Connect with us

Kozhikode

ദേശീയപാത പുനരധിവാസ പാക്കേജ് മുന്‍കൂറായി പ്രഖ്യാപിക്കണം

Published

|

Last Updated

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പുനരധിവാസപാക്കേജ് മുന്‍കൂറായി പ്രഖ്യാപിച്ച് നടപ്പിലാക്കുന്നത് വരെ എല്ലാ തുടര്‍നടപടികളും നിര്‍ത്തിവെക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. സ്ഥലവും വീടും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്താതെ കുടിയൊഴിപ്പിക്കാനായി ലാന്‍ഡ് അക്വസിഷന്‍ ഓഫീസില്‍ രേഖാ പരിശോധന നടക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്ന് ജനപ്രതിനിധികളും വികസന സമിതി അംഗങ്ങളും ആവശ്യപ്പെട്ടു.
ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ 12 പഞ്ചായത്തുകളില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി തുടങ്ങിയതായി തഹസില്‍ദാര്‍ ടി ജനില്‍കുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വെള്ളം എടുക്കുന്ന ജലസ്രോതസിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്ന മുറക്ക് വെള്ളം എത്തിക്കുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. ദേശീയപാതയില്‍ കരിമ്പനപ്പാലത്ത് തകര്‍ന്ന കൈവരി നന്നാക്കാന്‍ നടപടിയെടുക്കും. വടകര നഗരത്തിലെ ഹോട്ടലുകളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ ഗണേഷ് വ്യക്തമാക്കി. കെ കെ ലതിക എം എല്‍ എ അധ്യക്ഷത വഹിച്ചു. ആര്‍ ഗോപാലന്‍, പ്രദീപ് ചോമ്പാല, പി കെ ഹബീബ്, സി കെ കരിം, ടി പി ബാലകൃഷ്ണന്‍, കോടോത്ത് അന്ത്രു സംബന്ധിച്ചു.

 

Latest