Connect with us

Articles

പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സി ബി ഐ

Published

|

Last Updated

രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐ എന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കല്‍ക്കരി കുംഭകോണത്തില്‍ സംശയത്തിന്റെ കരിനിഴല്‍ പുരണ്ട സി ബി ഐ, റെയില്‍വേ ബോര്‍ഡ് കോഴ പുറത്ത് കൊണ്ടുവന്നതിലൂടെ വിശ്വാസ്യത തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലുമാണ്.
കല്‍ക്കരി അഴിമതിയില്‍ നീതിപീഠത്തിന് മുന്നില്‍ ഇന്ന് പ്രതിസ്ഥാനത്താണ് സി ബി ഐ. അധികാരത്തിനൊപ്പമാണ് സി ബി ഐയുടെ സഞ്ചാരമെന്ന ആരോപണം നേരത്തെ മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നതാണെങ്കിലും ജനങ്ങള്‍ക്ക് സി ബി ഐയിലുള്ള വിശ്വാസം ഇന്നും നഷ്ടപ്പെട്ടിട്ടില്ല. ഒരു മികച്ച സ്വതന്ത്ര കുറ്റാന്വേഷണ ഏജന്‍സിയായി സി ബി ഐ നിലനില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍, പൊതുസമൂഹത്തിന്റെ കലവറയില്ലാത്ത ഈ പിന്തുണയെ സി ബി ഐയെ നയിക്കുന്നവര്‍ ചൂഷണം ചെയ്യുന്നുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് സമീപകാല സംഭവ വികാസങ്ങള്‍ പലതും.
കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിന് കീഴില്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സി ബി ഐയുടെ പ്രവര്‍ത്തനം. മുന്നൂറ് കോടി രുപയിലധികമാണ് ഒരു വര്‍ഷം സി ബി ഐയുടെ പ്രവര്‍ത്തനത്തിന് രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് നീക്കി വെക്കുന്നത്. മികച്ച കുറ്റാന്വേഷണ ഏജന്‍സിയെന്ന മേലൊപ്പ് സി ബി ഐക്ക് മുകളിലുണ്ടെങ്കിലും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു എന്നും ഈ ഏജന്‍സിയുടെ സഞ്ചാരം. കേന്ദ്രത്തില്‍ ഭരിക്കുന്നത് ആരോ അവര്‍ക്ക് അധികാരം നിലനിര്‍ത്താനും മുന്നില്‍ വരുന്ന തടസ്സങ്ങള്‍ നീക്കാനും മെയ്‌വഴക്കത്തോടെ ഉപയോഗപ്പെടുത്തിയ സ്ഥാപനം. ഈ ആരോപണം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. സി ബി ഐ രൂപം കൊണ്ട നാള്‍ മുതല്‍ കേട്ടുതുടങ്ങിയതാണിത്. അന്ന് മുതല്‍ കേള്‍ക്കുന്നതാണ് സി ബി ഐയെ സ്വതന്ത്രമാക്കണമെന്നും രാഷ്ട്രീയ മുക്തമാക്കണമെന്നുമുള്ള ആവശ്യം. ഇന്നും ഇത് ആവര്‍ത്തിക്കപ്പെട്ട്‌കൊണ്ടിരിക്കുന്നു. പ്രയോഗത്തില്‍ വന്നിട്ടില്ലെന്ന് മാത്രം.
