കുഞ്ചന്‍ സ്മാരകം മലയാള സര്‍വ്വകലാശാല പഠന ഗവേഷണ കേന്ദ്രമാക്കും

Posted on: May 6, 2013 8:07 am | Last updated: May 6, 2013 at 8:07 am
SHARE

ഒറ്റപ്പാലം: കുഞ്ചന്‍ സ്മാരകം മലയാള സര്‍വ്വകലാശാലയുടെ പഠന ഗവേഷണ കേന്ദ്രമാക്കും. സര്‍വ്വകലാശാലയുമായി ആലോചിച്ച് അടുത്ത വാര്‍ഷികത്തിന് മുമ്പ് തീരുമാനം എടുക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു.
കിളളിക്കുറിശ്ശിമംഗലം കുഞ്ചന്‍ സ്മാരകത്തില്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കവിയുടെ തറവാട് നിലവിലുളള രീതിയില്‍ നിലനിര്‍ത്തി സംരക്ഷിക്കുന്നതിന് പുരാവസ്തു വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡയറക്ടര്‍ എട്ടാം തീയതി സ്മാരകം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും. മലയാളം ഒന്നാം ഭാഷയായി സര്‍ക്കാര്‍ അംഗീകരിച്ചു. പി എസ് സി മത്സര പരീക്ഷയില്‍ മലയാളം നിര്‍ബന്ധമാക്കി. മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി വേണമെന്ന ആവശ്യം കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉപസമിതി അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര ക്യാബിനറ്റിന്റെ പരിഗണനയിലുമാണ്.
ഇന്ത്യയിലെ നഗരങ്ങളില്‍ കൂടുതല്‍ മലയാളം പഠനകേന്ദ്രങ്ങള്‍ ആരംഭിച്ച് മറുനാടന്‍ മലയാളികള്‍ക്ക് മലയാളം പഠിക്കാന്‍ അവസരം ഉണ്ടാക്കും. മലയാള സാഹിത്യരംഗത്തെ തീര്‍ത്ഥാടന കേന്ദ്രമാക്കി കുഞ്ചന്‍ സ്മാരകത്തെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായി കെ ശ്രീവത്സന്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം കെ പി എസ് പയ്യനെടം, കുഞ്ചന്‍ അവാര്‍ഡ് ജേത്രി കേരളശ്ശേരി കെ വി പ്രഭാവതിയെ പരിചയപ്പെടുത്തി. സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കുഞ്ചന്‍ അവാര്‍ഡ് മന്ത്രി കെ സി ജോസഫ് സമ്മാനിച്ചു. നടനകൈരളി’ എന്ന പുസ്തകം കെ സി ജോസഫ് സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here