Connect with us

National

കൈക്കൂലി: റെയില്‍വേ ബോര്‍ഡംഗത്തിന്റെ വീട്ടില്‍ റെയ്ഡ്: പണവും ആഭരണങ്ങളും പിടികൂടി

Published

|

Last Updated

മുംബൈ:റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ അനന്തരവന് 90 ലക്ഷം രൂപ കൈക്കൂലി നല്‍കുന്നതിനിടെ പിടിയിലായ റെയില്‍വേ ബോര്‍ഡ് അംഗം മഹേഷ്‌കുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ നടത്തി. റെയ്ഡില്‍ പണവും വജ്രവും ആഭരണങ്ങളും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തതായാണ് വിവരം.

റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനായി വെച്ചിരുന്ന വസ്തുവകകളുടെ രേഖകളും റെയ്ഡില്‍ സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

റെയില്‍വേ ബോര്‍ഡംഗമായി നിയമിതനായ മഹേഷ്‌കുമാര്‍ വൈദ്യുതീകരണ വിഭാഗത്തിലേക്ക് മാറുന്നതിനായിരുന്നു 90 ലക്ഷം രൂപ മന്ത്രിയുടെ ബന്ധുവിന് കൈക്കൂലിയായി നല്‍കിയത്. 10 കോടി രൂപയായിരുന്നു ആവശ്യപ്പെട്ടതെന്നും ഇതിന്റെ ആദ്യഗഡുവായിട്ടാണ് 90 ലക്ഷം കൈമാറിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

റെയില്‍വേയുടെ 2000 കോടി രൂപയുടെ വൈദ്യുതീകരണ പദ്ധതികളില്‍ കണ്ണുവെച്ചായിരുന്നു മഹേഷ്‌കുമാറിന്റെ നീക്കമെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. ഇടപാട് മണത്തറിഞ്ഞ സിബിഐ മന്ത്രിയുടെ അനന്തരവനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിരുന്നു.

Latest