റെയില്‍വേ കോഴ:ബന്‍സാലിന്റെ പങ്കിന് തെളിവ്

Posted on: May 7, 2013 4:20 pm | Last updated: May 8, 2013 at 10:57 pm
SHARE

ashwinikumar bansal

ന്യൂഡല്‍ഹി: റെയില്‍വേ കൈക്കൂലിക്കേസില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാലിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് സി ബി ഐക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. അനന്തരവന്‍ വിജയ് സിംഗ്ല 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് ബന്‍സാലിനു വേണ്ടിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിജയ് സിംഗ്ല തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നതായും സി ബി ഐ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയിലെ മറ്റു നിയമനങ്ങളെ കുറിച്ചും സി ബി ഐ അന്വേഷണം തുടങ്ങി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാഹുല്‍ ഭണ്ഡാരിയെ ചോദ്യം ചെയ്യുമെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു. ബന്‍സാലിനെയും സി ബി ഐ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.

വിജയ് സിംഗ്ല നടത്തിയ ആയിരത്തോളം ടെലിഫോണ്‍ കോളുകള്‍ സി ബി ഐ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയില്‍വെ കൈക്കൂലി കേസ് സി ബി ഐ അന്വേഷിക്കുന്നത്. ഇതില്‍ പലതും വിജയ് സിംഗ്ലയും ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ സംഭാഷണങ്ങളാണ്. വിജയ് സിംഗ്ലയുമായി ഭണ്ഡാരിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് നിഗമനം. ഇരുവരുടെയും എല്ലാ ബന്ധങ്ങളും അന്വേഷിക്കും. അടുത്തിടെ നടന്ന നിയമനങ്ങളെയും സ്ഥലംമാറ്റങ്ങളെയും കുറിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുമെന്നും സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് വിജയ് സിംഗ്ലയുടെ ബന്ധു അജയ് ഗാര്‍ഗിനെ സി ബി ഐ അറസ്റ്റ് ചെയ്തു. കൈക്കൂലി ഇടപാട് ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഇയാള്‍ക്ക് മറ്റ് പ്രതികളുമായി ബന്ധമുണ്ടെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു.
ഉന്നത സ്ഥാനത്തിന് വേണ്ടി വിജയ് സിംഗ്ലക്ക് പണം നല്‍കിയ റെയില്‍വേ ബോര്‍ഡംഗം മഹേഷ്‌കുമാറിന്റെ മുംബൈയിലെ വസതി റെയ്ഡ് ചെയ്ത സി ബി ഐ സംഘം വന്‍ തോതില്‍ പണവും ആഭരണങ്ങളും വസ്തു ഇടപാട് രേഖകളും കണ്ടെടുത്തു. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമി പേരിലുള്ള വസ്തു ഇടപാട് രേഖകളാണ് ഇവയെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു. തെളിവുകള്‍ നശിപ്പിച്ചതിന് റെയില്‍വേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥനെതിരായി എഫ് ഐ ആറും തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം, പേഴ്‌സനല്‍ സ്റ്റാഫിലുള്ള ആരും തെറ്റായ പ്രവൃത്തികള്‍ ചെയ്തിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിയമനവുമായോ സ്ഥലംമാറ്റവുമായോ ബന്ധപ്പെട്ട ഒരു കാര്യത്തിലും ഭണ്ഡാരി ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം ഒരു സാധാരണ സ്റ്റാഫ് മാത്രമാണെന്നും റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
രഹസ്യാന്വേഷണം നടത്തി വ്യക്തത വരുത്തി കാബിനറ്റിന്റെ നിയമന കമ്മിറ്റിയുടെ സമ്മതപ്രകാരം മാത്രമെ റെയില്‍വേ ബോര്‍ഡില്‍ പുതിയ അംഗങ്ങളെ എടുക്കുകയും സ്ഥാനമാറ്റം നല്‍കുകയും ഉള്ളൂവെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ചുമതല നല്‍കാന്‍ തീരുമാനിക്കുന്നത് റെയില്‍വേ മന്ത്രിയാണ്. ഈ പശ്ചാത്തലത്തിലാണ് റെയില്‍വേ മന്ത്രിയെ ചോദ്യം ചെയ്യാന്‍ സി ബി ഐ തയ്യാറെടുക്കുന്നത്.
റെയില്‍വേ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും കൈക്കൂലിക്കേസില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ബന്‍സാലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളടക്കം സി ബി ഐയുടെ നിരീക്ഷണത്തിലാണ്. മന്ത്രിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരുമായി വിജയ് സിംഗ്ലക്ക് വളരെ അടുപ്പം ഉള്ളതായി ഇയാളുടെ ഫോണ്‍ ചോര്‍ത്തിയതില്‍ നിന്ന് തെളിഞ്ഞിട്ടുണ്ട്.
റെയില്‍വേ ബോര്‍ഡില്‍ ഉന്നത തസ്തികയില്‍ നിയമനത്തിനായി രണ്ട് കോടി രൂപയാണ് മഹേഷ്‌കുമാറിനോട് വിജയ് സിംഗ്ല ആവശ്യപ്പെട്ടത്. ഇതില്‍ 90 ലക്ഷം രൂപ നല്‍കിയതായി സി ബി ഐ കണ്ടെത്തുകയായിരുന്നു.