ഡി എം കെ കേന്ദ്ര സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിന്റെ പിറ്റേ ദിവസം അഢംബര കാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്റ്റാലിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ കേന്ദ്രത്തിലെ അധികാരം നിലനിര്‍ത്താന്‍ ഉപയോഗപ്പെടുത്തിയപ്പോഴെല്ലാം മുഖ്യ ആയുധമായത് സി ബി ഐ അന്വേഷണങ്ങളായിരുന്നു. ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണവും മുലായംസിംഗ് യാദവും മായാവതിയും ഉള്‍പ്പെട്ട കേസുകളും ഇതിനുദാഹരണം. അഴിമതി കേസുകള്‍ പലതും മൂടിവെച്ചു. ശത്രുപാളയത്തെത്തിയപ്പോള്‍ പുറത്തെടുത്തു. ജനകീയനെന്നും അഴിമതിയുടെ കറപുരളാത്ത വ്യക്തിയെന്നും കോണ്‍ഗ്രസ് പലവട്ടം വിശേഷണം നല്‍കിയ മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ നിര്യാണ ശേഷം മകന്‍ മറ്റൊരു പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ ആ കുടുംബം തന്നെ അഴിമതിക്കേസില്‍ അകത്തായി.
കേന്ദ്രത്തില്‍ വിശ്വാസവോട്ട് തേടേണ്ടി വരുന്ന അവസരങ്ങളില്‍ സി ബി ഐയെ എണ്ണയിട്ട യന്ത്രം പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയത്. പ്രദേശിക, സംസ്ഥാന രാഷ്ട്രീയ കക്ഷികളെയെല്ലാം സി ബി ഐയെ കാട്ടി പേടിപ്പിക്കുകയായിരുന്നു പലപ്പോഴും.
കല്‍ക്കരി കുംഭകോണമാണ് ഏറ്റവുമൊടുവില്‍ സി ബി ഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ സംഭവം. കല്‍ക്കരിപ്പാടങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കിയതിലെ അഴിമതി സംബന്ധിച്ച അന്വേഷണത്തിനു പ്രത്യേക സംഘം വേണമെന്നും വഴിവിട്ട് വിതരണം ചെയ്ത ലൈസന്‍സുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെടുന്ന ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇതില്‍ അഴിമതി അന്വേഷിക്കുന്നത് സി ബി ഐയാണ്. അന്വേഷണത്തെക്കുറിച്ച് ഏപ്രില്‍ എട്ടിന് നല്‍കിയ രഹസ്യ സ്ഥിതി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം രാഷ്ട്രീയ ഭരണ നേതൃത്വവുമായി പങ്കുവെച്ചതല്ലെന്ന് സത്യവാങ്മൂലം നല്‍കാന്‍ സി ബി ഐ ഡയറക്ടറോട് കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ ഭരണ നേതൃത്വവുമായി റിപ്പോര്‍ട്ട് പങ്കുവെച്ചിട്ടില്ലെന്ന് സി ബി ഐക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവല്‍ ഏപ്രില്‍ 12ന് കോടതിയില്‍ തറപ്പിച്ചുപറയുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കി പ്രത്യേക സത്യവാങ്മൂലം നല്‍കാന്‍ സി ബി ഐ ഡയറക്ടറോടു കോടതി നിര്‍ദേശിച്ചതോടെ ഒളിപ്പിച്ച് വെച്ചതെല്ലാം പുറത്താകുകയായിരുന്നു.
കോടതിക്ക് നല്‍കും മുമ്പ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം കേന്ദ്ര നിയമ മന്ത്രിയുമായും പ്രധാനമന്ത്രിയുടെ ഓഫിസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഓരോ ജോയിന്റ് സെക്രട്ടറിമാരുമായും പങ്കുവെച്ചെന്ന് ഡയറക്ടര്‍ക്ക് കോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടിയും വന്നു.
