Connect with us

Sports

അഞ്ച് ഗോളുകള്‍; ഇറ്റലിയില്‍ ക്ലോസ് ചരിത്രമെഴുതി

Published

|

Last Updated

മിലാന്‍: ജര്‍മനിയുടെ വെറ്ററന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസ് ഇറ്റാലിയന്‍ ഫുട്‌ബോളില്‍ ഗോളടിയില്‍ വിസ്മയം സൃഷ്ടിച്ചു. ഇറ്റാലിയന്‍ സീരി എയില്‍ ലാസിയോ 5-0ന് ബൊളോഗ്നയെ തകര്‍ത്തപ്പോള്‍ അഞ്ച് ഗോളുകളും ക്ലോസിന്റെ വക. സീരി എ ലീഗ് ചരിത്രത്തില്‍ 27 വര്‍ഷത്തിനിടെ ആരും തന്നെ ഒരു മത്സരത്തില്‍ അഞ്ച് ഗോളുകള്‍ നേടിയിട്ടില്ല. 1986 ല്‍ എ എസ് റോമ താരം റോബര്‍ട്ടോ പ്രുസോയാണ് അവസാനമായി സിരി എയില്‍ അഞ്ച് ഗോളുകളടിച്ചത്. റോമ 5-1ന് അവെലിനോയെ തകര്‍ക്കുകയും ചെയ്തു.
ഇരുപത്തിരണ്ടാം മിനുട്ടിലാണ് മുപ്പത്തിനാലുകാരന്റെ ആദ്യ ഗോള്‍. ബൊളോഗ്ന ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ യുവ സ്‌ട്രൈക്കറെ പോലെ മാര്‍ക്കിംഗിന് അനുവദിക്കാതെ ക്ലോസ് ഗോള്‍ വര്‍ഷം നടത്തുകയായിരുന്നു. ഫൈനല്‍ വിസിലിന് 22 മിനുട്ട് ബാക്കിയിരിക്കെ ക്ലോസിനെ ലാസിയോ കോച്ച് വ്‌ലാദ്മിര്‍ പെറ്റോവിച് തിരിച്ചുവിളിച്ചു.
വന്‍ കരഘോഷമേറ്റുവാങ്ങിയാണ് ജര്‍മന്‍ താരം ഗ്രൗണ്ട് വിട്ടത്. സീരി എ യിലെ മറ്റ് മത്സരങ്ങഫലങ്ങള്‍ ഇങ്ങനെ : എ സി മിലാന്‍ 1-0 ടൊറിനോ, കറ്റാനിയ 3-0 സിയന, ജെനോവ 4-1 പെസ്‌കാര, ജുവെന്റസ് 1-0 പാലെര്‍മോ, ലാസിയോ 6-0 ബൊളോഗ്ന, നാപോളി 3-1 ഇന്റര്‍മിലാന്‍, പാര്‍മ 2-0 അറ്റ്‌ലാന്റ ബെര്‍ഗാമോ, ഉദിനിസെ 3-1 സാംഡോറിയ. ഉറുഗ്വെ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയുടെ ഹാട്രിക്കാണ് ഇന്റര്‍മിലാനെതിരെ നാപോളിക്ക് ജയമൊരുക്കിയത്. ഇതോടെ, അടുത്ത സീസണില്‍ നാപോളിക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പായി. 35 മത്സരങ്ങളില്‍ 72 പോയിന്റോടെ നാപോളി ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. 83 പോയിന്റുള്ള ജുവെന്റസ് കിരീടമുറപ്പിച്ചു. 65 പോയിന്റോടെ എ സി മിലാനാണ് മൂന്നാം സ്ഥാനത്ത്. നാല് മുതല്‍ എട്ട് വരെ ഫിയോറന്റീന (61), റോമ (58), ഉദിനിസെ (57), ലാസിയോ (55), ഇന്റര്‍മിലാന്‍ (53).
26 ഗോളുകള്‍ നേടിയ നാപോളിയുടെ കവാനിയാണ് ടോപ്‌സ്‌കോറര്‍ സ്ഥാനത്ത്. ഇരുപത് ഗോളുകളുമായി ഉദിനിസെയുടെ അന്റോണിയോ ഡി നറ്റാലെ, 16 ഗോളുകളുമായി എ സി മിലാന്റെ എല്‍ ഷരാവിയും എ എസ് റോമയുടെ പാബ്ലോ ഒസ്‌വാല്‍ഡോയും മൂന്നാം സ്ഥാനത്ത്. 15 ഗോളുകളുമായി നാലാം സ്ഥാനത്തുള്ളത് നാല് പേരാണ്. ലാസിയോക്ക് അഞ്ച് ഗോളുകള്‍ നേടിയ മിറോസ്ലാവ് ക്ലോസ്, അറ്റ്‌ലാന്റെ ബെര്‍ഗാമോയുടെ ജെര്‍മന്‍ ഡെനിസ്, റോമയുടെ എറിക് ലമെല, മിലാന്റെ പാസിനി. ബൊളോഗ്നയുടെ ആല്‍ബര്‍ട്ടോ ഗിലാര്‍ഡിനോ പതിമൂന്ന് ഗോളുകളും എ എസ് റോമയുടെ ഇതിഹാസം ഫ്രാന്‍സെസ്‌കോ ടോട്ടി പന്ത്രണ്ട് ഗോളുകളും നേടി.
ചാമ്പ്യന്‍ ടീമായ ജുവെന്റസില്‍ നിന്ന് ടോപ്‌സ്‌കോറര്‍ സ്ഥാനത്തേക്ക് മത്സരമില്ലെന്നത് അതിശയിപ്പിക്കുന്നതായി. ആള്‍ റൗണ്ട് മികവിലാണ് ജുവെയുടെ മുന്നേറ്റം.

---- facebook comment plugin here -----

Latest