ബന്‍സല്‍ കുരുക്കിലേക്ക്: മറ്റൊരു ബന്ധുവിനെ കൂടി അറസ്റ്റ് ചെയ്‌തേക്കും

Posted on: May 7, 2013 2:30 pm | Last updated: May 8, 2013 at 10:56 pm
SHARE

ensal-and-vijayന്യൂഡല്‍ഹി: റെയില്‍വേ കൈക്കൂലിക്കേസില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സാലിനു മേലുള്ള കുരുക്ക് മുറുകുന്നു. ബെന്‍സാലിന്റെ മറ്റൊരു അനന്തരവന്‍ അജയ് ഗാര്‍ഗിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഇയാളെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കുമെന്നാണ് സൂചന.

ബന്‍സാലിനെയും സിബിഐ ഇന്ന് ചോദ്യം ചെയ്യും. അനന്തരവന്‍ പണം വാങ്ങിയത് മന്ത്രിക്കുവേണ്ടിയാണെന്ന് സിബിഐ കണ്ടെത്തിയതായാണ് സൂചന.

കൈക്കൂലി കേസില്‍ ബെന്‍സാലിന്റെ അനന്തിരവന്‍ വിജയ് സിംഗ്ല നേരത്തെ അറസ്റ്റിലായിരുന്നു. മന്ത്രിയെ ഉദ്ദേശിച്ചാണ് പണം എത്തിയതെന്നാണ് സിബിഐ കരുതുന്നത്. ഇത് തെളിയിക്കുന്ന രേഖകള്‍ സിബിഐയ്ക്ക് ലഭിച്ചതായും സൂചനയുണ്ട്.

റെയില്‍വെ ഉദ്യോഗസ്ഥ തലത്തിലോ മന്ത്രിയുടെ ബന്ധുക്കളിലോ മാത്രം ഒതുങ്ങുന്നതല്ല അന്വേഷണം. റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിജയ് സിംഗ്ല നിരന്തരം ബന്ധപ്പെടാറുണ്ടെന്നതിന് തെളിവവുകള്‍ സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. അഴിമതിയില്‍ പങ്കുണ്ടെന്ന് കരുതുന്നവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.