സി ബി ഐയുടെ പ്രതിച്ഛായ ചില്ല്‌കൊട്ടാരം പോലെ തകര്‍ന്നടിയുന്നതായിരുന്നു ഡയറക്ടറുടെ സത്യവാങ്മൂലം. കേന്ദ്ര സര്‍ക്കാറിനെ അപ്പാടെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഡയറക്ടറുടെ വെളിപ്പെടുത്തല്‍. സി ബി ഐ മികച്ച രീതിയില്‍ അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് അട്ടിമറിക്കുകയായിരുന്നുവെന്ന് രാജ്യം തിരിച്ചറിഞ്ഞു. രാജ്യത്തെ നിയമസംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട നിയമമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തിരുത്തിയതെന്ന് കൂടി വ്യക്തമായതോടെ കാര്യങ്ങളെല്ലാം കൈവിട്ട് പോയി.
റിപ്പോര്‍ട്ട് നിയമ മന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതൃത്വവുമായി പങ്കുവെച്ച സി ബി ഐയുടെ നടപടി വിശ്വാസവഞ്ചനയാണെന്നാണ് രാജ്യത്തെ പരമോന്നത നീതി പീഠം വിലയിരുത്തിയത്. അന്വേഷണ ഏജന്‍സി തയ്യാറാക്കിയ തത്സ്ഥിതി റിപ്പോര്‍ട്ട് വിളിച്ചുവരുത്തി പരിശോധിക്കാന്‍ നിയമ മന്ത്രിക്ക് അവകാശമുണ്ടോയെന്ന് അറിയിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.
റിപ്പോര്‍ട്ട് തിരുത്തിയെന്ന് മാത്രമല്ല, രാഷ്ട്രീയനേതൃത്വത്തെ കാണിച്ചിരുന്നുവെന്ന വിവരം കോടതിയില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നു സി ബി ഐ. കല്‍ക്കരി പാടം റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ സി ബി ഐയുടെ സ്വതന്ത്ര അന്വേഷണത്തിന്റെ അടിത്തറ ഉലച്ചിരിക്കുകയാണെന്നാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് അഭിപ്രായപ്പെട്ടത്.
ഹവാല കേസുമായി ബന്ധപ്പെട്ട് 15 വര്‍ഷം മുമ്പ് സുപ്രീം കോടതി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സി ബി ഐക്ക് നിര്‍ദേശം നല്‍കിയതാണ്. ഇന്നും അത് പാലിക്കപ്പെടുന്നില്ലെന്ന് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലും ബാഹ്യ ഇടപെടലുകള്‍ പാടില്ലെന്നായിരുന്നു ഹവാലാ കേസില്‍ സുപ്രീം കോടതി അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്. “സി ബി ഐ കാര്യക്ഷമമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്നുവെന്നും നിഷ്പക്ഷ ഏജന്‍സിയായി കണക്കാക്കപ്പെടുന്നുവെന്നും ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്ന് വിനീത് നാരായണ്‍ കേസിലെ വിധിയില്‍ 15 വര്‍ഷം മുമ്പ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
കേസന്വേഷണത്തിന്റെ യജമാനന്‍ അന്വേഷണ ഏജന്‍സിയാണ്. മറിച്ച് ഭരിക്കുന്നവരല്ല. അതിനാല്‍ അന്വേഷണ ഘട്ടത്തില്‍ ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തില്‍നിന്ന് ഒരു നിര്‍ദേശവും സ്വീകരിക്കേണ്ടതില്ലെന്നും പലവട്ടം നീതിപീഠങ്ങള്‍ വ്യക്തമാക്കിയതാണ്. എന്നാല്‍, ഇതൊന്നും പാഠമാക്കുകയോ പകര്‍ത്തുകയോ ചെയ്യാന്‍ മാറി മാറി ഭരിച്ചവരൊന്നും തുനിഞ്ഞിട്ടില്ല.
