Connect with us

Gulf

ദുബൈയില്‍ മൂന്ന് വര്‍ഷത്തിനകം 17 നടപ്പാലങ്ങള്‍ പണിയും

Published

|

Last Updated

 ദുബൈ:മൂന്നു വര്‍ഷത്തിനുള്ളില്‍ 17 നടപ്പാലങ്ങള്‍ നിര്‍മിക്കാന്‍ ആര്‍ ടി എ തീരുമാനിച്ചു. ഇതില്‍ ഒമ്പതെണ്ണം 2013-14 വര്‍ഷത്തില്‍ പണിയും. 4.5 കോടി ദിര്‍ഹം ചെലവ് ചെയ്യും. പുതിയ നടപ്പാലങ്ങള്‍ വരുന്നതോടെ ദുബൈയിലെ നടപ്പാലങ്ങളുടെ എണ്ണം 104 ആകും. നിലവില്‍ മെട്രോ സ്‌റ്റേഷനുകളിലെ 34 നടപ്പാലങ്ങള്‍ അടക്കം 87 നടപ്പാലങ്ങളാണ് ദുബൈയിലുള്ളത്.

കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനുള്ള മാര്‍ഗങ്ങള്‍ ഒരുക്കാനുള്ള ആര്‍ടിഎയുടെ പ്രതിബദ്ധതയാണ് പുതിയ പാലം നിര്‍മാണത്തിനു പ്രേരിപ്പിച്ചതെന്ന് ചെയര്‍മാന്‍ മത്തര്‍ അല്‍തായര്‍ പറഞ്ഞു. കാല്‍നടക്കാര്‍ റോഡു കുറുകെ കടക്കുന്നതിന്റെ എണ്ണവും അപകടങ്ങളുടെ എണ്ണവും വാഹനത്തിരക്കും കണക്കിലെടുത്ത് പഠനങ്ങള്‍ നടത്തിയിരുന്നു.
ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന ഒമ്പതു പാലങ്ങളില്‍ രണ്ടെണ്ണം ബനിയാസ് റോഡിലാണ്. ഇതിലൊന്ന് ദുബൈ മുനിസിപ്പാലിറ്റി കെട്ടിടത്തിനു സമീപമാകും. ഡമാസ്‌കസ് റോഡില്‍ പബ്ലിക് ലൈബ്രറിക്കു സമീപം, അല്‍മിന റോഡ്, ബാഗ്ദാദ് റോഡ്, അല്‍ മക്തൂം റോഡ്, അല്‍ ഖവാനീജ് റോഡില്‍ അറേബ്യന്‍ സെന്ററിനു സമീപം, അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയക്കു സമീപം അല്‍ഖെയില്‍ റോഡ്, എമിറേറ്റ്‌സ് ടവേഴ്‌സിനു സമീപം എന്നിവിടങ്ങളിലായിരിക്കും മറ്റുള്ളവ.
രണ്ടാം ഘട്ടത്തില്‍ എട്ടു നടപ്പാലങ്ങള്‍ നിര്‍മിക്കും. അല്‍ അവീര്‍ റോഡില്‍ രണ്ടു നടപ്പാലങ്ങള്‍, അമ്മാന്‍ റോഡ്, മെയ്ദാന്‍ റോഡ്, ഡമാസ്‌കസ് റോഡ്, അല്‍ ഖവാനീജ് റോഡ്, അല്‍ഖുദ്‌സ്, ദോഹ റോഡുകള്‍ എന്നിവിടങ്ങളിലായിരിക്കും ഇവ. അല്‍ഖെയില്‍ റോഡ് ഒന്നില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിനും കണ്‍വന്‍ഷന്‍ സെന്ററിനും സമീപം 92 മീറ്റര്‍ നീളമുള്ള മറ്റൊരു മേല്‍പ്പാലം കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്ന് അല്‍തായര്‍ പറഞ്ഞു.
പ്രദേശത്തെ ജനസാന്ദ്രത, ഗതാഗതത്തിന്റെ വേഗം, റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥാപനങ്ങള്‍, അപകടങ്ങള്‍ എന്നിവ കണക്കിലെടുത്ത് ഓരോ മേല്‍പ്പാലത്തിനും പ്രത്യേക ഡിസൈനുകളും നിര്‍മാണ രീതികളും അവലംബിക്കുന്നുണ്ട്. നിലവില്‍ 13 പാലങ്ങളുടെ ജോലികള്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. ജൂണോടെ പലതും ഉദ്ഘാടനം ചെയ്യും. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ അവീര്‍ മാര്‍ക്കറ്റിനു സമീപമുള്ള 100 മീറ്റര്‍ നീളമുള്ള നടപ്പാലവും മുഹൈസിനയിലെ നടപ്പാലവുമാണ് ഇവയില്‍ മുഖ്യം. അല്‍ മിന റോഡ്, ശൈഖ് റാഷിദ് റോഡ്, ഉമ്മു സുഖീം റോഡ്, അല്‍ വുഹൈദ റോഡ്, അമ്മാന്‍ റോഡ്, ലത്തീഫ ബിന്‍ത് ഹംദാന്‍ റോഡ്, അബുബക്കര്‍ അല്‍ സിദ്ദിഖ് റോഡ്, അല്‍ ഖലീജ് റോഡ് എന്നിവയും ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ നാലു നടപ്പാലങ്ങളുമാണ് മറ്റുളളവ.
കാല്‍ നടക്കാര്‍ റോഡു കുറുകെക്കടക്കുമ്പോള്‍ നടപ്പാലങ്ങളും സീബ്ര ക്രോസിംഗുകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് അല്‍ തായര്‍ അഭ്യര്‍ഥിച്ചു. ഡ്രൈവര്‍മാര്‍ വേഗനിയന്ത്രണം പാലിക്കുകയും സീബ്രലൈനുകളില്‍ അതീവ ജാഗരൂകരാവുകയും വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.