സ്വന്തം ഗ്രൗണ്ടില്‍ അജയ്യരായി രാജസ്ഥാന്‍

Posted on: May 6, 2013 12:35 am | Last updated: May 6, 2013 at 12:35 am
SHARE
dravid
ദ്രാവിഡിന്റെ ബാറ്റിംഗ്‌

ജയ്പൂര്‍: സ്വന്തം തട്ടകത്തില്‍ രാജസ്ഥാന്റെ അജയ്യത തുടരുന്നു. ഐ പി എല്‍ ആറാം സീസണിന്റെ അമ്പതാം മാച്ചില്‍ അഞ്ച് വിക്കറ്റിനാണ് പൂനെ വോറിയേഴ്‌സിനെ രാജസ്ഥാന്‍ തോല്‍പ്പിച്ചത്. അത്യന്തം ആവേശകരമായ കളിയില്‍ പൂനെ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിയിരിക്കെ രാജസ്ഥാന്‍ മറികടന്നു.

ഉയര്‍ന്ന വിജയലക്ഷ്യം കണ്‍മുന്നില്‍ കണ്ടുകൊണ്ടുള്ള പക്വതയാര്‍ന്ന ബാറ്റിംഗാണ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും അജിന്‍ക്യ രഹാനെയും കാഴ്ചവെച്ചത്. ദ്രാവിഡ് 58 ഉം രഹാനെ 67 ഉം റണ്‍സെടുത്തു. ടീം സ്‌കോര്‍ 98 ലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് രാജസ്ഥാന് നഷ്ടമായത്. മാത്യൂസിന്റെ പന്തില്‍ മാര്‍ഷ് ദ്രാവിഡിനെ പിടികൂടുകയായിരുന്നു. 40 പന്തുകള്‍ നേരിട്ട ദ്രാവിഡ് ഒന്‍പത് ഫോറുകളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു 58 റണ്‍സെടുത്തത്. ദ്രാവിഡ് പുറത്തായ ശേഷവും രഹാനെ ഉജ്ജ്വല ഫോം തുടര്‍ന്നു. എന്നാല്‍ ദ്രാവിഡിന് പിന്നാലെ എത്തിയ ഷെയ്ന്‍ വാര്‍ട്‌സണ് കാര്യമായി ഒന്നും ചെയ്യാനായില്ല. അഞ്ച് റണ്‍സായിരുന്നു വാട്‌സണ്‍ നേടിയത്.

തുടര്‍ന്നിറങ്ങിയ സ്റ്റുവര്‍ട്ട് ബിന്നിയാണ് രാജസ്ഥാനെ വിജയത്തിലേക്ക് അടുപ്പിച്ചത്. ബിന്നി 13 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ രണ്ട് ഫോറടക്കം പത്ത് റണ്‍സ് നേടി. രാജസ്ഥാന് വേണ്ടി മറ്റൊരു മലയാളി താരം സച്ചിന്‍ ബേബിയും പ്ലെയിംഗ് ഇലവനിലുണ്ടായിരുന്നെങ്കിലും ബാറ്റിംഗിനിറങ്ങാന്‍ കഴിഞ്ഞില്ല. പൂനെയ്ക്ക് വേണ്ടി വെയ്ന്‍ പാര്‍ണല്‍ മൂന്നു വിക്കറ്റെടുത്തു.
റോബിന്‍ ഉത്തപ്പയുടെയും ആരോണ്‍ ഫിഞ്ചിന്റെയും ബാറ്റിംഗ് മികവിലായിരുന്നു പൂനെ 178 റണ്‍സെടുത്തത്. ഉത്തപ്പ 41 പന്തില്‍ നിന്ന് എട്ടു ഫോറും ഒരു സിക്‌സുമടക്കം 54 റണ്‍സ് നേടി. ഫിഞ്ച് 32 പന്തില്‍ നിന്ന് 45 റണ്‍സെടുത്തു. രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്.