Connect with us

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഇനി എംപ്ലോയബിലിറ്റി സെന്ററുകള്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകള്‍ ഇനി മുതല്‍ എംപ്ലോയബിലിറ്റി സെന്ററുകള്‍. എംപ്ലോയ്‌മെന്റ് വകുപ്പിന്റെ നിലവിലുള്ള പരമ്പരാഗത പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഉടച്ചുവാര്‍ത്ത് മെച്ചപ്പെട്ട തൊഴില്‍ ലഭ്യത സൃഷ്ടിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുകളുടെ ഉദ്ഘാടനം ഇന്ന് എറണാകുളത്ത് നടക്കും.
സര്‍ക്കാര്‍ കൈക്കൊണ്ട നൂതന തൊഴില്‍ നയത്തിന്റെ ഭാഗമായി രൂപവത്കരിച്ച അഡീഷനല്‍ സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പില്‍വരുത്തുന്ന സ്വപ്‌നപദ്ധതിയാണ് എംപ്ലോയബിലിറ്റി സെന്ററുകള്‍. സംസ്ഥാനത്തെ 14 ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളും എംപ്ലോയബിലിറ്റി സെന്ററുകളായി മാറും. ആദ്യ ഘട്ടം എന്ന നിലയില്‍ എറണാകുളം, കൊല്ലം, കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്ററുകളാക്കി മാറ്റും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് നിര്‍വഹിക്കും. തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിക്കും.
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍ഡ് എക്‌സലന്‍സ് മുഖാന്തരമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ എംപ്ലോയബിലിറ്റി സെന്ററുകളാക്കി മാറ്റിതീര്‍ക്കുന്ന പ്രക്രിയ നടക്കുന്നത്.
കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പൂര്‍ണമായും എംപ്ലോയബിലിറ്റി സെന്ററുകളാക്കി പരിവര്‍ത്തനം ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നടപ്പുവര്‍ഷം തന്നെ എംപ്ലോയബിലിറ്റി സെന്ററുകളാക്കി മാറ്റും. എംപ്ലോയബിലിറ്റി സെന്ററുകള്‍ ആരംഭിച്ച ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ വൊക്കേഷനല്‍ ട്രെയിനിംഗ് പ്രോവൈഡേഴ്‌സായി പ്രഖ്യാപിച്ചിട്ടുണ്ട്.
തൊഴില്‍ നൈപുണ്യവും വൈദഗ്ധ്യവും നേടിയ യുവജനങ്ങളുടെ അഭാവം അര്‍ഹമായ തൊഴില്‍ നേടുന്നതിന് തടസ്സം നില്‍ക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. ഉയര്‍ന്ന വിദ്യാഭ്യാസത്തിന് പുറമെ വ്യക്തിത്വ വികസനത്തിനും ഭാഷാ നൈപുണ്യത്തിനും ആശയവിനിമയത്തിനും മുന്തിയ പരിഗണന നല്‍കി ഉദ്യോഗാര്‍ഥിയെ ഏത് തൊഴിലിനും സജ്ജരാക്കുക എന്നതാണ് എംപ്ലോയബിലിറ്റി സെന്ററുകള്‍കൊണ്ട് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest