ജലഗതാഗതത്തിന് ഊന്നാതെ ഇനി രക്ഷയില്ല: ഉമ്മന്‍ ചാണ്ടി

Posted on: May 7, 2013 6:00 am | Last updated: May 6, 2013 at 11:40 pm
SHARE

oommen chandlകൊച്ചി: കൊല്ലം – കോട്ടപ്പുറം ജലപാത തെക്ക് കോവളം- വിഴിഞ്ഞത്തേക്കും വടക്ക് കാസര്‍കോട്ടേക്കും നിട്ടേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

റോഡ്, റെയില്‍ മാര്‍ഗങ്ങളെ കൂടുതലായി ആശ്രയിക്കാതെ ജലഗതാഗതത്തിന് ഊന്നല്‍ നല്‍കുകയല്ലാതെ കേരളത്തിന് വേറെ നിര്‍വാഹമില്ലെന്ന് കേരള സീ ആന്‍ഡ് ട്രെയ്ഡ് സംഘടിപ്പിച്ച ഷിപ്പിംഗ് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഹൈവേകള്‍ക്ക് പെരുകുന്ന വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയാണ്. ആവശ്യത്തിനനുസരിച്ച് റെയില്‍വേ ലൈനുകളുമില്ല. തീരദേശ, ഉള്‍നാടന്‍ ജലഗതാഗത്തിലേക്ക് മാറുകയേ നിവൃത്തിയുള്ളൂ. സാമ്പത്തിക ലാഭത്തിന് പുറമെ അന്തരീക്ഷ മലിനീകരണം കുറക്കാനും ഇതാവശ്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജലഗതാഗതം സാധ്യമാക്കുന്നതിനുള്ള പശ്ചാത്തല സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നുണ്ട്. നിലവിലുള്ള തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനു പുറമെ പുതിയ തുറമുഖങ്ങള്‍ യഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. കൊല്ലം തുറമുഖം താമസിയാതെ പ്രവര്‍ത്തനക്ഷമമാകും. വെയര്‍ ഹൗസുകള്‍, ഗോഡൗണുകള്‍, തുറമുഖങ്ങളിലേക്കുള്ള റെയില്‍വേ ലൈനുകള്‍ എന്നിവയും വികസിപ്പിക്കേണ്ടതുണ്ട്. ജലഗതാഗതത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ്. ഒരു ടണ്ണിന് ഒരു കിലോമീറ്ററിന് ഒരു രൂപ വെച്ച് ചരക്ക്കൂലി ഇനത്തില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ജലഗതാഗതത്തിന് കൂടുതല്‍ ഇളവുകള്‍ പരിഗണനയിലാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
2015 ആകുമ്പോഴേക്ക് ചരക്ക് നീക്കത്തിന്റെ 20 ശതമാനമെങ്കിലും ജലഗതാഗതം വഴിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി കെ. ബാബു പറഞ്ഞു. 2020 ആകുമ്പോഴേക്ക് ഇത് 40 ശതമാനമായി വര്‍ധിക്കുമെന്ന് കരുതുന്നു. വഴിഞ്ഞത്തിനും കൊല്ലത്തിനും പുറമെ ആലപ്പുഴ, കൊടുങ്ങല്ലൂര്‍, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളും വികസിപ്പിക്കും. കൊച്ചിയില്‍ ഒരു ഓഷ്യനേറിയം സ്ഥാപിക്കും. ജലഗതാഗത്തിന് നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. ഇവ താമസിയാതെ നിലവില്‍ വരുന്ന കേരളാ മാരിടൈം ബോര്‍ഡ് വഴിയാണ് നടപ്പാക്കുകയെന്ന് ബാബു പറഞ്ഞു.
മുന്‍ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ മോഹന്‍ദാസ്, ഇന്‍ലാന്‍ഡ് വാട്ടര്‍ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ. വിശ്വപതി ത്രിവേദി, ഷിപ്പിംഗ്് ഡയരക്ടര്‍ ജനറല്‍ ഗൗതം ചാറ്റര്‍ജി പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here