Connect with us

Sports

തുര്‍ക്കിയില്‍ ഗലാത്‌സരെ

Published

|

Last Updated

ഇസ്താംബൂള്‍: തുര്‍ക്കിഷ് ഫുട്‌ബോള്‍ ലീഗില്‍ ഗലാത്‌സരെ ചാമ്പ്യന്‍മാരായി. സിവാസ്‌പൊറിനെ 2-4ന് തോല്‍പ്പിച്ച ഗലാത്‌സരെ അവരുടെ പത്തൊമ്പതാമത് ലീഗ് കിരീടത്തിലാണ് മുത്തമിട്ടത്.

ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കുതിച്ച ഗലാത്‌സരെ സീസണ്‍ അവസാനിക്കാന്‍ രണ്ടാഴ്ച ശേഷിക്കെയാണ് ചാമ്പ്യന്‍മാരായി അവരോധിക്കപ്പെട്ടത്. കോച്ച് ഫാത്വിഹ് ടെറിം ഗലാത്‌സരെക്കൊപ്പം ആറാമത്തെ കിരീടജയമാണ് ആഘോഷിക്കുന്നത്. ടെറിം തന്റെ മൂന്നാം വരവില്‍ ഗലാത്‌സരെയെ ശക്തിപ്പെടുത്തിയത് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ദിദിയര്‍ ദ്രോഗ്ബ, വെസ്‌ലെ സ്‌നൈഡര്‍ എന്നിവരെ ടീമിലെത്തിച്ചാണ്. 68 പോയിന്റോടെയാണ് ഗലാത്‌സരെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഫെനര്‍ബഷെ പത്ത് പോയിന്റ് പിറകിലാണ്. ഇസ്താംബൂള്‍ നഗരവൈരികളായ ഫെനര്‍ബഷെ പതിനെട്ട് തവണ തുര്‍ക്കിയില്‍ ചാമ്പ്യന്‍പട്ടമണിഞ്ഞിട്ടുണ്ട്. ഇത്തവണ യുറോപ ലീഗ് സെമിയിലെത്തുകയും ചെയ്തു ഫെനര്‍ബഷെ. ഹോളണ്ടില്‍ തുടരെ മൂന്നാം വര്‍ഷവും അയാക്‌സ് ചാമ്പ്യന്‍മാരായി. ഡച്ച് ലീഗില്‍ അയാക്‌സിന്റെ മുപ്പത്തിരണ്ടാംകിരീട വിജയമാണിത്. അയാക്‌സ് 5-0ന് ലീഗ് ടേബിളില്‍ താഴെയുള്ള വില്ലെം ടില്‍ബുര്‍ഗിനെ തോല്‍പ്പിച്ചാണ് ഒരു മത്സരം ശേഷിക്കെ കിരീടമുറപ്പിച്ചത്. 73 പോയിന്റുകളാണ് അയാക്‌സിന്. 69 പോയിന്റുകളോടെ പി എസ് വി ഐന്തോവനാണ് രണ്ടാം സ്ഥാനത്ത്. പരിശീലകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഡച്ച് ലീഗ് കിരീടം തുടരെ മൂന്ന് തവണ നേടുന്ന ആദ്യ വ്യക്തിയായി ഫ്രാങ്ക് ഡി ബോയര്‍.
ഡെന്‍മാര്‍ക്ക് ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗില്‍ എഫ് സി കോപന്‍ഹാഗന്‍ പത്താം തവണയും ചാമ്പ്യന്‍മാരായി. നഗരവൈരികളായ ബ്രോന്‍ബിയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ 64 പോയിന്റ് കരസ്ഥമാക്കിയ കോപന്‍ഹാഗന്‍ രണ്ടാം സ്ഥാനത്തുള്ള നോര്‍സജലെന്‍ഡിനെ പത്ത് പോയിന്റ് പിറകിലാക്കി കിരീടമുറപ്പിച്ചു. അടുത്ത ചാമ്പ്യന്‍സ് ലീഗിനുള്ള യോഗ്യതാ റൗണ്ട് കളിക്കാനും ഡാനിഷ് ചാമ്പ്യന്‍മാര്‍ യോഗ്യരായി.

Latest