ഏതായാലും ഈ അവസരം ഉപയോഗപ്പെടുത്താന്‍ സി ബി ഐ തയ്യാറാകണം. കൂടെ നില്‍ക്കാന്‍ കോടതിയും ജനങ്ങളുമുണ്ടാകും. സി ബി ഐയുടെ അന്വേഷണ നടപടികളില്‍ രാഷ്ട്രീയ മേലാളന്‍മാരുടെ ഇടപെടല്‍ അവസാനിപ്പിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കണം. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സി ബി ഐ ഒരു സ്വതന്ത്ര അന്വേഷണ സംവിധാനമായി പ്രവര്‍ത്തിക്കുന്ന പക്ഷം ഔദ്യോഗിക തലങ്ങളിലെ അഴിമതിക്കെതിരെ അത് ഏറ്റവും വലിയ ആയുധമാകും.
ബാഹ്യ സ്വാധീനങ്ങളില്‍നിന്ന് സി ബി ഐയെ രക്ഷിച്ച് അതിനെ സ്വതന്ത്രവും പ്രൊഫഷനലുമായ അന്വേഷണ ഏജന്‍സിയാക്കുക എന്ന ആവശ്യം ആവര്‍ത്തിച്ചത് കൊണ്ട് കാര്യമില്ല, ഭരണകൂടം ഇതിന് തയ്യാറാകുകയാണ് വേണ്ടത്. സി ബി ഐയെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഭരണകൂടത്തിന് സാധിക്കുന്ന വകുപ്പുകള്‍ ഇല്ലാതാക്കി സമ്പൂര്‍ണമായ സ്വയംഭരണം നല്‍കണം. അതിന് ചിട്ടവട്ടങ്ങളിലും മാന്വലിനും മാറ്റങ്ങളുണ്ടാക്കണം.
വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമ്പോഴും ധൈര്യപൂര്‍വം മുന്നോട്ടുപോകാന്‍ ഈ ഏജന്‍സിക്ക് കഴിവുണ്ടെന്നാണ് ബന്‍സലിന്റെ ബന്ധുവിനെ അകത്താക്കിയ സംഭവം. സൂക്ഷ്മമായ നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് അറസ്റ്റുണ്ടായത്. വൈദ്യുതീകരണ വിഭാഗത്തിന്റെ തലവനാകാന്‍ വേണ്ടി 10 കോടി രൂപ ഉറപ്പിച്ച് ഇതില്‍ രണ്ട് കോടി രൂപ കൈപ്പറ്റിയതിന് പവന്‍കുമാര്‍ ബന്‍സലിന്റെ അനന്തരവന്‍ വിജയ് സിംഗ്ല, കൈക്കൂലി നല്‍കിയതിന് റയില്‍വേ ബോര്‍ഡ് അംഗമായ മഹേഷ് കുമാര്‍ എന്നിവരെ വെള്ളിയാഴ്ച രാത്രിയാണു സി ബി ഐ അറസ്റ്റ് ചെയ്തത്. റയില്‍വേ ബോര്‍ഡില്‍ പ്രധാനപ്പെട്ടതും അനധികൃത സാമ്പത്തിക നേട്ടത്തിനു സാധ്യതയുമുള്ളതുമാണ് ഇലക്ട്രിക്കല്‍ വിഭാഗം. രണ്ടായിരം കോടി രൂപയുടെ റയില്‍വേ പദ്ധതികള്‍ക്ക് സമീപഭാവിയില്‍ അനുമതി നല്‍കേണ്ടതിന്റെ ചുമതലയുള്ള തസ്തികയാണിത് എന്നതുകൊണ്ടാണ് മഹേഷ്‌കുമാര്‍ ഈ പദവിയിലേക്ക് മാറാന്‍ പണം വാരിയെറിഞ്ഞത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
മുംബൈ കേന്ദ്രമായുള്ള പശ്ചിമ റയില്‍വേയുടെ ജനറല്‍ മാനേജരായിരുന്ന മഹേഷ്‌കുമാര്‍ വ്യാഴാഴ്ചയാണ് റയില്‍വേ ബോര്‍ഡ് അംഗമായി (സ്റ്റാഫ്) ചുമതലയേറ്റത്. അതിനുശേഷം ഡല്‍ഹിയില്‍ നിന്നു മടങ്ങവേ വെള്ളിയാഴ്ച വൈകീട്ട് മുംബൈ വിമാനത്താവളത്തില്‍ വെച്ച് സി ബി ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

vnr.kmb@gmail.com

 

Latest