Connect with us

Editorial

കൂടംകുളം ആണവ നിലയം പ്രവര്‍ത്തനം തുടങ്ങുമ്പോള്‍

Published

|

Last Updated

കൂടംകുളം ആണവനിലയത്തിന് സുപ്രീം കോടതി പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കയാണ്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് നിലയം സ്ഥാപിക്കുന്നതെന്ന ആണവ നിലയവിരുദ്ധ സമിതിയുടെയും പ്രദേശവാസികളുടെയും വാദം നിരാകരിച്ചുകൊണ്ടാണ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍, ജസ്റ്റിസ് ദീപക് മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ വിധി. രാജ്യത്തിന്റെ വളര്‍ച്ചക്കും രൂക്ഷമായ ഊര്‍ജ പ്രതിസന്ധി തരണം ചെയ്യുന്നതിനും ആണവ നിലയങ്ങള്‍ അനിവാര്യമാണെന്നതാണ് കോടതിയുടെ നിലപാട്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തമിഴ്‌നാട്ടിലെ കൂടംകുളം പ്രദേശത്ത് റഷ്യന്‍ സഹകരണത്തോടെയാണ് ആണവ നിലയം പണിയുന്നത്. 1988 ല്‍ അന്നത്തെ സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയിലായിരുന്നു ഇതു സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്. പത്ത് വര്‍ഷത്തിന് ശേഷം കരാര്‍ പുതുക്കി. നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുന്നത് രണ്ട് വര്‍ഷം മുമ്പാണ്. അന്ന് മുതല്‍ പ്രദേശവാസികളും പരിസ്ഥിതി സംഘടകളും പ്രക്ഷോഭവും നിയമ നടപടികളും ആരംഭിച്ചു. പ്രക്ഷോഭം 629 ദിവസം പിന്നിട്ടിരിക്കെയാണ് രാജ്യത്തെ പരമോന്നത നീതിപീഠം നിലയത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
കോടതി വിധി സര്‍ക്കാറിന് അനുകൂലമായ സാഹചര്യത്തില്‍ ആയിരം മെഗാവാട്ട് ശേഷിയുള്ള രണ്ട് നിലയങ്ങള്‍ ഈ മാസം അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. അതോടെ പദ്ധതിപ്രദേശത്തെ ജനങ്ങളുടെ ചങ്കിടിപ്പിനും പ്രക്ഷോഭത്തിനും ആക്കം കൂടും. നിലയത്തിന്റെ 16 കിലോമീറ്റര്‍ ചുറ്റളവില്‍ അതീവ സുരക്ഷാ മേഖലയിലുളള 40 ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതി പ്രത്യേകിച്ചും കൂടുതല്‍ ആശങ്കാജനകമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് നിലയം സ്ഥാപിച്ചതെന്നാണ് കോടതിയുടെ വിലയിരുത്തലെങ്കിലും ജപ്പാനിലെ ഫുക്കുഷിമ നിലയത്തിന്റെ അനുഭവം അവരുടെ മുമ്പിലുണ്ട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നല്ലോ ഫുക്കുഷിമയില്‍ നിലയം സ്ഥാപിച്ചത്. എന്നിട്ടും അവിടെ ദുരന്തമുണ്ടായി.
നിലയം തീര്‍ത്തും സുരക്ഷിതമാണെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ, നിലയത്തില്‍ നിന്ന് പുറംതള്ളുന്ന അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള ആശങ്ക കൂടംകുളത്തുകാരെ വേട്ടയാടാതിരിക്കുമോ? ആണവ നിലയങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് പ്രസരിക്കുന്ന റേഡിയേഷന്‍ സൃഷ്ടിക്കുന്ന മാരക രോഗങ്ങളും ദുരന്തങ്ങളും ഈ തലമുറയുടെ മാത്രമല്ല അനേകം തലമുറകളുടെ ജീവിതം ദുരിതപൂര്‍ണമാക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഈ അവശിഷ്ടങ്ങള്‍ സുരക്ഷിതമായി അടക്കം ചെയ്താല്‍ തന്നെയും അതില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്‍ നൂറുകണക്കിന് കൊല്ലങ്ങള്‍ നിലനില്‍ക്കുകയും അത്രയും കാലം ഭൂഗര്‍ഭ ജലത്തെ അത് മലിനീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ആണവ അവശിഷ്ടങ്ങള്‍ നൂറ് മീറ്ററെങ്കിലും ആഴത്തില്‍ അടക്കം ചെയ്യണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ഒരു രാഷ്ട്രവും ഈ നിര്‍ദേശം പാലിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
സുരക്ഷാസംവിധാനങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് കൂടംകുളത്ത് നിലയം പണിതതെന്നും സമുദ്രത്തില്‍ നിക്ഷേപിക്കുന്ന അവശിഷ്ടങ്ങള്‍ സമുദ്രത്തിന് സമീപമുള്ള ജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കില്ലെന്നുമുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലയത്തിന് പച്ചക്കൊടി കാണിച്ചത്. സര്‍ക്കാറിന്റെ ഈ വാദങ്ങള്‍ പരിസഥിതി പ്രവര്‍ത്തകരും സംഘടനകളും രേഖാമുലം ഖണ്ഡിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന് ജനങ്ങളുടെ സുരക്ഷയേക്കാളേറെ റഷ്യമായുണ്ടാക്കിയ കരാര്‍ പാലിക്കുകയെന്നതാണ് മുഖ്യം. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചു കൂടംകുളം നിലയം പ്രവര്‍ത്തിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ റഷ്യാ സന്ദര്‍ശന വേളയില്‍ മന്‍മോഹന്‍ സിംഗ് റഷ്യന്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതാണ്. സന്ദര്‍ശനം കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയതുമാണ്. അത് പാലിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ തന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുമോ എന്ന ശങ്കയായിരിക്കണം കൂടംകുളത്തെയും പരിസര പ്രദേശങ്ങളെയും പതിനായിരങ്ങളെ ബാധിക്കുന്ന ദുരന്തഭീഷണിയെക്കുറിച്ച ചിന്തയേക്കാള്‍ അദ്ദേഹത്തെ മഥിച്ചുകൊണ്ടിരിക്കുന്നത്.
നിലവിലുളള എല്ലാ ആണവ പദ്ധതികളും പ്രവര്‍ത്തനക്ഷമമായാല്‍ പോലും രാജ്യത്തിന്റെ ഊര്‍ജാവശ്യത്തിന്റെ ആറ് ശതമാനം മാത്രമേ അതുകൊണ്ട് നിറവേറ്റാനാകുകയുളളൂ. 94 ശതമാനത്തിനും മറ്റു വഴികളാരായാണം. എങ്കില്‍ ഈ ആറ് ശതമാനത്തിന് ആണവ നിലയങ്ങളല്ലാത്ത മറ്റു മാര്‍ഗങ്ങളെ അവലംബിക്കുകയല്ലേ ഉചിതം? വികസിത രാഷ്ട്രങ്ങളെല്ലാം ആണവ നിലയങ്ങളെ കൈയൊഴിച്ചു ഊര്‍ജാവശ്യത്തിന് മറ്റു വഴികളെ അവലംബിക്കുന്ന വസ്തുത അധികൃതര്‍ കണ്ടില്ലെന്ന് നടിക്കരുത്.

Latest