യു എ ഇ സായുധ സേന ഏകീകരണം 36 വര്‍ഷം പിന്നിട്ടു

Posted on: May 6, 2013 9:07 pm | Last updated: May 6, 2013 at 9:11 pm
SHARE

അബുദാബി:യു എ ഇ സായുധ സേനാ ഏകീകരണ ദിനത്തിന്റെ ഭാഗമായി ഭരണാധികാരികള്‍ ആശംസകള്‍ കൈമാറി. യു എ ഇയിലെ ഓരോ എമിറേറ്റിനും വെവ്വേറെ നിലനിന്നിരുന്ന സൈനിക ശക്തിയെ 1976ലാണ് ഏകീകരണം നടത്തിയത്. അന്നത്തെ ദീര്‍ഘദൃഷ്ടിയുള്ള ഭരണാധികാരികള്‍ രാജ്യത്തിന് മൊത്തത്തില്‍ ഒരു സൈനിക ശക്തി എന്ന ആശയത്തില്‍ ഒരു മനസാകുകയായിരുന്നു.

അത്യാധുനിക യുദ്ധോപകരണങ്ങളും അതിനൂതന സാങ്കേതിക വിദ്യകളും സമ്മേളിച്ച യു എ ഇയുടെ സൈന്യം മേഖലയിലെ പ്രധാന സൈനിക ശക്തികളില്‍ ഒന്നാക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി സാധിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധികളെയും നേരിടാനും എപ്പോഴും രാജ്യത്തിനും ജനങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്താനും സൈനിക ശക്തി പ്രാപ്തമാണിന്ന്. ഏകീകൃത സേനയുടെ 37-ാം വാര്‍ഷികം ആഘോഷിക്കപ്പെടുന്ന സാഹചര്യത്തില്‍, പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം തുടങ്ങിയ ഭരണാധികാരികളും സൂപ്രീം കൗണ്‍സില്‍ അംഗങ്ങളും സായുധസേനയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ക്ഷേമം നേര്‍ന്നു.
രാജ്യത്തിന്റെ സൈനിക ശക്തി അഭിമാനകരമാണെന്നും രാജ്യത്തിന്റെ സുരക്ഷ സൈന്യത്തിന്റെ കൈയില്‍ ഭദ്രമാണെന്നും ശൈഖ് ഖലീഫ ആശംസാ സന്ദേശത്തില്‍ അറിയിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.