ഖത്തര്‍ മലയാളി മാന്വല്‍ രണ്ടാം എഡിഷന്‍ പ്രകാശനം ചെയ്തു

Posted on: May 7, 2013 7:45 pm | Last updated: May 7, 2013 at 7:45 pm
SHARE

ദോഹ. ഖത്തറിലെ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ മലയാളികളുടെ ചരിത്രം രേഖപ്പെടുത്തി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് മലയാളി സംഘടനാനേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എം. വര്‍ഗീസ്, ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ കെ.കെ. ഉസ്മാന്‍, ഇന്‍കാസ് പ്രസിഡണ്ട് ജോപ്പച്ചന്‍ തെക്കേക്കുറ്റ് , ഐ.സി.ബി.എഫ് പ്രസിഡന്റ് കരീം അബ്ദുല്ല, കെ. എം. സി.സി. ജനറല്‍ സെക്രട്ടറി അബ്ദുന്നാസിര്‍ നാച്ചി, സംസ്‌കൃതി ജനല്‍ സെക്രട്ടറി പി. എന്‍. ബാബുരാജന്‍, സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജി, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി, സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ഡോ. വണ്ടൂര്‍ അബൂബക്കര്‍, അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് മാന്വല്‍ പ്രകാശനം ചെയ്തത്.

മെച്ചപ്പെട്ട ജീവിതമാര്‍ഗം തേടിയുള്ള മലയാളിയുടെ സഞ്ചാരത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വളരെ സാഹസികമായി ലോഞ്ചിലും മറ്റും ഗള്‍ഫിലെത്തി നാടിനും വീടിനും അത്താണിയായി മാറിയ എത്രയെത്ര പ്രവാസികള്‍. സ്വന്തം ജീവന്‍ പോലും പണയം വെച്ച് കടല്‍ യാത്ര നടത്തി നിരവധി തലമുറകള്‍ക്കുള്ള ജീവനമാര്‍ഗം കണ്ടെത്തിയ ആ മലയാളികളെ ഇനിയെങ്കിലും നാം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടപ്പിറപ്പുകളുടെ വിശപ്പിന്റെ കരച്ചില്‍ കാതുകളില്‍ വുനിറഞ്ഞപ്പോഴാണ് മലയാളികള്‍ പലരും പേര്‍ഷ്യയിലേക്ക് ഇറങ്ങിതിരിച്ചത്. ശൂന്യതയിലേക്കുള്ള യാത്രയായിരുന്നു പലര്‍ക്കുമത്. എ ന്നാല്‍ കഠിനാദ്ധ്വാനവും ക്ഷമയും അര്‍പ്പണബോധവും കൈമുതലാക്കിയ അവര്‍ ലക്ഷ്യം കൈവരിച്ചു. ആ ലക്ഷ്യ പ്രാപ്തിയുടെ ആസ്വാദകരാണ് ഇന്ന് ഗള്‍ഫിലുള്ളവരും കേരളത്തിലെ അവരുടെ ആശ്രിതരും.

ഒരു ചരിത്ര ഗ്രന്ഥത്തിലും ഇടം കിട്ടാതെ പോയ ഖത്തര്‍ മലയാളികളുടെ ജീവിതത്തെ പച്ചയായി പകര്‍ത്തുകയും വരും തലമുറക്ക് പഠിക്കാന്‍ സമാഹരിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ഖത്തര്‍ മലയാളി മാന്വലിലൂടെ മീഡിയ പ്‌ളസ് ചെയ്യാനുദ്ദേശിക്കുന്നത് . പ്രവാസി സമൂഹത്തിലെ വിരലിലെണ്ണാവുന്ന പ്രമുഖരുടെ നേട്ടങ്ങളും ചരിത്രവും മാത്രം ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ സാധാരണക്കാരന്റെ വിജയഗാഥകളും സംഭവബഹുലമായ ജീവിത യാഥാര്‍ഥ്യങ്ങളും രേഖപ്പെടുത്താതിരുന്നുകൂട എന്ന തിരിച്ചറിവാണ് ഈ ഉദ്യമത്തിന് പ്രേരകം. ഇന്ന് ഉന്നതങ്ങളില്‍ കഴിയുന്ന പലര്‍ക്കും ത്യാഗത്തിന്റേയും ദുരിതത്തിന്റേയും വേദന നിറഞ്ഞ ഒരു പൂര്‍വകാല ജീവതമുണ്ട്. പുതിയ തലമുറക്ക് പലതും പഠിക്കാന്‍ കഴിയുന്ന രീതിയില്‍ ആ ജീവിതത്തിലൂടെ അവരുടെ ചരിത്രം അനാവരണം ചെയ്യുകയാണ് ഖത്തര്‍ മലയാളി മാന്വല്‍.

ലോകചരിത്രത്തില്‍ തന്നെ സവിശേഷമായ പ്രസിദ്ധീകരണമെന്ന് വിലയിരുത്തപ്പെട്ട മാന്വലിന്റെ ആദ്യ പതിപ്പിന് ലഭിച്ച പിന്തുണയും പ്രോല്‍സാഹനവുമാണ് രണ്ട് വര്‍ഷത്തിനകം പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് എന്ന ആശയവുമായി തങ്ങള്‍ മുന്നോട്ടുവന്നതെന്നും മൂന്നാം പതിപ്പ് 2015 ജനുവരിയില്‍ പ്രസിദ്ധീകരിക്കുമെന്നും മാന്വല്‍ ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സി. ഇ. ഒയുമായ അമാനുല്ല വടക്കാങ്ങര പറഞ്ഞു. അല്‍ മുഫ്ത മാനേജിംഗ് ഡയറക്ടര്‍ ഏ.കെ.ഉസ്മാന്‍, ആര്‍ഗണ്‍ ഗ്ലോബന്‍ സി.ഇ.ഒ അബ്ദുല്‍ ഗഫൂര്‍, തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് കെ.എം.അനില്‍, മാസ് ഖത്തര്‍ പ്രസിഡന്റ് കെ.പി നൂറുദ്ധീന്‍, കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ സ്ഥാപകാംഗം ആവണി വിജയകുമാര്‍. വോയ്‌സ് ഓഫ് ഖത്തര്‍ അഹ്‌ലന്‍ ദോഹ പ്രോഗ്രാം ഡയറക്ടര്‍ യതീന്ദ്രന്‍ മാസ്റ്റര്‍, ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കെ.വി അബ്ദല്ലക്കുട്ടി, കാനഡയിലെ മെസഞ്ചര്‍ ഓഫ് മേഴ്‌സി ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി.കെ ഇബ്രാഹീം ടോറന്റോ, ഖത്തര്‍ പയ്യോളിയന്‍സ് ചെയര്‍മാന്‍ ഇസ്മായില്‍ മേലടി എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here