Connect with us

Kerala

വസന്തോത്സവത്തിന് ഊട്ടി ഒരുങ്ങി

Published

|

Last Updated

ഗൂഡല്ലൂര്‍: മലകളുടെ റാണിയായ നീലഗിരിയില്‍ വസന്തകാലം. വസന്തോത്സവത്തെ വരവേല്‍ക്കാന്‍ ഊട്ടി ഒരുങ്ങി. പ്രസിദ്ധമായ ഊട്ടി പുഷ്‌പോത്സവം മെയ് 17, 18, 19 തീയതികളില്‍ സസ്യോദ്യാനത്തില്‍ നടക്കും. കൃഷി, ടൂറിസം വകുപ്പുകള്‍, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വസന്തോത്സവം നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് സൗരഭ്യവും സൗന്ദര്യവും തേടി നീലഗിരിയിലെത്തുന്നത്.
പുഷ്പമേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഊട്ടിയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. സീസണില്‍ വേനലവധി ആഘോഷിക്കാനായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഊട്ടിയിലെത്താറുള്ളത്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. സഞ്ചാരികളുടെ ആധിക്യം കാരണം ഊട്ടി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് പലഭാഗങ്ങളിലും പുഷ്പമേളകള്‍ നടത്താറുണ്ടെങ്കിലും ഊട്ടിയെ വെല്ലാന്‍ ഇതുവരെ മറ്റൊന്നിനും സാധിച്ചിട്ടില്ല.
കൂറ്റന്‍ കമാനങ്ങളും വിവിധ കലാരൂപങ്ങളുടെ നിര്‍മാണവും ഇതിനകം ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് സസ്യോദ്യാനം അണിയിച്ചൊരുക്കാറുള്ളത്. ജര്‍ബറ, കാര്‍ണീഷ്യം, ലില്ലിയം, മാരിഗോള്‍ഡ് തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട പൂക്കള്‍ കൊണ്ടാണ് ഉദ്യോനത്തില്‍ വിവിധ വിസ്മയ കാഴ്ചകള്‍ ഒരുക്കുന്നത്. ഊട്ടി പുഷ്പമേള നീലഗിരിക്കാരുടെ മഹോത്സവമാണ്. കുതിര സവാരി, വിന്റേജ് കാര്‍ റാലി, റോസ് മേള, ശ്വാന പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, പച്ചക്കറി മേള, പഴവര്‍ഗങ്ങളുടെ മേള, സുഗന്ധവ്യഞ്ജന പ്രദര്‍ശന മേള, ദക്ഷിണ റെയില്‍വേയുടെ പ്രത്യേക പരിപാടികള്‍, ബോട്ട് റേസ് തുടങ്ങിയ പരിപാടികള്‍ പുഷ്പമേളയോട് അനുബന്ധിച്ച് നടക്കും.
1957ല്‍ ബ്രിട്ടീഷുകാരാണ് ഉദ്യാനം സ്ഥാപിച്ചത്. ജോണ്‍ സള്ളിവനെന്ന വ്യക്തിയാണ് ഇത് സ്ഥാപിച്ചത്. 1896ലാണ് ഊട്ടിയില്‍ പുഷ്പമേള ആരംഭിച്ചത്. വിജയനഗരം റോസ് ഗാര്‍ഡനില്‍ ഈ മാസം 11, 12 തീയതികളിലാണ് പനിനീര്‍ പുഷ്പമേള നടക്കുന്നത്.

 

Latest