അണ്ടോണയില്‍ സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ വീണ്ടും ലീഗ് അക്രമം; അഞ്ച് പേര്‍ക്ക് പരുക്ക്‌

Posted on: May 6, 2013 8:01 am | Last updated: May 6, 2013 at 8:01 am
SHARE

താമരശ്ശേരി: സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ അണ്ടോണയില്‍ വീണ്ടും ലീഗ് അക്രമം. വിവിധ പ്രദേശങ്ങളില്‍ നിന്ന് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ നാല്‍പ്പതോളം പേരാണ് അക്രമം നടത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സാരമായി പരുക്കേറ്റ അണ്ടോണ അന്‍സാറുല്‍ ഉലൂം മദ്‌റസ സെക്രട്ടറിയും എസ് വൈ എസ് യൂനിറ്റ് വൈസ് പ്രസിഡന്റുമായ ടി എം അബ്ദുസ്സമദി (45)നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മഹല്ല് സെക്രട്ടറി പി കെ കുഞ്ഞിക്കോയ ഹാജി (60), സി എം മുഹമ്മദ് (58), പി കെ സല്‍മാന്‍ (23) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പി കെ ഹാഫിസിനെ പൂനൂര്‍ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
കുടുക്കിലുമ്മാരം, അരേറ്റകുന്ന് പ്രദേശങ്ങളില്‍ നിന്ന് മാരകായുധങ്ങളുമായെത്തിയ സംഘമാണ് അണ്ടോണ അങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്. ഗ്രീന്‍ സിറ്റിയായി പ്രഖ്യാപിച്ച അരേറ്റകുന്ന് ഭാഗത്ത് നേരത്തെ എസ് എസ് എഫ് സ്ഥാപിച്ച കൊടി നശിപ്പിക്കുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തിരുന്നു. എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് അക്രമികളെ രക്ഷിക്കുകയും സുന്നി പ്രവര്‍ത്തകരെ കേസില്‍ കുടുക്കുകയും ചെയ്തു. ഇതിന്റെ പിന്നാലെയാണ് സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടന്നത്.
സുന്നി പ്രവര്‍ത്തകര്‍ക്കു നേരെ നിരന്തരം അക്രമം അഴിച്ചുവിടുന്ന ലീഗ് ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ അധികൃതര്‍ തയ്യാറാകണമെന്ന് എസ് വൈ എസ് താമരശ്ശേരി സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു.