Connect with us

Gulf

അഞ്ചില്‍ ഒരു കുടുംബം വിദ്യാഭ്യാസത്തിനായി ചെലവിടുന്നത് ശമ്പളത്തിന്റെ 30 ശതമാനം

Published

|

Last Updated

ദുബൈ: വിദ്യാഭ്യാസത്തിനുള്ള ചെലവ് കുത്തനെ ഉയരുന്നതായി ഏവരും ആശങ്കപ്പെടവേ യു എ ഇയില്‍ അഞ്ചില്‍ ഒരു കുടുംബം വീതം വിദ്യാഭ്യാസത്തിനായി ശമ്പളത്തിന്റെ 30 ശതമാനത്തോളം ചെലവിടുന്നതായി വെളിപ്പെടുത്തല്‍. ഓണ്‍ലൈന്‍ സൈറ്റായ വിച്ച്‌സ്‌കൂള്‍അഡ്‌വൈസര്‍.കോം പുറത്തുവിട്ട സര്‍വേ ഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യു എ ഇയിലെ ആദ്യ സ്‌കൂള്‍ മാര്‍ഗദര്‍ശി കൂടിയാണ് ഈ സൈറ്റ്. 62 ശതമാനം കുടുംബങ്ങളും സ്വന്തം ശമ്പളത്തില്‍ നിന്നാണ് കുട്ടികളുടെ വിദ്യഭ്യാസ ചെലവ് കണ്ടെത്തുന്നത്. 24 ശതമാനത്തിന് ചെലവിന്റെ ഒരു ഭാഗം കമ്പനികളില്‍ നിന്നും ലഭിക്കുന്നു. 13 ശതമാനത്തിന് മാത്രമാണ് കമ്പനികളില്‍ നിന്നും വിദ്യാഭ്യാസത്തിനുള്ള മുഴുവന്‍ ചെലവും ലഭിക്കുന്നത്. അഞ്ച് ആഴ്ചയോളം നീണ്ടുനിന്ന ഓണ്‍ലൈന്‍ സര്‍വേയിലൂടെയാണ് വിദ്യഭ്യാസ ചെലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെബ് സൈറ്റ് ശേഖരിച്ചത്.
596 പേരില്‍ നിന്നായി മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്തെ അഞ്ചാഴ്ചകളിലായിരുന്നു സര്‍വേയിലൂടെ വിവരം ശേഖരിച്ചത്. പ്രതികരിച്ച 596 പേരില്‍ 45 ശതമാനം രക്ഷിതാക്കളും അബുദാബിയില്‍ താമസിക്കുന്നവരാണ്. ദുബൈയില്‍ നിന്നുള്ളവര്‍ 43 ശതമാനവും ഷാര്‍ജയില്‍ നിന്നുള്ളവര്‍ എട്ടു ശതമാനവുമായിരുന്നു. ബാക്കി വരുന്നവര്‍ മറ്റ് നാല് എമിറേറ്റുകളിലെ താമസക്കാരായിരുന്നു.
സര്‍വേയില്‍ പ്രതികരിച്ച പ്രവാസികള്‍ വിദ്യഭ്യാസ ചെലവ് വര്‍ധിക്കുന്നതില്‍ ആശങ്കയുള്ളവരാണെന്ന് വ്യക്തമായതായി വിച്ച് അഡ്‌വൈസര്‍ ഡോട്ട് കോംമിന്റെ കോ-ഫൗണ്ടര്‍ ജെയിംസ് മുള്ളന്‍ വ്യക്തമാക്കി. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാന്‍ ഒരുങ്ങുന്ന രക്ഷിതാക്കള്‍ക്കായി ധാരാളം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സൈറ്റില്‍ നിന്നും ലഭിക്കും. ഇത് വിദ്യാലയങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ചു പേരില്‍ ഒരാള്‍ വീതം ശമ്പളത്തിന്റെ 30 ശതമാനത്തോളം കുട്ടികളുടെ വിദ്യഭ്യാസത്തിനായി ചെലവഴിക്കുന്നുണ്ട്. വിദ്യാലയത്തിന്റെ നിലവാരവും പാഠ്യപദ്ധതിയും അടിസ്ഥാനമാക്കി ചെലവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. ശമ്പളത്തിന്റെ പത്തു ശതമാനത്തോളമാണ് ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പഠനത്തിനായി ചെലവഴിക്കുന്നത്.
പ്രതികരിച്ചവരില്‍ 42 ശതമാനത്തോളം ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. 28 ശതമാനം പേരുടെ കുട്ടികള്‍ പഠിക്കുന്നത് ഇന്റെര്‍നാഷ്ണല്‍ ബക്കാലുറേറ്റ് പാഠ്യപദ്ധതിയിലാണ്. ബ്രിട്ടീഷ് പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളില്‍ കുട്ടികളെ അയക്കുന്നവര്‍ 25 ശതമാനവും അമേരിക്കന്‍ പാഠ്യപദ്ധതി പിന്തുടരുന്നവര്‍ 19 ശതമാനവുമാണ്.
അധ്യാപകരുടെ നിലവാരമാണ് രക്ഷിതാക്കള്‍ ആദ്യം നോക്കുന്നത്. പിന്നീട് മാത്രമേ പാഠ്യപദ്ധതിയെക്കുറിച്ച് അവര്‍ ചിന്തിക്കുന്നുള്ളൂ. 53 ശതമാനവും കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്നു. എന്നാല്‍ ഇവരില്‍ 22 ശതമാനം മാത്രമാണ് ഇത് പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
പരീക്ഷാ ഫലവും കുട്ടികള്‍ക്ക് ലഭിക്കുന്ന മാര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മൂന്നാമതായി മാത്രമാണ് രക്ഷിതാക്കള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Latest