മില്ലര്‍ മിന്നര്‍പിളര്‍പ്പായി: റോയല്‍സിനെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം

Posted on: May 7, 2013 12:17 am | Last updated: May 7, 2013 at 12:17 am
SHARE

miller_ton_342_rcbചണ്ഡിഗഡ്: ഡേവിഡ് മില്ലറുടെ കരുത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം. 38 പന്തില്‍ സെഞ്ചുറി നേടിയ സൗത്ത് ആഫ്രിക്കന്‍ താരം ഡേവിഡ് മില്ലറിന്റെ മികച്ച ബാറ്റിംഗാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ പഞ്ചാബ് കിംഗ്‌സ് ഇലവന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം 12 പന്തുകള്‍ അവശേഷിക്കെ പഞ്ചാബ് മറികടന്നു.

പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ പഞ്ചാബിന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 60 പന്തില്‍ 123 റണ്‍സായിരുന്നു. ഈ ഘട്ടത്തിലാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടായി മില്ലറും രാജഗോപാല്‍ സതീഷും ക്രീസില്‍ ഒരുമിക്കുന്നത്. മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. ഒരു ഘട്ടത്തില്‍ 10 പന്തില്‍ 15 എന്ന നിലയിലായിരുന്നു മില്ലറുടെ സ്‌കോര്‍. എന്നാല്‍ കളിയുടെ താളം മുറുകിയപ്പോള്‍ മില്ലറുടെ മട്ടുമാറി. ബാംഗളൂരിന്റെ ബൗളര്‍മാരെ തലങ്ങും വിലങ്ങും മില്ലര്‍ അതിര്‍ത്തിയിലേക്കും അതിര്‍ത്തിക്കപ്പുറത്തേക്കും പായിച്ചു.

പതിമൂന്നാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 41 ല്‍ നില്‍ക്കുമ്പോള്‍ ബാംഗളൂര്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ കൈകളില്‍ മില്ലര്‍ കുടുങ്ങേണ്ടതായിരുന്നെങ്കിലും ഭാഗ്യം തുണച്ചു. കൈപ്പിടിയിലെത്തിയ പന്ത് കൈവിട്ടതിനൊപ്പം കൊഹ്‌ലിക്ക് നഷ്ടമായത് അനായാസം സ്വന്തമാക്കാവുന്ന ജയം കൂടിയായിരുന്നു. ആര്‍.പി സിംഗ് എറിഞ്ഞ പതിന്നാലാം ഓവറില്‍ മൂന്നു ഫോറും രണ്ടു സിക്‌സുമടക്കം 25 റണ്‍സ് അടിച്ചെടുത്ത മില്ലര്‍ ഇതേ ഓവറില്‍ അര്‍ധസെഞ്ചുറിയും പിന്നിട്ടു. ബാംഗ്ലൂരിന് പിടിച്ചുകെട്ടാനാകാത്ത വിധം മില്ലര്‍ അശ്വമേധം നടത്തുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. 101 റണ്‍സെടുത്ത മില്ലറുടെ ബാറ്റില്‍ നിന്ന് എട്ടു ഫോറുകളും ഏഴ് സിക്‌സറുകളും പിറന്നു. രാജഗോപാല്‍ സതീഷ് 18 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു.

നേരത്തെ ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഗെയ്‌ലിന്റെയും പൂജാരയുടെയും ബാറ്റിംഗ് മികവിലാണ് 190 റണ്‍സ് നേടിയത്. പതിവുശൈലിയില്‍ വെടിക്കെട്ടു ബാറ്റിംഗായിരുന്നു ഗെയ്ല്‍ പുറത്തെടുത്തത്. 33 പന്തില്‍ നിന്ന് ആറു ഫോറും മൂന്ന് സിക്‌സുമടക്കം 61 റണ്‍സ് നേടി. പൂജാര 48 പന്തില്‍ നിന്ന് എട്ടു ഫോറുകളടക്കം 51 റണ്‍സ് നേടിയപ്പോള്‍ ഡിവില്ലിയേഴ്‌സ് പുറത്താകാതെ 38 റണ്‍സും നേടി.