Connect with us

Sports

ഐ ലീഗ് പുതിയ സീസണില്‍ കേരളത്തില്‍ നിന്നുള്ള ടീം

Published

|

Last Updated

കൊച്ചി: കേരളം വീണ്ടും ഐ ലീഗില്‍ പന്ത് തട്ടാനൊരുങ്ങുന്നു. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരളത്തില്‍ നിന്നുള്ള പുതിയ ടീം 2013- 14 വര്‍ഷത്തെ ഐ ലീഗ് പോരാട്ടത്തിനൊരുങ്ങുന്നത്. കൊച്ചിയില്‍ നിന്നുള്ള ഈഗിള്‍സ് എഫ് സിയും തിരുവനന്തപുരം ആസ്ഥാനമായുള്ള ഐ എല്‍ എഫ് എസ് എന്ന റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പും 50 ശതമാനം ഓഹരികള്‍ പങ്കിട്ടാണ് ടീമിനെ ഒരുക്കുന്നത്. ടീമിന്റെ ആസ്ഥാനം കൊച്ചിയും ഹോം മത്സരങ്ങള്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി ഫുട്‌ബോള്‍ അക്കാദമി സ്റ്റേഡിയത്തിലുമായിരിക്കും നടക്കുക. 45,000ത്തോളം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
നേരിട്ട് പ്രവേശനം നല്‍കാനുള്ള ടെന്‍ഡറുകളില്‍ നിന്ന് മൂന്ന് ടീമുകള്‍ക്കാണ് അവസരം ലഭിച്ചത്. ഒന്ന് കേരളത്തിനും മറ്റൊന്ന് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഫ്രാഞ്ചൈസിക്കും ലഭിച്ചപ്പോള്‍ മൂന്നാമത്തെ ടീം ഡല്‍ഹിയില്‍ നിന്നോ ബംഗളൂരുവില്‍ നിന്നോ ആയിരിക്കും. നിലവില്‍ 14 ടീമുകളാണ് ഐ ലീഗില്‍ മാറ്റുരക്കുന്നത്. പുതിയ സീസണില്‍ ടീമിന്റെ എണ്ണം 16 ആക്കി ഉയര്‍ത്തിയതോടെയാണ് കേരളത്തിന് അവസരം കൈവന്നത്. ഐ ലീഗില്‍ ടീമുകളില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് മുന്‍തൂക്കം ലഭിച്ചതും കേരളത്തിന്റെ വഴികള്‍ സുഗമമാക്കി. ഈ മൂന്ന് ടീമുകളെ കൂടാതെ മേഘാലയയില്‍ നിന്നുള്ള രന്‍ഡജീത് യുനൈറ്റഡ്, കൊല്‍ക്കത്തയില്‍ നിന്നുള്ള മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ടീമുകളും പുതിയ സീസണില്‍ അണിനി രക്കും. ചരിത്രത്തിലാദ്യമായാണ് ആന്ധ്രപ്രദേശില്‍ നിന്നുള്ള ഒരു ടീം ഐ ലീഗിലെത്തുന്നത്. ഹൈദരാബാദ് ആസ്ഥാനമായാണ് ടീം രൂപവത്കരിച്ചിരിക്കുന്നത്. ജി എം ആര്‍ ഗ്രൂപ്പാണ് ഉടമസ്ഥര്‍. മൂന്നാമത്തെ ടീം ജെ എസ് ഡബ്ല്യു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതായിരിക്കും.
500 കോടി രൂപയുടെ ആസ്തി, മുടക്കുമുതലിന്റെ 30 ശതമാനം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും പുതിയ കളിക്കാരെ വാര്‍ത്തെടുക്കാനുമായി മാറ്റിവെക്കുക, 100 കോടി രൂപയുടെ ബേങ്ക് ഗ്യാരന്റി അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വന്തമായി സ്റ്റേഡിയം നിര്‍മിക്കുക തുടങ്ങിയ വ്യവസ്ഥകളാണ് പുതിയ ടീമുകള്‍ക്ക് നല്‍കിയിരിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് അധികാരമുണ്ടായിരിക്കും.
എഫ് സി കൊച്ചിന്‍, എസ് ബി ടി, വിവ കേരള (ചിരാഗ് യുനൈറ്റഡ്) ടീമുകളായിരുന്നു നേരത്തെ ഐ ലീഗിലെ കേരളത്തിന്റെ പ്രതിനിധികള്‍. 2011- 12 സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാനമായി ചിരാഗ് പുറത്തായതോടെ കേരളത്തിന്റെ പെരുമ കാക്കാന്‍ ആരുമില്ലാതെ പോയി.
പോയിന്റ് പട്ടികയില്‍ താഴെയുള്ള യുനൈറ്റഡ് സിക്കിം ഫുട്‌ബോള്‍ ക്ലബ്, എയര്‍ ഇന്ത്യ ടീമുകള്‍ അടുത്ത സീസണില്‍ ഉണ്ടാകില്ല. നിലവില്‍ ഒമ്പതാം സ്ഥാനത്തുള്ള ഒ എന്‍ ജി സി ക്ലബ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അവരുടെ സാധ്യതകളും അടഞ്ഞു. അതോടെയാണ് പുതിയ അഞ്ച് ടീമുകള്‍ക്ക് ലീഗിലേക്കുള്ള വാതില്‍ തുറന്നത്.
ഫഌഡ്‌ലൈറ്റിന് കീഴില്‍ രാത്രി മത്സരങ്ങളടക്കം ഫുട്‌ബോള്‍ പ്രേമികളെ ആകര്‍ഷിക്കാനായി നിരവധി പ്രത്യേകതകളുമായി, പുതിയ സീസണ്‍ അടിമുടി മാറ്റങ്ങളോടെയായിരിക്കും അവതരിക്കുക.

Latest