മാരക രോഗികളുടെ കുടുംബത്തിന് ബി പി എല്‍ കാര്‍ഡ് നല്‍കും: മുഖ്യമന്ത്രി

Posted on: May 6, 2013 7:51 am | Last updated: May 6, 2013 at 7:51 am
SHARE

നിലമ്പൂര്‍: ക്യാന്‍സര്‍, തളര്‍ന്ന് കിടക്കുന്നവര്‍, വൃക്ക രോഗം ബാധിച്ചവര്‍ എന്നിവരുടെ റേഷന്‍ കാര്‍ഡുകള്‍ മറ്റു പരിഗണന കൂടാതെ ബി പി എല്‍ കാര്‍ഡാക്കി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ജീവകാരുണ്യ സംരംഭമായ ‘ബാക്ക് ടു ലൈഫ് – സ്‌നേഹതീരം’ പദ്ധതിയുടെ കട്ടിടത്തിന്റെ ശിലാസ്ഥാപനം ചുങ്കത്തറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വരുമാന പരിധി പരിഗണിക്കാതെ സംസാര – ശ്രവണ വൈകല്യമുള്ള മുഴുവനാളുകള്‍ക്കും സഹായം നല്‍കും. പണമില്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിയും സംസാരിക്കാതിരിക്കില്ല. സംസാര – ശ്രവണ വൈകല്യം കണ്ടെത്തുന്നതിനുള്ള ഉപകരണം എല്ലാ താലൂക്ക് ആശുപത്രികളിലും സ്ഥാപിക്കും.
വൈദഗ്ധ്യമുള്ളവരുടെ സഹായത്തോടെ സ്പീച്ച് തെറാപ്പി പരിശീലനം നല്‍കും. പിന്നീട് അമ്മമാര്‍ക്ക് പരിശീലനം നല്‍കി കുട്ടികളെ സംസാരശേഷി ഉള്ളവരാക്കി മാറ്റും. മൂന്ന് വയസ്സിന് താഴെയുള്ളവരുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറിക്കാവശ്യമായ ചെലവ് സര്‍ക്കാര്‍ വഹിക്കും. കഴിഞ്ഞ വര്‍ഷം 200 കുട്ടികള്‍ക്ക് സര്‍ജറി നടത്തി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് തദ്ദേശ സഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തന പരിധിയില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജ – ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നട്ടെല്ലിന് ക്ഷതമേറ്റ് തളര്‍ന്ന് കിടക്കുന്ന രോഗികള്‍ക്കുളള ഫിസിയോതെറാപ്പി സെന്റര്‍, വ്യത്യസ്ത കഴിവുളളവര്‍ക്കായി ഡേ കെയര്‍ സെന്റര്‍, വൃദ്ധര്‍ക്കായി പകല്‍വീട്, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍ക്കുളള ലഹരിമുക്ത കേന്ദ്രം, വിധവകളുടെ ഉന്നമനം, വിവാഹപൂര്‍വ കൗണ്‍സലിംഗ് എന്നിവ നടത്തുന്നതിനായുളള കേന്ദ്രമായാണ് സ്‌നേഹതീരം വിഭാവനം ചെയ്തിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഭിന്നശേഷിയുളളവര്‍ക്കുളള സ്‌കൂട്ടര്‍ വിതരണം എം ഐ ഷാനവാസ് എം പി നിര്‍വഹിച്ചു. ഫിസിയോതെറാപ്പി ഉപകണം കൈമാറല്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദും തിരിച്ചറിയില്‍ കാര്‍ഡ് വിതരണം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലിയും നിര്‍വഹിച്ചു.
ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എച്ച് ഇഖ്ബാല്‍, സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ശൗക്കത്ത്, ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് സി ഡി സെബാസ്റ്റ്യന്‍, എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജയിംസ്, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് ഉസ്മാന്‍, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ജെ ലൂയിസ് ജോസഫ് സംസാരിച്ചു.