സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതിപക്ഷം പ്രക്ഷോഭത്തിലേക്ക്‌

Posted on: May 6, 2013 2:04 pm | Last updated: May 6, 2013 at 2:04 pm
SHARE

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് വര്‍ഷം തികയുന്ന ഈ മാസം 18ന് എല്‍ ഡി എഫ് വഞ്ചനാ ദിനമായി ആചരിക്കും. കുടിവെള്ളം സ്വകാര്യവത്കരിക്കുന്നതിനും വൈദ്യുതി ചാര്‍ജ് വര്‍ധനക്കുമെതിരെ ഈ മാസം 27ന് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകള്‍ക്ക് മുമ്പിലും ധര്‍ണ നടത്താനും ഇന്നലെ ചേര്‍ന്ന എല്‍ ഡി എഫ് ഏകോപന സമിതി യോഗം തീരുമാനിച്ചു.

അതേസമയം, മുന്നണിയുടെ സമരങ്ങള്‍ക്ക് വേണ്ടത്ര ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്നും വിജയിക്കാത്ത സമരങ്ങളായി മാറുന്നുണ്ടെന്നും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. എന്നാല്‍, മുന്നണിയുടെ സമരവും ഘടകകക്ഷികളുടെ ക്യാമ്പയിനും ഒരുമിച്ച് വന്നത് കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ മാത്രമെയുള്ളൂവെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
സെക്രട്ടേറിയറ്റ് ധര്‍ണയില്‍ എം പിമാരും എം എല്‍ എമാരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. സി പി ഐ നേതാവ് കെ ഇ ഇസ്മയിലാണ് സമരങ്ങള്‍ പരാജയപ്പെടുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കൂടിയാലോചനകളില്ലാതെ സമരം നടത്തുന്നതും കൂട്ടായി പ്രവര്‍ത്തിക്കാത്തതുമാണ് വിജയം കാണാത്തതിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിമര്‍ശം ഉള്‍ക്കൊള്ളണമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. എല്‍ ഡി എഫിന്റെ ജില്ലാ കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാനും സംസ്ഥാന നേതാക്കള്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കാനും തീരുമാനിച്ചു. വഞ്ചനാദിനമായ 18ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രകടനം നടത്തും.
കുടിവെള്ളം സ്വകാര്യവത്കരിക്കുന്ന നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ ഇത് പരിഹരിക്കാതെ സ്വകാര്യവത്കരണനയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
വാട്ടര്‍ അതോറിറ്റി ആക്ടിന് വിരുദ്ധമായാണ് കമ്പനിവത്കരണത്തിനുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. വാട്ടര്‍ അതോറിറ്റി ബി പി എല്‍ വിഭാഗങ്ങള്‍ പത്ത് കിലോ ലിറ്റര്‍ വരെ സൗജന്യമായും പൊതു ടാപ്പുകളിലൂടെ 15 ലക്ഷം കുടുംബങ്ങള്‍ക്കും കുടിവെള്ളം നല്‍കുന്നുണ്ട്. പുതിയ കമ്പനി വരുന്നതോടെ ഇതിനെല്ലാം വില ഈടാക്കും.
വില നിര്‍ണയിക്കാനുള്ള അധികാരം റെഗുലേറ്ററി അതോറിറ്റിക്കാകും. സാധാരണക്കാര്‍ വന്‍വില നല്‍കുന്ന സാഹചര്യമുണ്ടാകും. എല്‍ ഡി എഫാണ് ഇങ്ങനെയൊരു തീരുമാനമെടുത്തെന്നത് തെറ്റായ പ്രചാരണമാണ്. വാട്ടര്‍ അതോറ്റിക്ക് കീഴില്‍ ബോട്ട്‌ലിംഗ് പ്ലാന്റ് തുടങ്ങാനാണ് എല്‍ ഡി എഫ് തീരുമാനിച്ചിരുന്നത്. ചവറയില്‍ പി വി സി പൈപ്പ് ഫാക്ടറി തുടങ്ങാനും നടപടിയെടുത്തു. എന്നാല്‍, ഇത് രണ്ടും ഇപ്പോള്‍ അട്ടിമറിച്ചിരിക്കുകയാണ്.
ചവറയില്‍ പി വി സി ഫാക്ടറി തുടങ്ങാന്‍ ഏറ്റെടുത്ത സ്ഥലത്ത് സ്വകാര്യസംരഭകരുമായി ചേര്‍ന്ന് തൊഴില്‍ വൈദഗ്ധ്യ പരിശീലന കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.
കരാര്‍ അനുസരിച്ച് തമിഴ്‌നാട്ടില്‍ നിന്ന് ലഭിക്കേണ്ട വെള്ളം പോലും നേടിയെടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. പി എ പി കരാര്‍ അനുസരിച്ച് ലഭിക്കേണ്ട വെള്ളം തമിഴ്‌നാട് നല്‍കാത്തതിനെതിരെ സുപ്രീം കോടതിയില്‍ പോകാന്‍ തീരുമാനിച്ചിട്ടും അത് ചെയ്തില്ല. കുറഞ്ഞവെള്ളം വിട്ടുനല്‍കാമെന്ന ധാരണയാണ് ഉണ്ടാക്കിയത്. പകരമായി ശിരുവാണിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം പമ്പ് ചെയ്യാന്‍ അനുമതിയും നല്‍കിയിരിക്കുന്നു.
വൈദ്യുതി നിരക്ക് ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയും വര്‍ധിപ്പിച്ചിരിക്കുകയാണ്. 40 യൂനിറ്റ് വരെയുള്ളവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയത് ഭീമമായ കൊള്ളയടിക്ക് മറയാക്കാന്‍ പറ്റില്ല. മഴക്കുറവ് നേരത്തെ മനസ്സിലാക്കിയിട്ടും കേന്ദ്രത്തില്‍ നിന്ന് അധികവൈദ്യുതി നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here