Connect with us

Kollam

രാഷ്ട്രീയ ബലാബലത്തിനുള്ള വേദിയാകുന്നു

Published

|

Last Updated

കൊല്ലം:കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന്റെ സംരക്ഷണ സമരം രാഷ്ട്രീയ ബലാബലത്തിനുള്ള വേദിയാകുന്നു. സംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭ സമരങ്ങള്‍ക്ക് പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ പിന്തുണയുമായി രംഗത്തു വരുമ്പോഴും രാഷ്ട്രീയ നേതൃത്വം താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വേദിയാക്കി മാറ്റുകയാണ്.

കുടിനീരിനു വേണ്ടി ജനങ്ങള്‍ നടത്തുന്ന ജീവന്‍മരണ പോരാട്ടത്തെ പോലും രാഷ്ട്രീയവത്കരിച്ച് വോട്ട് ബേങ്കുകളാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സമരത്തിന്റെ മറവില്‍ നടക്കുന്നതെന്നാണ് വിലയിരുത്തല്‍.
ഇതുവരെയുണ്ടാകാത്ത വരള്‍ച്ചയും നശീകരണവുമാണ് ഇക്കുറി തടാകത്തിന് നേരിടേണ്ടി വന്നത്. ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്ന അവസ്ഥയില്‍ വിവിധ കാലങ്ങളില്‍ അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയാണ് സമരവുമായി ഇത്തവണ ആദ്യം രംഗത്ത് വന്നത്.
22 വര്‍ഷത്തിലധികമായി തടാക സംരക്ഷണം ആവശ്യപ്പെട്ട് ചെറുതും വലുതുമായ നിരന്തര സമരങ്ങള്‍ നടത്തി കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിച്ചു വരുന്ന ആക്ഷന്‍ കമ്മിറ്റി കോണ്‍ഗ്രസ് നിയന്ത്രണത്തിലാെണന്നാരോപിച്ച് സി പി എം വിട്ടുനില്‍ക്കാന്‍ തുടങ്ങിയതോടെയാണ് സംരക്ഷണ സമരങ്ങള്‍ക്ക് രാഷ്ട്രീയ നിറം കൈവന്നത്. ആക്ഷന്‍ കമ്മിറ്റി നടത്തിയ സമര പ്രഖ്യാപനത്തോടെ പുതിയൊരു ജനകീയ സമിതി വേണമെന്നാവശ്യവുമായി സി പി എം പ്രാദേശിക നേതൃത്വം രംഗത്തു വരികയായിരുന്നു.
കഴിഞ്ഞ മാസം എട്ടിന് കവയിത്രി സുഗതകുമാരി അടക്കമുള്ളവരെ പങ്കെടുപ്പിച്ച് സി പി എം നിയന്ത്രണത്തില്‍ ജനകീയ സമിതി രൂപവത്കരിച്ചെങ്കിലും ഇത് രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വവും വിട്ടുനില്‍ക്കുകയായിരുന്നു.
ഭാരവാഹിത്വത്തെ ചൊല്ലി എം എല്‍ എ കോവൂര്‍ കുഞ്ഞുമോനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആര്‍ എസ് പിയും സി പി ഐയും യോഗത്തില്‍ പങ്കെടുത്തില്ല. ഇതിനിടെ കോവൂര്‍ കുഞ്ഞുമോന്റെ പിന്തുണയോടെ സംയുക്ത സമരസമിതി രൂപവത്കരിച്ച് തടാകസംരക്ഷണ ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ മാസം 26ന് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങിയതോടെ രാഷ്ട്രീയ ബലാബലത്തിനുള്ള വേദിയായി സംരക്ഷണ സമരങ്ങള്‍ പരിണമിച്ചു.
ഇതേ കാലയളവില്‍ തന്നെ സി പി എം നിയന്ത്രണത്തിലുള്ള ജനകീയ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. തടാകസംരക്ഷണം അടിയന്തരമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ഇവര്‍ അവകാശപ്പെട്ടു. ഇതിനിടയില്‍, ശാസ്താംകോട്ടയില്‍ നടക്കുന്ന നിരാഹാരത്തിന് കൂടുതല്‍ ജനകീയ പിന്തുണ കിട്ടുകയും സമരം കോണ്‍ഗ്രസ് നിയന്ത്രണത്തിലാകുകയുമായിരുന്നു.
തുടര്‍ന്ന് എല്ലാ ഭാഗത്തു നിന്നും ഒറ്റപ്പെട്ടതോടെ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ പ്രാദേശിക തലത്തിലുള്ള സമരങ്ങളില്‍ പങ്കാളിയാകാതെ, സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്താനാണ് തയ്യാറായത്. കഴിഞ്ഞ ദിവസം മുതലാണ് എം എല്‍ എ സത്യഗ്രഹം ആരംഭിച്ചത്.
എം എല്‍ എ നടത്തുന്ന സത്യഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് തടാക സംരക്ഷണ കാര്യത്തില്‍ എതെങ്കിലും തരത്തിലുള്ള ഉറപ്പ് നല്‍കിയാല്‍ അത് എം എല്‍ എയുടെ വിജയമാകുമെന്ന് മുന്‍കൂട്ടി കണ്ട ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും കോണ്‍ഗ്രസ് നേതാക്കളും തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും നാളെ തലസ്ഥാനത്ത് ഉന്നത തല ചര്‍ച്ച നടത്താന്‍ തീരുമാനം എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, കേന്ദ്ര തൊഴില്‍ സഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷും തടാക സംരക്ഷണ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തു വന്നു. തനിക്കും കൂടി സത്യഗ്രഹം കിടക്കാന്‍ അവസരം തരണമെന്ന് മുഖ്യമന്ത്രിയോട് കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അഭ്യര്‍ഥിച്ചത് കൊണ്ടാണ് ചര്‍ച്ച എട്ടിലേക്ക് മാറ്റിയതെന്നും എം എല്‍ എക്ക് ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ ശാസ്താംകോട്ടയിലാണ് സത്യഗ്രഹം അനുഷ്ഠിക്കേണ്ടിയിരുന്നതെന്നുമായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.
എം എല്‍ എ എന്ന നിലയില്‍ കുഞ്ഞുമോന്റെ കഴിവുകേട് കൊണ്ടാണ് തടാക സംരക്ഷണം ഇത്രയും നീണ്ടതെന്നും തടാകത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് കോവൂര്‍ കുഞ്ഞുമോന്റെ തന്നെ പാര്‍ട്ടിക്കാരനായ മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രനാണെന്ന വാദവുമായി കോണ്‍ഗ്രസും രംഗത്തു വന്നതോടെ രാഷ്ട്രീയ രംഗം ഏറെ കലുഷിതമായി മാറിയിട്ടുണ്ട്.
വാദപ്രതിവാദങ്ങളുമായി പാര്‍ട്ടികള്‍ രാഷ്ട്രീയ മുതലെടുപ്പിന്റെ വേദിയാക്കുമ്പോള്‍ ഫലപ്രദമായ നടപടികളിലൂടെ തടാകസംരക്ഷണം സമീപ കാലത്തൊന്നും സാധ്യമാകുകയില്ലെന്ന ആശങ്കയിലാണ് കുന്നത്തൂര്‍ നിവാസികള്‍.