാക്കാന്‍ നഗരസഭ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഗ്രോസറികളില്‍ അധികൃതര്‍ പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം മുസല്ല ഭാഗത്തെ ഗ്രോസറികളില്‍ പരിശോധന നടത്തി. ഗ്രസറികളില്‍ സിഗരറ്റ് വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള നോട്ടീസുകള്‍ ഒരാഴ്ച മുമ്പ് ഉടമകള്‍ക്ക് ലഭിച്ചിരുന്നു. സിഗരറ്റ് വില്‍ക്കരുതെന്നും നിയമം ലംഘിച്ചാല്‍ പിഴ ശിക്ഷ നേരിടേണ്ടിവരുമെന്നും നഗരസഭ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിരോധം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിരുന്നില്ലെന്ന് റോളയിലെ ഒരു ഗ്രോസറി ഉടമ പറഞ്ഞു. നിരോധനം കര്‍ശനമാക്കിയതോടെ ഗ്രോസറികളില്‍ നിന്നും സിഗരറ്റുകള്‍ അപ്രത്യക്ഷമായി. പിഴ ശിക്ഷ ഭയന്ന് സിഗരറ്റ് വില്‍പ്പന പല ഗ്രോസറികളും നിര്‍ത്തിവെച്ചു. ഇവിടങ്ങളിലെ പ്രധാന കച്ചവടമായിരുന്നു സിഗരറ്റുകള്‍. സിഗരറ്റ് വാങ്ങാനെത്തുന്നവര്‍ മറ്റേതെങ്കിലും സാധനങ്ങള്‍ കൂടി വാങ്ങുന്നത് വ്യാപാരികള്‍ക്ക് കച്ചവടം വര്‍ധിപ്പിച്ചിരുന്നു. നിരോധനം മൂലം ആ കച്ചവടവും കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും വ്യാപാരികള്‍ പറയുന്നു.

അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സിഗരറ്റ് വില്‍പ്പനക്ക് നിരോധമില്ലെന്നാണറിയുന്നത്. നിരോധം സംബന്ധിച്ച് നോട്ടീസൊന്നും ലഭിച്ചില്ലെന്ന് റോള അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലും വിദ്യാലയ പരിസരങ്ങളിലും സിഗരറ്റ് വില്‍പ്പന നിരോധിക്കാന്‍ നഗരസഭ നേരത്തെ തീരുമാനിച്ചിരുന്നു. കൗമാരക്കാര്‍ പുകവലിക്ക് അടിപ്പെടുന്നുവെന്ന കണ്ടെത്തിലിനെ തുടര്‍ന്നായിരുന്നു ഇത്. അധികൃതരുടെ തീരുമാനം രക്ഷിതാക്കളും വിദ്യാലയ അധികൃതരും സ്വാഗതം ചെയ്തിരുന്നു.
അതേസമയം അജ്മാനിലെ ഗ്രോസറികളില്‍ സിഗരറ്റ് വില്‍പ്പന നഗരസഭ നേരത്തെ നിരോധിച്ചിരുന്നു. ഇത് ഗ്രോസറികളുടെ നിലനില്‍പ്പിനെ ബാധിച്ചതോടെ നിരോധനത്തില്‍ അയവ് വരുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here