യഥാര്‍ഥ നിയന്ത്രണ രേഖയില്‍ തത്സ്ഥിതി നിലനിര്‍ത്താന്‍ ധാരണ

Posted on: May 7, 2013 6:00 am | Last updated: May 6, 2013 at 10:55 pm
SHARE

india china flagന്യൂഡല്‍ഹി: പശ്ചിമ സെക്ടറിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) നേരത്തേയുള്ള സ്ഥിതി നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫഌഗ് മീറ്റിംഗുകളും ഉന്നതതലങ്ങളില്‍ നടന്ന ചര്‍ച്ചകളും ഇത്തരം ധാരണയിലെത്താന്‍ സഹായിച്ചുവെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

സഹകരണം തുടരുന്നതിനും ഉഭയകക്ഷി താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇരു രാജ്യങ്ങളും വളരെ വലിയ പ്രധാന്യം കല്‍പ്പിക്കുന്നതു കൊണ്ടാണ് അതിര്‍ത്തിയില്‍ ഉരുണ്ടുകൂടിയ സംഭവങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ സാധിച്ചതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിംഗും പറഞ്ഞു. ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നാണ് ലഡാക്കില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം ചൈന ആദ്യമായി നടത്തിയ പ്രതികരണം. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയുമുണ്ടാകേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണെന്നും ചൈന ചൂണ്ടിക്കാട്ടി.
ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡ് സെക്ടറില്‍ നിന്ന് ഇരു രാജ്യങ്ങളുടെയും സൈന്യത്തെ ഞായറാഴ്ച വൈകീട്ട് 7.30 ഓടെ പിന്‍വലിച്ചിരുന്നു. ഏപ്രില്‍ 15ന് ഡി ബി ഒയില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് കടന്ന് കയറി ചൈനീസ് സൈനികര്‍ ടെന്റ് കെട്ടിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. വാഹനങ്ങളും മറ്റ് സംവിധാനങ്ങളുമായി 50ഓളം വരുന്ന സൈനികരടങ്ങിയ പ്ലാറ്റൂണ്‍ ഇന്ത്യയില്‍ 19 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്ന് കയറുകയായിരുന്നു. അഞ്ച് ടെന്റുകള്‍ കെട്ടുകയും ചെയ്തു. ഇതോടെ 300 മീറ്റര്‍ അകലത്തില്‍ ഇന്ത്യന്‍ സൈന്യവും ടെന്റ് പോസ്റ്റുകള്‍ സ്ഥാപിച്ചു.
നേര്‍ക്കു നേര്‍ നിലകൊണ്ട സൈന്യങ്ങള്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരുന്നത്. ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവില്‍ ചൈന പിന്‍വാങ്ങാന്‍ തയ്യാറായതോടെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കുകയായിരുന്നു. ലഡാക്കില്‍ നിന്നുള്ള ചൈനയുടെ പിന്‍മാറ്റം വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരമായതോടെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ചൈനീസ് സന്ദര്‍ശനം സംബന്ധിച്ച ആശങ്കകള്‍ നീങ്ങിയിരിക്കുകയാണ്. ഈ മാസം ഒന്‍പതിനാണ് സന്ദര്‍ശനം തുടങ്ങുന്നത്. 20ന് പുതിയ ചൈനീസ് പ്രധാനമന്ത്രി ലി കെക്വാംഗ് ഇന്ത്യയിലെത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here