Connect with us

Ongoing News

സുതാര്യ കേരളം: ജില്ലാതല സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

മലപ്പുറം: മുഖ്യമന്ത്രിയുടെ പരാതിപരിഹാര പരിപാടിയായ സുതാര്യകേരളത്തിന്റെ ജില്ലാതല സെല്‍ ഊര്‍ജ – ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളെടുക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. സുതാര്യ കേരളത്തില്‍ ലഭിക്കുന്ന പരാതികള്‍ 14 ദിവസത്തിനകം പരിഹാരം കാണും. വിവരസാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടമാണ് കുറഞ്ഞ ദിവസത്തിനകം പരാതി പരിഹരിക്കാനുള്ള വഴിയൊരുക്കുന്നത്. വിവരസാങ്കേതിക വിദ്യ ദൈനംദിന ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
നഗരകാര്യ – ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി ആദ്യ പരാതി സ്വീകരിച്ചു. അഞ്ച് പരാതികളാണ് ആദ്യ ദിവസം ലഭിച്ചത്. നട്ടെല്ലിന് രോഗം ബാധിച്ച് കിടപ്പിലായ രോഗി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയാണ് ആദ്യം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്ടര്‍ എം.സി മോഹന്‍ദാസ്, എ ഡി എം പി. മുരളീധരന്‍, ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ക് റിലേഷന്‍ വകുപ്പ് ഡെപൂട്ടി ഡയറക്റ്റര്‍ പി വിനോദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി പി സുലഭ സംസാരിച്ചു.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പരിഹാരമാവാത്ത പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുന്ന പരിപാടിയാണ് സുതാര്യ കേരളം. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതില്‍ വിജയമായിത്തീര്‍ന്ന പരിപാടി ജില്ലാ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ സെല്‍ തുറന്ന്. തിരുവനന്തപുരത്തെ സുതാര്യകേരളം സെല്ലിലേക്ക് അയക്കുന്ന പരാതികള്‍ പിന്നീട് ജില്ലാതല ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.
ജില്ലാതല സെല്‍ നിലവില്‍ വന്നതോടെ ഈ കാലതാമസം ഒഴിവാകും. ജനങ്ങള്‍ക്ക് sutharyakeralammpm@gmail. com വഴിയോ നേരിട്ടോ പരാതികള്‍ നല്‍കാം. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ ബി കകക ബ്ലോക്കില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസിനോടനുബന്ധിച്ചാണ് സുതാര്യകേരളം ജില്ലാ സെല്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 0483 2734388.
ജില്ലാ കലക്ടര്‍ ചെയര്‍മാനും ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖലാ ഡെപൂട്ടി ഡയറക്റ്റര്‍ നോഡല്‍ ഓഫീസറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായി മോണിറ്ററിംഗ് സമിതി രൂപവത്കരിച്ചിട്ടുണ്ട്.
എല്ലാ മാസവും യോഗം ചേര്‍ന്ന് കമ്മിറ്റി പരാതികള്‍ തീര്‍പ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തും. സെല്ലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് കോഡിനേറ്ററേയും നിയമിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാണ് സെല്‍ സജ്ജമാക്കിയിട്ടുള്ളത്.