Connect with us

Kerala

ചേര്‍ത്തലയില്‍ മയക്കുമരുന്നു വേട്ട; പോലീസ്‌കാരനടക്കം നാല് പേര്‍ പിടിയില്‍

Published

|

Last Updated

ചേര്‍ത്തല: ചേര്‍ത്തലയില്‍ വന്‍ മയക്കുമരുന്നുവേട്ടയില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം നാല് പേര്‍ പിടിയിലായി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. ഇവരില്‍ നിന്നും 103 ആംപ്യൂളുകളും സഞ്ചരിച്ചിരുന്ന ആഡംബര കാറും പിടിച്ചെടുത്തു. വയലാര്‍ നാഗംകുളങ്ങര മാധവ നിവാസില്‍ കാശിനാഥന്‍ (37), വയലാര്‍ കണ്ടത്തില്‍ നൈജുമോന്‍ (38), ആലപ്പുഴ ആര്യാട് തെക്ക് പുതുവല്‍വീട്ടില്‍ ആന്റണിയുടെ മകന്‍ അരുണ്‍ (19), കൊമ്മാടി മുറിയില്‍ കാട്ടുങ്കല്‍ അനീഷ് (33) എന്നിവരാണ് പിടിയിലായത്.

പ്രത്യേക എക്‌സൈസ് സ്‌ക്വാഡാണ് ചേര്‍ത്തല താലൂക്കാശുപത്രി വളപ്പില്‍ നിന്ന് സംഘത്തെ പിടികൂടിയത്. കൊച്ചി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ ഡപ്യൂട്ടേഷനില്‍ ജോലി നോക്കുന്ന കാശിനാഥന്‍ എറണാകുളം സിറ്റി എ ആര്‍ ക്യാമ്പിലെ പോലീസുകാരനാണ്. പ്രധാന കണ്ണിയായ ആറാട്ടുവഴി കാട്ടൂര്‍ സജിയാണ് ഓടി രക്ഷപ്പെട്ടതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ പ്രതികളെ പിടികൂടിയത്.
താലൂക്കാശുപത്രി വളപ്പില്‍ ആഡംബര കാറിലെത്തിയ സംഘം മോര്‍ച്ചറിക്കു സമീപം എത്തി മയക്കുമരുന്നു കൈമാറുമ്പോള്‍ മഫ്തിയിലുണ്ടായിരുന്ന എക്‌സൈസ് നാല് പേരെയും പിടികൂടുകയായിരുന്നു.
ഇവരില്‍ നിന്നും ലേബലുള്ള 71 ആംപ്യൂളുകളും ലേബല്‍ ഇല്ലാത്ത 32 ആംപ്യൂളുകളുമാണ് പിടിച്ചത്. ക്യാന്‍സര്‍ ബാധിച്ച് അവശനിലയില്‍ കഴിയുന്നവര്‍ക്ക് കൊടുക്കുന്ന ബ്യൂഫ്രിനോര്‍ഫ്രി എന്ന മയക്കു മരുന്നാണ് ഇത്. 17.50 രൂപ വിലയുള്ള മരുന്ന് 300 മുതല്‍ 500 രൂപ വരെ വാങ്ങിയാണ് സംഘം വില്‍ക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മൊത്തമായി എത്തിച്ചാണ് വില്‍പ്പന നടത്തുന്നത്.
നൈജുമോനും അനീഷ് ആന്റണിയുമാണ് മുഖ്യ ഇടനിലക്കാരെന്ന് അധികൃതര്‍ പറഞ്ഞു. ഇവരുമായാണ് പോലീസുകാരനായ കാശിനാഥന്‍ ബന്ധപ്പെടുന്നത്. കാശിനാഥന്‍ മയക്കുമരുന്നിന് അടിമകൂടിയാണ്. അതിരുകടന്ന ലഹരി ഉപയോഗത്താല്‍ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സ കഴിഞ്ഞ് ഇറങ്ങി പുതിയ വ്യാപാരം നടത്തുമ്പോഴാണ് പിടിയിലായത്.
കോട്ടയം കുറുപ്പന്‍തറ തേരാമ്പില്‍ കരോട്ടില്‍ ജെസി ടോമിയുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത കെ എല്‍ 36 ബി-9657 നമ്പര്‍ ഫോക്‌സ് വാഗണ്‍ കാര്‍.
കോട്ടയം മുട്ടുചിറയിലെ ടൈല്‍സ് വ്യാപാരശാലയിലെ ജീവനക്കാരനായ നൈജിമോന് സുഹൃത്ത് ടോമിയാണ് കാര്‍ വാടകക്ക് എടുത്തു നല്‍കിയത്.
താലൂക്കാശുപത്രിയിലാണ് ഇവര്‍ മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത്. സുരക്ഷിതമായതിനാലാണ് ആശുപത്രി പരിസരം തിരഞ്ഞെടുത്തിരുന്നത്.
കാട്ടൂര്‍ സജിയെ പിടികൂടിയാല്‍ മാത്രമേ ആംപ്യൂളുകളുടെ ഉറവിടം അറിയാനാകൂകുയുള്ളൂവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ ചേര്‍ത്തല എക്‌സൈസിനു കൈമാറി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Latest