Connect with us

Articles

രണ്ട് രാജ്യങ്ങള്‍; കുറേ ജയിലുകള്‍

Published

|

Last Updated

ലോകത്തിലെ എല്ലാ രാജ്യാതിര്‍ത്തികള്‍ക്കും അയഞ്ഞ ഘടനയാണ് ഉള്ളത്. അതിര്‍ത്തിയിലെ മനുഷ്യര്‍ പലപ്പോഴും രണ്ട് രാജ്യത്തുമല്ലാത്ത ഒരു തരം ദ്വന്ദ്വ പൗരത്വം അനുഭവിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും പോലെ ദീര്‍ഘകാലം ഒരുമിച്ച് കഴിഞ്ഞ ഭൂവിഭാഗങ്ങളാകുമ്പോള്‍ ഈ പ്രതിഭാസം കൂടുതല്‍ ശക്തമായി നിലനില്‍ക്കുന്നു. രാഷ്ട്രമായി ഇനിയും രൂപപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങളാണ് അവ. അവിടുത്തെ മനുഷ്യര്‍ കടലാസില്‍ ഇന്ത്യക്കാരനോ പാക്കിസ്ഥാന്‍കാരനോ ആകാം. ചില നേരങ്ങളില്‍ അവര്‍ ഈ “പരിമിതി” മറികടന്ന് അതിര്‍ത്തി രേഖകളെ അപ്രസക്തമാക്കുന്ന സഞ്ചാരങ്ങള്‍ നടത്തുന്നു. രാഷ്ട്രങ്ങളുടെ ആയുധങ്ങളായ സൈന്യത്തിന്റെയോ അര്‍ധസൈന്യത്തിന്റെയോ പരിഗണനകളില്‍ പലപ്പോഴും ഈ സഞ്ചാരങ്ങള്‍ കടന്നു വരുന്നില്ല. കാരണം അവരും മനുഷ്യരാണല്ലോ. അതിര്‍ത്തിയിലെ ജീവിതം അവര്‍ നേരില്‍ കാണുകയാണല്ലോ. പക്ഷേ ഭരണ നേതൃത്വം നില്‍ക്കുന്നത് രാഷ്ട്രബോധത്തിലാണ്. അത്‌കൊണ്ട് അതങ്ങനെ അനുവദിക്കാന്‍ പറ്റില്ലെന്ന കര്‍ത്തവ്യബോധത്തിലേക്ക് യൂനിഫോമണിഞ്ഞ മനുഷ്യരെ അവര്‍ ഉണര്‍ത്തുന്നു. അങ്ങനെ ഇന്ത്യന്‍ ജയിലുകളിലും പാക് ജയിലുകളിലും അതിര്‍ത്തിയിലെ ആട്ടിടയന്‍മാരും ചെറു കച്ചവടക്കാരും മീന്‍പിടിത്തക്കാരും മദ്യലഹരിയിലും ഭാര്യയോട് പിണങ്ങിയും അതിര്‍ത്തി കടന്നവരും നിറയുന്നു.

സരബ്ജിത്ത് സിംഗ് എന്ന തരന്‍തരന്‍കാരന്‍ എങ്ങനെ പാക് ജയിലിലെത്തിയന്നതിന്റെ ഏറ്റവും നിഷ്‌കളങ്കമായ വിശദീകരണമായി ഈ ആശയത്തെ പരിഗണിക്കാം. ബന്ധുക്കള്‍ പറയും പോലെ മദ്യലഹരിയില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നു പോയ മനുഷ്യനെന്ന് വിശ്വസിക്കാം. 1990 ആഗസ്റ്റ് 28നായിരുന്നു അത്. 2013 ഏപ്രില്‍ 28നാണ് സരബ്ജിത് ജയിലില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നത്. അന്ന് തന്നെ അദ്ദേഹം മരിച്ചുവെന്ന് വേണം കണക്കാക്കാന്‍. ഇതിനിടക്ക് ദശകങ്ങള്‍ കടന്നു പോയി. രണ്ട് ദശകങ്ങള്‍ പിന്നിട്ട നിയമ പോരാട്ടത്തിലേക്കും ഒടുവില്‍ നിശ്ചല ശരീരമായി അതിര്‍ത്തി കടന്നു വരുന്ന ദാരുണമായ അന്ത്യത്തിലേക്കും സരബ്ജിത്ത് അധഃപതിച്ചു. ബന്ധുക്കള്‍ പറയുന്നത് തെളിയിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ആണ്ടറുതുകളില്‍ പരസ്പരം മോചിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ സരബ്ജിത്തും ഉള്‍പ്പെടുമായിരുന്നു. പാക്കിസ്ഥാനിലെ നിയമ സംവിധാനം അടിമുടി പരിശോധിച്ചിട്ടും നിരന്തരം പുനപ്പരിശോധനക്ക് വിധേയമാക്കിയിട്ടും സരബ്ജിത്തിനുമേല്‍ ചുമത്തപ്പെട്ട ചാരക്കുറ്റവും സ്‌ഫോടന ഗൂഢാലോചന കുറ്റവും നീങ്ങിപ്പോയില്ലെന്നത് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സാധാരണ പൗരന്‍മാര്‍ക്കു മുന്നില്‍ ഒരിക്കലും അനാവരണം ചെയ്യപ്പെടാത്ത രാഷ്ട്രങ്ങളുടെ നിഗൂഢതയായി അവ അവശേഷിക്കും. അത്‌കൊണ്ട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയന്നതായിരിക്കും പൗരന്റെ ഉത്കണ്ഠകള്‍ക്കുള്ള ഒരേയൊരു ശമന ഔഷധം.
രണ്ട് ദശകങ്ങള്‍ ഇന്ത്യാ പാക് നയതന്ത്ര ചര്‍ച്ചകളിലെ പ്രധാന മെനുവായിരുന്നു സരബ്ജിത് സിംഗ്. ഇരുരാജ്യങ്ങളിലെയും മനുഷ്യാവകാശ സംഘടനകളും അഭിഭാഷകരും സരബ്ജിത്തിന്റെ മോചനത്തിന് വേണ്ടി ശക്തമായി രംഗത്ത് വന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹം മോചിതനാകുന്നുവെന്ന് വാര്‍ത്ത വന്നു. സുര്‍ജീത്ത് സിംഗ് എന്നയാളാണ് മോചിപ്പിക്കപ്പെടുന്നതെന്ന് പിന്നീട് തിരുത്തി. പിന്നെ കേട്ടത് വധശിക്ഷ നടപ്പാക്കാന്‍ പോകുന്നുവെന്നാണ്. അപ്പോഴേക്കും സര്‍ദാരി സര്‍ക്കാറിന്റെ സ്റ്റേ വന്നു. പാക് സുപ്രീം കോടതി സ്റ്റേ നീക്കിയെന്നാണ് ഒടുവില്‍ വന്ന വാര്‍ത്ത. വലിയ വലിയ നയതന്ത്ര സിംഹങ്ങള്‍ നിരന്തരം ഗര്‍ജിച്ചിട്ടും സരബ്ജിത്തിന്റെ നിരപാരാധിത്വം തെളിയിക്കാന്‍ ഇന്ത്യക്ക് സാധിക്കാതിരുന്നത് എന്ത്‌കൊണ്ട്? പാക്കിസ്ഥാനിലെ എല്ലാ സംവിധാനങ്ങളും സരബ്ജിത്തിന്റെ വധശിക്ഷ ശരിവെച്ചിട്ടും എന്തിന് അദ്ദേഹത്തെ ജീവിക്കാന്‍ വിട്ടു? അതീവ സുരക്ഷയുള്ള, തൂക്കുമരം കാത്തു കഴിയുന്ന ഒരു പ്രതിയെ കോട് ലഖ്പത് ജയിലില്‍ സഹതടവുകാര്‍ ആക്രമിക്കാനുള്ള പഴുത് എങ്ങനെ ഉണ്ടായി? മൃതദേഹത്തില്‍ നിന്ന് ആന്തരാവയവങ്ങള്‍ മുഴുവന്‍ എടുത്തു മാറ്റിയത് എന്തിന്? ഇതേ കോട്‌ലഖ്പത് ജയിലില്‍ ജനുവരിയില്‍ ചമല്‍ സിംഗ് എന്ന ഇന്ത്യക്കാരന്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ഇന്നത്തെ ബഹളം ഇല്ലാതിരുന്നത് എന്ത്‌കൊണ്ട്? ഇന്ത്യയിലെ എല്ലാ ജയിലുകളിലും പാക് തടവുകാര്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും ജമ്മുവില്‍ സനാഉല്ല ആക്രമിക്കപ്പെട്ടത് എങ്ങനെ?

afsal-guru

പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരു തിഹാര്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട ഏറ്റവും അകലം കുറഞ്ഞ ചരിത്രത്തിലേക്കെങ്കിലും പോയാലേ ഈ ചോദ്യങ്ങള്‍ക്കുള്ള പരിമിതമായ ഉത്തരമെങ്കിലും ലഭിക്കൂ. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ തന്നെ നല്ല നിലയില്‍ തുറന്ന് കാട്ടിക്കഴിഞ്ഞിട്ടുണ്ട്. ഒരു ജനാധിപത്യ രാഷ്ട്രവും കാണിക്കാത്ത ക്രൂരമായ വിവരക്കേടുകളാണ് സര്‍ക്കാര്‍ അഫ്‌സല്‍ ഗുരുവിനോട് ചെയ്തത്. ആരെയും അറിയിച്ചില്ല. ബന്ധുക്കളെപ്പോലും. മൃതദേഹം പോലും വിട്ട് നല്‍കിയില്ല. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കടുത്ത വിഷയദാരിദ്ര്യം കത്തി നില്‍ക്കുന്ന സംഘ് പരിവാര്‍ അഫ്‌സല്‍ ഗുരുവിനെ തെരുവുകളില്‍ ആനയിച്ച് വോട്ട് പിടിക്കുമെന്ന് കോണ്‍ഗ്രസിലെ രാഷ്ട്രീയ പണ്ഡിറ്റുകള്‍ ഭയപ്പെട്ടു. അഫ്‌സല്‍ ഗുരു ഒരു കുറ്റവാളിയെന്നതിലപ്പുറത്തേക്ക് എങ്ങനെ ഹിന്ദുത്വ ആയുധമാകുമെന്ന് ചിന്തിക്കാനോ അതിനെ പ്രത്യയ ശാസ്ത്രപരമായി വിശദീകരിക്കാനോ കെല്‍പ്പുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ഇല്ലാത്തതിനാല്‍ അവര്‍ സംഘ്പരിവാര്‍ ഉയര്‍ത്താനിടയുള്ള പ്രചാരണത്തെ മറികടക്കാന്‍ ഗുരുവിനെ അതീവരഹസ്യമായി വകവരുത്തി. പാര്‍ലിമെന്ററി മൂല്യങ്ങള്‍ക്ക് നേരെ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ബി ജെ പി പോലും അന്തം വിട്ടു പോയി. അവര്‍ തകര്‍ന്നു തരിപ്പണമായി. ഉച്ചത്തില്‍ സ്വാഗതം ചെയ്യുകയല്ലാതെ ഒരു വഴിയും അവര്‍ക്ക് മുന്നിലില്ലായിരുന്നു.
പാക്കിസ്ഥാനിലെ അതിദേശീയവാദികളും തീവ്രവാദ ഗ്രൂപ്പുകളും അജ്മല്‍ കസബിന്റെയും അഫ്‌സല്‍ ഗുരിവുന്റെയും വധശിക്ഷകളെ അതിവൈകൈരികമായാണ് ഉപയോഗിച്ചത്. മുംബൈ ആക്രമണവും പാര്‍ലിമെന്റ് ആക്രമണവും അവിടെ ഒരു വിഷയമേ അല്ലാതായി. കസബും ഗുരുവും അവിടുത്തെ തെരുവുകളില്‍ ചോരയൊലിപ്പിച്ച് നിന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ഥനകള്‍ നടന്നു. അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയതിലെ നീതികേടുകള്‍ ഇന്ത്യയില്‍ തന്നെ ചര്‍ച്ചയായപ്പോള്‍ പാക്കിസ്ഥാനിലെ നിലവിളികള്‍ക്ക് ശക്തിയേറി. ഒരു പൊതു തിരഞ്ഞെടുപ്പിലേക്ക് നടക്കുന്ന പാക്കിസ്ഥാനിലെ രാഷ്ട്രീയ, സിവിലിയന്‍ നേതൃത്വത്തിന് മറ്റ് വഴികളില്ലായിരുന്നു. ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഔദ്യോഗികമായി തന്നെ പ്രതികരിച്ചു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിലെ അപാകങ്ങള്‍ അദ്ദേഹം എണ്ണിയെണ്ണി ഉന്നയിച്ചു. സംഘ് പരിവാറിന്റെ രാഷ്ട്രീയ മുതലെടുപ്പിനെ മറികടക്കാന്‍ അഫ്‌സല്‍ ഗുരുവിനെ കഴുവേറ്റിയ മന്‍മോഹന്‍ സിംഗിന്റെ മറ്റൊരു പതിപ്പാണ് റഹ്മാന്‍ മാലിക്കില്‍ കണ്ടത്.
വേണമെങ്കില്‍ സരബ്ജിത്തിന്റെ വധശിക്ഷ നടപ്പാക്കി പാക് നേതൃത്വത്തിന് പ്രയോഗിക പ്രതികരണം നടത്താമായിരുന്നു. അന്താരാഷ്ട്ര വേദികളിലെ പഴി ഒഴിവാക്കാനും പക്വതയുള്ള രാഷ്ട്രമാണ് തങ്ങളുടേതെന്ന ഖ്യാതിക്കും വേണ്ടി പാക്കിസ്ഥാന്‍ അത് ചെയ്തില്ല. പക്ഷേ സിവിലിയന്‍ നേതൃത്വം നടത്തിയ രൂക്ഷമായ പ്രതികരണങ്ങള്‍ സരബ്ജിത്തിന്റെ എക്ട്രാ ജുഡീഷ്യല്‍ കൊലപാതകത്തിന് പച്ചക്കൊടി കാണിച്ചിരുന്നു. ആ പ്രതികരണങ്ങള്‍ അവരറിയാതെ ആഹ്വാനത്തിന്റെ രൂപം കൈവരിക്കുകയായിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന് വലിയ നിയന്ത്രണമില്ലാത്ത രാഷ്ട്രമായി പാക്കിസ്ഥാന്‍ ഒരിക്കല്‍ കൂടി അധഃപതിച്ചുവെന്നതാണ് സത്യം. ജീവനോടെയിരിക്കാന്‍ സിവിലിയന്‍ നേതൃത്വം തീരുമാനിച്ചപ്പോള്‍ സമാന്തരമായി പ്രവര്‍ത്തിക്കുന്ന അധികാര കേന്ദ്രങ്ങള്‍ മരണം വിധിച്ചു, നടപ്പാക്കി. സുര്‍ജീത് സിംഗ് മോചിതനായി ഇന്ത്യയിലെത്തിയപ്പോള്‍ താന്‍ ചാരനായിരുന്നുവെന്ന് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞത് ഈ വിധിക്കും നടപ്പാക്കലിനും വേഗം പകര്‍ന്നിരിക്കാം.
ഇനി ജമ്മു ജയിലില്‍ പാക് തടവുകാരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടതിലേക്ക് വരാം. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി 1990 ല്‍ സ്‌ഫോടനം നടത്തിയെന്നാരോപിക്കപ്പെടുന്ന പാക്കിസ്ഥാനിലെ ദാലുവാലി സ്വദേശി സനാഉല്ലയാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം അബോധാവസ്ഥയിലാണ്. സരബ്ജിത് ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്ത്യ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും പാക്കിസ്ഥാന്‍ സനാഉല്ലയുടെ കാര്യത്തിലും മുന്നോട്ട് വെക്കുന്നു. വിട്ടുകിട്ടണമെന്നതാണ് പ്രധാന ആവശ്യം. പാക്കിസ്ഥാന്‍ നിഷേധിച്ചപോലെ ഇന്ത്യയും ഈ ആവശ്യം തള്ളിക്കളഞ്ഞിരിക്കുന്നു. എല്ലാം തനിയാവര്‍ത്തനം.

pak_prisoner_PTI_295

നോക്കൂ. സനാഉല്ലയെ ആക്രമിക്കാനുള്ള പരോക്ഷ ആഹ്വാനം നല്‍കിയത് നമ്മുടെ പ്രധാനമന്ത്രി തന്നെയല്ലേ. സരബ്ജിത്തിനെ ധീരപുത്രനെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുകയും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും രാഷ്ട്രീയ നേതൃത്വം അദ്ദേഹത്തെ രക്തസാക്ഷിയാക്കുകയും മാധ്യമങ്ങള്‍ അത് ഏറ്റുപാടുകയും ചെയ്യുമ്പോള്‍ മറ്റെന്താണ് സംഭവിക്കുക. ഈ അതിവൈകാരികതയുടെ പശ്ചാത്തല സംഗീതമുള്ളപ്പോള്‍ ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന പാക് തടവുകാരന് മേല്‍ കൈവെക്കാന്‍ ഏത് ഇന്ത്യന്‍ കുറ്റവാളിക്കും ധൈര്യം ലഭിക്കും. കൊലപാതക കേസില്‍ പ്രതിയായ മുന്‍ സൈനികന്‍ സനാഉല്ലയെ ചുറ്റിക കൊണ്ട് അടിക്കുന്നത് ഈ ആഹ്വാനത്തിന്റെ ഊര്‍ജം ഉപയോഗിച്ചാണ്. സത്യം പറയണമല്ലോ. നിസ്സഹായതയില്‍ നിന്നാണ് മന്‍മോഹന്‍ സിംഗിന്റെ ധീരപുത്രന്‍ പ്രയോഗം ജനിക്കുന്നത്. സരബ്ജിത് ആക്രമിക്കപ്പെട്ട് കോമയില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി ഇങ്ങനെ രൂക്ഷമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യന്‍ സൈനികന്റെ തലയറുത്തപ്പോഴും എത്ര പതിഞ്ഞ നിലയിലാണ് അദ്ദേഹം സംസാരിച്ചത്. പക്ഷേ, സരബ്ജിത്തിന്റെ മൃതദേഹം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രഹരത്തെ അദ്ദഹം ഭയക്കുന്നു. അക്രമാസക്ത ദേശീയത കൊടുങ്കാറ്റായി രൂപാന്തരം പ്രാപിക്കുമ്പോള്‍ കുലുങ്ങാതെ നില്‍ക്കാന്‍ കെല്‍പ്പുള്ള കപ്പിത്താനല്ല അദ്ദേഹം. അത്തരം രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിത്തറ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമില്ല. അത്‌കൊണ്ട് ദേശീയതാ പാട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു. കൂട്ടത്തില്‍ കേമമായി മുഴങ്ങി മന്‍മോഹന്റെ സ്വരം.
സരബ്ജിത് ആക്രമിക്കപ്പെട്ടതിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാനുള്ള ഇന്ത്യയുടെ ധാര്‍മികമായ അവകാശം സനാഉല്ലക്ക് മേല്‍ പതിച്ച ചുറ്റിക നഷ്ടപ്പെടുത്തിയിരിക്കുന്നു. സരബ്ജിത്തിന്റെ കാര്യത്തില്‍ വേദന പങ്കുവെച്ച പാക് മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ സരബ്ജിത് ആരായിരുന്നുവെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാനില്‍ എന്ത് നടന്നുവെന്നുമുള്ള ചോദ്യം ഈ കോലാഹലങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുകയാണ്. ശാന്തമായ ആലോചനകളും അന്വേഷണങ്ങളും സന്ദേഹങ്ങളും കുഴിച്ചു മൂടിയാണ് അധികാര കേന്ദ്രങ്ങളെല്ലാം നിലനില്‍ക്കുന്നത്. പൗരന്‍മാരുടെ യഥാര്‍ഥ കാഴ്ചപ്പാടുകള്‍ ഒരു കാലത്തും പുറത്ത് കേള്‍ക്കരുതെന്ന് അധികാരികളും അധികാരികളാകാന്‍ പോകുന്നവരും കൊതിക്കുന്നു. അത്‌കൊണ്ട് ഇരു രാജ്യത്തെയും ജയിലുകളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാം. പാക്കിസ്ഥാനില്‍ ഈ മാസം 11ന് നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ ഇത് ഒരവസരമായി ഉപയോഗിച്ചേക്കാം. അതിര്‍ത്തികള്‍ കൂടുതല്‍ അശാന്തമായേക്കാം. എല്ലാ തരം മുതലെടുപ്പുകാര്‍ക്കും ഇത് കൊയ്ത്തുകാലമാണ്. നടക്കട്ടെ.
നമുക്ക് ആ പഴയ എസ് എം എസ് തമാശ ഓര്‍ത്തെടുക്കാം. മുംബൈ തെരുവില്‍ വനിതയെ ആക്രമിക്കാന്‍ തുനിഞ്ഞ നായയെ ഒരു യുവാവ് വകവരുത്തി. ചാനല്‍ റിപ്പോര്‍ട്ടര്‍ ഹെഡ്‌ലൈന്‍ എഴുതി: “യുവാവിന്റെ ധീരത യുവതിയെ രക്ഷിച്ചു”. പിന്നെ അറിഞ്ഞു നായയെ കൊന്ന് യുവതിയെ രക്ഷിച്ച ധീരന്‍ പാക്കിസ്ഥാന്‍ പൗരനായിരുന്നുവെന്ന്. അപ്പോള്‍ ഹെഡ്‌ലൈന്‍ ഇങ്ങനെ: പാവം ഇന്ത്യന്‍ നായയെ പാക് ഭീകരന്‍ ക്രൂരമായി കൊന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest