Connect with us

Kerala

ആയുധം കൈവശം വെക്കാന്‍ അനുമതി തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

Published

|

Last Updated

പാലക്കാട്: ആയുധം കൈവശം വെക്കാനുള്ള അനുമതി തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. വിവിധ ജില്ലകളിലായി അയ്യായിരത്തിലേറെ അപേക്ഷകളാണ് പുതുക്കാനായി കെട്ടിക്കിടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തോക്ക് ലൈസന്‍സിനു മാത്രം 653 അപേക്ഷകളാണ് ഉള്ളത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആയുധ ലൈസന്‍സിന് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. 820 ലൈസന്‍സുകളാണ് പുതുക്കി നല്‍കാനുള്ളത്.

വയനാട്ടില്‍ പുതിയ ലൈസന്‍സുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. തോക്ക് കൈവശം വെക്കാന്‍ അനുമതി തേടിയവര്‍ ഏറ്റവും കൂടുതലുള്ളത് കണ്ണൂരിലാണ്. 134 പേരാണ് ലൈസന്‍സിനായി അപേകഷ നല്‍കിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ വൈകുന്നതാണ് ലൈസന്‍സ് പുതുക്കി നല്‍കാന്‍ വൈകുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇത് തന്നെയാണ് തോക്ക് ഉപയോഗിക്കുന്നവരുടെ ലൈസന്‍സ് പുതുക്കാനും വൈകുന്നത്.
ഇടുക്കിയില്‍ 108 പേരും, എറണാകുളത്ത് 95 പേരും കാസര്‍കോട് 98 പേരുമാണ് തോക്ക് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി 33 പേര്‍ വീതവും കാത്തിരിക്കുന്നു. തോക്ക് ഉപയോഗിക്കുന്ന രാഷ്ട്രീയ പ്രമുഖരില്‍ പി സി ജോര്‍ജും പിണറായി വിജയനും ഉള്‍പ്പെടുന്നു.
മറ്റ് ചില രാഷ്ട്രീയ പ്രവര്‍ത്തകരും സ്വയരക്ഷക്ക് തോക്ക് ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ളവരാണ്. ജില്ലാ പോലീസ് മേധാവി, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍, തഹസീല്‍ദാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് ആയുധ ലൈസന്‍സ് പുതുക്കി നല്‍കുന്നത്.