Connect with us

Editorial

ചിട്ടിക്കമ്പനികളുടെ തട്ടിപ്പുകള്‍

Published

|

Last Updated

രാഷ്ട്രീയ സ്വാധീനവും പണത്തിന്റെ പളപളപ്പുമുണ്ടെങ്കില്‍ നമ്മുടെ രാജ്യത്ത് ഏത് നിയമവും ചട്ടങ്ങളും കാറ്റില്‍ പറത്തി വഞ്ചനകളുടെ പരമ്പരകള്‍ നടത്താനാകുമെന്ന് കുറച്ചുകാലമായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സഹാറ ഗ്രൂപ്പും പശ്ചിമബംഗാളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ശാരദാ ഗ്രൂപ്പ് ചിട്ടിക്കമ്പനിയുമെല്ലാം ചെയ്തുകൊണ്ടിരുന്നത് അതാണ്. സാമ്പത്തിക പരിഷ്‌കരണ നടപടികളും ഉദാരവത്കരണവും എല്ലാം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ കയറൂരിവിട്ടിരിക്കുകയാണ്. സഹാറ ഗ്രൂപ്പിന്റെ രണ്ട് സഹോദര സ്ഥാപനങ്ങളായ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷനും (എസ് ഐ ആര്‍ ഇ സി), സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനും(എസ് എച്ച് ഐ സി) ചേര്‍ന്ന് മൂന്ന് കോടിയിലേറെ നിക്ഷേപകരില്‍ നിന്ന് ചോര്‍ത്തിയത് 24,000 കോടി രൂപയാണ്. ശാരദാ ഗ്രൂപ്പ് വിവിധ നിക്ഷേപ പദ്ധതികളിലൂടെയും ചിട്ടികളിലൂടെയും പൊതുജനങ്ങളില്‍ നിന്ന് കൊള്ളയടിച്ചത് 20,000ത്തിനും 30,000ത്തിനും ഇടയില്‍ കോടിരൂപയാണ് എന്നാണ് കണക്ക്. സഹാറാ ഗ്രൂപ്പ് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നിട്ടും അത് പാലിക്കാതെ നിക്ഷേപകരെ വഞ്ചിക്കുകയാണ്. ശാരദാ ഗ്രൂപ്പാണെങ്കില്‍ ചിട്ടിക്കമ്പനി പൊട്ടിയതിന്റെ ഉത്തരവാദിത്വം പോലും ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നു. ഇതെല്ലാം കാരണം ഗതികിട്ടാതെ വലയുന്നത് നിക്ഷേപകരും കമ്പനിയുടെ പിരിവുകാരായ ഏജന്റുമാരുമാണ്. ചിട്ടിക്കമ്പനികളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും സംസ്ഥാന സര്‍ക്കാറിന്റെ മാത്രം ചുമതലയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ കേന്ദ്രത്തിനാണ് ഇതിനുള്ള ഉത്തരവാദിത്വമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. പാവപ്പെട്ട ജനങ്ങള്‍ ഇത്തരം വെട്ടിപ്പ് കമ്പനികളില്‍ ചെന്നുചാടുന്നത് കേന്ദ്ര നയ, നിലപാടുകള്‍ കൊണ്ടാണെന്ന് പറയാതെ വയ്യ.
കര്‍ഷകരുടെ നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതത്തില്‍ ഗ്രാമീണ ജനകോടികളാണ് ബഹുഭൂരിപക്ഷവും. രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ബാങ്കിംഗ് സംവിധാനം പരിമിതമാണ്. അതിനപ്പുറം ഗ്രാമീണര്‍ക്ക് ബേങ്കുകള്‍ അപ്രാപ്യവുമാണ്. സ്വാഭാവികമായും അവര്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളേയും കൊള്ളപ്പലിശക്കാരായ വ്യക്തികളേയുമാണ് ആശ്രയിക്കുന്നത്. രാജ്യത്തെ കര്‍ഷകസമൂഹത്തെ കടക്കെണിയില്‍ പെടുത്തുന്നതും രക്ഷയില്ലാതെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതിനും കാരണം മറ്റൊന്നുമല്ല. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര് തീരുമാനിക്കുമ്പോള്‍ ഈ ആനുകൂല്യം നേടിയെടുക്കുന്നത് യഥാര്‍ഥ കര്‍ഷകരല്ല, മറിച്ച് വന്‍കിട ഭൂവുടമകളാണ്. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ തന്നെ ഇക്കാര്യം വ്യക്തമായതാണ്. പോസ്റ്റ് ഓഫീസുകളിലെ ചെറുകിട നിക്ഷേപ പദ്ധതികളിലെ പലിശനിരക്ക് നിരന്തരം കേന്ദ്രം വെട്ടിച്ചുരുക്കുമ്പോള്‍ കൂടുതല്‍ വരുമാനവും ആദായവും മോഹിച്ച് പാവപ്പെട്ടവരും ഇടത്തരക്കാരും സ്വകാര്യ സ്ഥാപനങ്ങളേയും ഹുണ്ടികക്കാരേയും ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഒഴിഞ്ഞുമാറുന്നത് ഇത്തരക്കാര്‍ക്ക് തഴച്ചുവളരാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. സഹാറയും ശാരദയുമെല്ലാം ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.
സഹാറയുടെ മൂന്നു കോടിയിലേറെ നിക്ഷേപകരില്‍ നിന്നും അനധികൃതമായി പിരിച്ചെടുത്ത 24,000 കോടിരൂപ തിരിച്ചുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് 2012 ആഗസ്റ്റിലാണ്. പക്ഷെ ഇന്നുവരെ ഇതിന് കമ്പനി തയ്യാറായിട്ടില്ല. എന്നുമാത്രമല്ല, ഇപ്പോള്‍ വിവിധ കോടതികളില്‍ ഹരജി നല്‍കി പണം തിരിച്ചുനല്‍കുന്നതിനുള്ള പ്രക്രിയ വൈകിപ്പിക്കുകയുമാണ്. ശാരദ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുദീപ്‌തോ സെന്നാണെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് തനിക്ക് അറിവില്ലെന്ന നിലപാടിലാണ്. സംസ്ഥാന ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തണലില്‍ നിക്ഷേപ സാമ്രാജ്യം പടുത്തുയര്‍ത്തിയതിന്റെ അണിയറ കഥകള്‍ സി ബി ഐക്ക് നല്‍കിയ കത്തില്‍ സുദീപ്‌തോ സെന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തൃണമൂലാണെങ്കില്‍ ശാരദാ ഗ്രൂപ്പിനെ തുണച്ചത് സി പി എമ്മും കോണ്‍ഗ്രസുമാണെന്ന് ആരോപിച്ച് തടിരക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ചുരുക്കത്തില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളും കൊള്ളപ്പലിശക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി പ്രവര്‍ത്തിക്കുകയാണ്. ശാരദാ ഗ്രൂപ്പിന് സിനിമാ വ്യവസായത്തിലും മാധ്യമ മേഖലയിലും ഇടപാടുകളുണ്ട്. നിക്ഷേപകരില്‍ നിന്നും സ്വരൂപിക്കുന്ന തുകക്ക് 40 ശതമാനംവരെ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നുവെന്നിരിക്കെ നിക്ഷേപ പദ്ധതികളുടെ പൊള്ളത്തരം വ്യക്തമാകുന്നുണ്ട്. എന്നിട്ടും പാവങ്ങള്‍ അതില്‍ ചെന്ന് ചാടുന്നു. അസാധ്യമായ ഓഫറുകള്‍ നല്‍കുമ്പോള്‍ തന്നെ ഇതിന് പിന്നിലെ വഞ്ചന വ്യക്തമാണെന്നിരിക്കെ നടപടി എടുക്കാതിരിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച തുറന്നു കാട്ടുന്നതാണ്. ശാരദാ ഗ്രൂപ്പിലെ നിക്ഷേപകരുടെ പണം തിരിച്ചുനല്‍കുമെന്ന വാഗ്ദാനത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച 500 കോടിയുടെ നിധി എങ്ങനെ പ്രവര്‍ത്തിക്കുമെന്നും എന്ന് ലക്ഷ്യം നേടാനാകുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

Latest